ഭരത്‌ഭൂഷനെതിരെ ഡല്‍ഹിയില്‍ പരാതി പ്രവാഹം; രഹസ്യാന്വേഷണം തുടങ്ങി; സംഗതി പുലിവാലായി

കേരള ചീഫ് സെക്രട്ടറി ഭരത്‌ഭൂഷനെതിരെ കേന്ദ്ര ഇന്റലിജന്‍സ് രഹസ്യാന്വേഷണം തുടങ്ങി. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണമാണ് അന്വേഷിക്കുക. ഉത്തര്‍പ്രദേശ് രഹസ്യാന്വേഷണ വിഭാഗത്തോട് ഭരത് ഭൂഷന് എതിരെ അവര്‍ കണ്ടെത്തിയ തെളിവുകള്‍ കൈമാറാന്‍ കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം ആവശ്യപ്പെട്ടുകഴിഞ്ഞു. ഇതിനിടെ കേന്ദ്രത്തിലേയ്‌ക്ക് കൂടുമാറാനും ഭരത്‌ഭൂഷന്‍ ശ്രമം തുടങ്ങി കഴിഞ്ഞു. എന്നാല്‍ ചീഫിനെ കേരളത്തില്‍ നിന്നും വെറുതെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നാണ് ഐ.എ.എസിലെ യുവതുര്‍ക്കികള്‍ പറയുന്നത്. നരേന്ദ്രമോദിയുമായി അടുപ്പം സൂക്ഷിക്കുന്ന കേരളത്തിലെ ചില ഐ.എ.എസുകാരാണ് ഭരത്‌ഭൂഷനെതിരെ വല വിരിച്ചത്. ഇവരെയൊക്കെ തിരഞ്ഞുപിടിച്ചാക്രമിക്കാന്‍ തുടങ്ങിയതോടെയാണ് കഷ്‌ടകാലം തുടങ്ങിയത്.
മന്‍മോഹന്‍ സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ് നേതൃത്വവുമായി ചേര്‍ന്ന് ഭരത്‌ഭൂഷന്‍ കോടികള്‍ സമ്പാദിച്ചെന്നാണ് ആരോപണം. ഡയറക്‌ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ ചുമതല വഹിക്കുന്ന കാലത്ത് വിവിധ സ്ഥലങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ സ്വത്ത് വാങ്ങി കൂട്ടിയെന്നാണ് പ്രധാന ആരോപണം. ചിലയിടങ്ങളില്‍ നടപ്പു വിലയെക്കാള്‍ കൂട്ടി ഭൂമി വാങ്ങി. എഴുപത് ലക്ഷത്തിലേറെ കൂടുതല്‍ നല്‍കിയാണ് ഈ ഇടപാട് നടന്നത്. എന്നാല്‍ ചീഫ് സെക്രട്ടറി സ്വത്ത് സംബന്ധമായി നല്‍കിയ രേഖകളിലൊന്നും തന്നെ ഇതിന്റെ വിശദാംശങ്ങളില്ല. കേന്ദ്രത്തില്‍ 80,000 രൂപ ശമ്പളത്തിന് ജോലി ചെയ്യുമ്പോള്‍ പ്രതിവര്‍ഷം 40 ലക്ഷം രൂപയ്‌ക്ക് മകളെ അമേരിക്കയില്‍ പഠിപ്പിച്ചതായി കേന്ദ്ര വിജിലന്‍സ് കമ്മീഷന് പരാതി ലഭിച്ചു. പരാതി കിട്ടിയത് കേരളത്തില്‍ നിന്നാണ്. അതും കഴിഞ്ഞ ദിവസം.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഉള്‍പ്പെടെ ഭരത്‌ഭൂഷനെതിരെ പരാതികളുടെ പ്രളയമാണ്. നോയിഡയിലും മറ്റും കോടികണക്കിന് രൂപയുടെ ഫ്‌ളാറ്റ് വാങ്ങിയതായുള്ള ഭരത് ഭൂഷന്റെ വെളിപ്പെടുത്തല്‍ ശരിയല്ലെന്നും കേന്ദ്ര വിജിലന്‍സ് കമ്മീഷന് പരാതി കിട്ടിയിട്ടുണ്ട്. ഭരത്‌ഭൂഷന്‍ പറയുന്ന സ്ഥലങ്ങളില്‍ രഹസ്യാന്വേഷണ വിഭാഗം തിരച്ചില്‍ നടത്തിയെങ്കിലും അവിടെയൊന്നും അദ്ദേഹം പറയുന്ന ഫ്‌ളാറ്റ് സമുച്ചയങ്ങളില്ല. ഇതിനര്‍ത്ഥം ഭരത്‌ഭൂഷന്‍ മനപൂര്‍വ്വം കള്ളം പറയുന്നു എന്ന് സംശയിക്കണം.
അതേസമയം ഐ.എ.എസുകാര്‍ തമ്മിലും അഭിപ്രായ വ്യത്യാസത്തെ തമ്മിലടിയായി വ്യാഖ്യാനിക്കരുതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖര്‍ ഐ.എ.എസുകാര്‍ക്കിടയില്‍ മധ്യസ്ഥ ചര്‍ച്ച നടത്തണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ മധ്യസ്ഥ ചര്‍ച്ചക്കൊന്നും ഐ.എ.എസുകാര്‍ തയ്യാറാകുമെന്ന് തോന്നുന്നില്ല. പകരം വഴക്ക് കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത.
കേരളത്തിലെ ഐ.എ.എസുകാരില്‍ നരേന്ദ്രമോദിയുമായി അടുപ്പം പുലര്‍ത്തുന്ന ഒരുകൂട്ടം ഉദ്യോഗസ്ഥരുണ്ട്. അവര്‍ ഭരത്‌ഭൂഷന്റെ ലീലാവിലാസങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ സമയാസമയം അറിയിക്കുന്നുണ്ട്. ഭരത്‌ഭൂഷനെ പിടികൂടി അതുവഴി സോണിയാഗാന്ധിയെ പിടിക്കാനാവുമോ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നോക്കുന്നത്. അതിനിടെ ഭരത്‌ഭൂഷന് കേന്ദ്ര സര്‍ക്കാര്‍ നിയമം നല്‍കാന്‍ സാധ്യതയില്ല. പകരം അന്വേഷണങ്ങള്‍ അദ്ദേഹത്തെ പൊറുതി മുട്ടിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha