എല്ലാം മുൻ കൂട്ടി കണ്ട് കാവ്യ; അറസ്റ്റിനെ ഭയന്ന് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്...

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസിൽ തന്നെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം നടത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് അഡ്വക്കേറ്റ് രാമൻപിള്ള വഴി ഉച്ചയോടെ കാവ്യ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. ദിലീപിന്റെ കേസ് വാദിക്കുന്നതും രാമൻ പിള്ളയാണ്.
കേസുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് കാവ്യ ജാമ്യാപേക്ഷയിൽ വ്യക്തമാക്കി. തന്നെ പ്രതിയാക്കാൻ പൊലീസ് ഗൂഢശ്രമം നടത്തുകയാണ്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് തന്നെ നേരത്തെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അറിയാവുന്ന കാര്യങ്ങൾ എല്ലാം പൊലീസിനോട് പറയുകയും ചെയ്തതാണ്. എന്നിട്ടും തന്നെ കേസിൽപെടുത്താൻ പൊലീസ് ഇപ്പോഴും ശ്രമിക്കുകയാണ്. കേസിലെ മുഖ്യപ്രതി പൾസർ സുനിയെ തനിക്ക് അറിയില്ല. മുൻപരിചയവുമില്ല.
എന്നിട്ടും പൾസർ തന്റെ ഡ്രൈവറാണെന്ന് വരുത്തി തീർക്കാൻ പൊലീസ് ശ്രമങ്ങൾ നടത്തുകയാണ്. കേസുമായി ബന്ധപ്പെട്ട് പൊലീസ് തന്നെ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്യുന്നുണ്ടെന്നും കാവ്യ ജാമ്യാപേക്ഷയിൽ ആരോപിച്ചു. അന്വേഷണത്തിന്റെ പേര് പറഞ്ഞ് പൊലീസ് തന്റെ ഓൺലൈൻ വ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ പലതവണ പരിശോധന നടത്തി. പരിശോധനയും പൊലീസിന്റെ നടപടികളും കാരണം താനും കുടുംബവും വല്ലാത്ത മനോവിഷമത്തിലാണ്.

കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ വാക്ക് മാത്രം വിശ്വസിച്ച് പൊലീസ് തന്നേയും കുടുംബത്തേയും കേസിൽപെടുത്തുകയാണ്. നിയമവിരുദ്ധ മാർഗങ്ങളാണ് പൊലീസ് സ്വീകരിക്കുന്നത്. പൊലീസിന്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രതിയാക്കുമെന്നാണ് ഭീഷണിയെന്നും കാവ്യ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് കാവ്യയെ ജൂലായിൽ ചോദ്യം ചെയ്തിരുന്നു. ദിലീപിന്റെ ആലുവയിലെ വസതിയായ പദ്മസരോവരത്തിലെത്തിയ എ.ഡി.ജി.പി: ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിച്ചശേഷം ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് മുഖ്യപ്രതിയായ പൾസർ സുനിയും കൂട്ടാളി വിജീഷും എന്തിന് കാക്കനാട് മാവേലിപുരത്തുള്ള കാവ്യയുടെ ഓൺലൈൻ ഷോപ്പായ ലക്ഷ്യയിലെത്തി എന്നാണ് കാവ്യയോട് അന്വേഷണ സംഘം ആരാഞ്ഞത്.

നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ഇവിടെ ഏൽപ്പിച്ചെന്നാണ് സുനി മൊഴി നൽകിയിരുന്നത്. ആക്രമിക്കപ്പെട്ട നടിയുമായി ബന്ധം പുലർത്തിയിരുന്ന കാവ്യ എന്തുകൊണ്ട് പിന്നീട് അകന്നു എന്നും അന്വേഷണ സംഘം ചോദിച്ചിരുന്നു. മഞ്ജു വാര്യരുമായി ദിലീപ് വിവാഹം മോചനം തേടാനുള്ള കാരണങ്ങളും അന്വേഷണസംഘം കാവ്യയോട് ചോദിച്ചിരുന്നു. എന്നാൽ, പൾസർ സുനിയെ അറിയില്ലെന്നായിരുന്നു കാവ്യയുടെ മറുപടി.
https://www.facebook.com/Malayalivartha























