ദേശീയപാതയോരത്തെ ചെറിയ വെള്ളച്ചാട്ടങ്ങളില്‍ ഇറങ്ങുന്നതിന് നിരോധനം

സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് വനംവകുപ്പ് ദേശീയപാതയോരത്തെ അപകടസാധ്യതയുള്ള വെള്ളച്ചാട്ടങ്ങള്‍ അടച്ചുകെട്ടി. നേര്യമംഗലം റേഞ്ച് ഓഫീസിനു കീഴിലെ ജീവനക്കാരാണ് മൂന്നുദിവസമായി ഇവിടത്തെ ചെറിയ വെള്ളച്ചാട്ടങ്ങളിലിറങ്ങുന്നതു തടഞ്ഞിരിക്കുന്നത്.
നേര്യമംഗലം മുതല്‍ വാളറവരെയുള്ള പ്രദേശത്ത് നിരവധി വെള്ളച്ചാട്ടങ്ങളുണ്ട്. എന്നാല്‍ ഇവിടെയൊന്നും യാതൊരു സുരക്ഷാസംവിധാനവും അധികാരികള്‍ ഒരുക്കിയിട്ടില്ല. എന്നാല്‍ യാതൊരു നിയന്ത്രണവുമില്ലാതെ സഞ്ചാരികള്‍ ഇവിടങ്ങളിലിറങ്ങി കുളിക്കുകയും മദ്യപിക്കുകയും ചെയ്യുന്നതു പതിവാണ്. ഇതു പലപ്പോഴും അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്.
ചീയപ്പാറ വെള്ളച്ചാട്ടത്തില്‍ സഞ്ചാരികള്‍ ഇറങ്ങുന്നുണ്ടെങ്കിലും വനംവകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. നേരത്തേ ഇവിടെ വേലികെട്ടിത്തിരിച്ചിരുന്നു. എന്നാല്‍ രാഷ്ടീയപ്പാര്‍ട്ടികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പിന്നീട് നീക്കി. നേര്യമംഗലം വനമേഖലയില്‍ നിരവധി വെള്ളച്ചാട്ടങ്ങളുണ്ട്. ചില സഞ്ചാരികള്‍ കുട്ടികളെയും സ്ത്രീകളെയും ഇവിടേക്കിറക്കുന്നുണ്ട്. ഇതു നിയന്ത്രിക്കാന്‍ സംവിധാനങ്ങളില്ല. ഇതു പലപ്പോഴും അപകടങ്ങള്‍ക്ക് വഴിവെയ്ക്കും.
വനസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ടൂറിസം മേഖലകളിലെ സഞ്ചാരികള്‍ക്ക് അടിസ്ഥാനസൗകര്യമൊരുക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചിരുന്നു. എന്നാല്‍ , വനംവകുപ്പ് ഇതിനെതിരായി നിലപാടു സ്വീകരിച്ചത് ഈ പദ്ധതി താളംതെറ്റാന്‍ കാരണമായി.
https://www.facebook.com/Malayalivartha





















