ഇത് മനഃപൂർവം കെട്ടിച്ചമച്ച കേസാണ്; അന്വേഷണസംഘം ഭീഷണിപ്പെടുത്തി തെളിവുകളുണ്ടാക്കുന്നു

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണസംഘം കൃത്രിമമായും ഭീഷണിപ്പെടുത്തിയുമാണ് തെളിവുകൾ സൃഷ്ടിക്കുന്നതെന്ന് നടൻ ദിലീപ്. ഈ കേസ് ശരിയായ രീതിയിലല്ല നടക്കുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി പുതിയ സംഘത്തെക്കൊണ്ടോ ക്രൈംബ്രാഞ്ചിനെക്കൊണ്ടോ കേസ് അന്വേഷിപ്പിക്കണമെന്നുംപറഞ്ഞ് ഡി.ജി.പി. ലോക്നാഥ് ബെഹ്റയ്ക്ക് ദിലീപ് ഉടൻ പരാതി നൽകും.
തന്നെ തേജോവധം ചെയ്യാന്‍ മനഃപൂര്‍വം കെട്ടിച്ചമച്ച കേസാണിതെന്നാണു ദിലീപിന്റെ വാദം. തനിക്കെതിരേ വീണ്ടും കള്ളക്കേസുകളുണ്ടാക്കി ജയിലിലടയ്ക്കാനുള്ള നീക്കമാണു പോലീസ് ആസൂത്രണം ചെയ്യുന്നത്. തന്റെ സിനിമാഭാവി എന്നെന്നേയ്ക്കുമായി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണിതിനു പിന്നില്‍. തന്റെ പുതിയ സിനിമ സൂപ്പര്‍ഹിറ്റായ സാഹചര്യത്തില്‍ ഭാവി തകര്‍ക്കുകയാണു ലക്ഷ്യം. താന്‍ നേരത്തേ ഡി.ജി.പിക്കു നല്‍കിയ കത്തില്‍ പറയുന്ന കാര്യങ്ങളൊന്നും ഇതുവരെ അന്വേഷിച്ചിട്ടില്ല. ആരൊക്കെയോ അന്വേഷണം വഴിതെറ്റിക്കുകയായിരുന്നു. പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ അന്നുതന്നെ വിവരം ഡി.ജി.പിയെ അറിയിച്ചിരുന്നു. പരാതി നല്‍കാന്‍ 20 ദിവസം വൈകിയെന്ന പോലീസ് നിലപാട് തെറ്റാണെന്നും കെട്ടുകഥകള്‍ ഉണ്ടാക്കുകയാണെന്നും പാതിയില്‍ ചൂണ്ടിക്കാട്ടും. തന്നെ പ്രതിയാക്കിയതിനും അറസ്റ്റ് ചെയ്തതിനും പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്.
സിനിമാരംഗത്തെ ചിലര്‍ രാഷ്ട്രീയ-മാധ്യമ പിന്തുണയോടുകൂടി വേട്ടയാടുകയായിരുന്നു. ഇക്കാര്യത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നാവും ദിലീപ് ആവശ്യപ്പെടുക. ഒന്നാംപ്രതി പള്‍സര്‍ സുനിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ദിലീപ് ആണയിടുന്നു. ചെയ്യാത്ത കുറ്റത്തിനാണു ക്രൂശിക്കപ്പെടുന്നത്. ഇത് അസഹനീയമാണ്. തനിക്കെതിരേ ഒരു തെളിവുമില്ല. ഒരേ ടവര്‍ ലൊക്കേഷനു കീഴിലുണ്ടായിരുന്നെന്ന പേരില്‍ സുനിയുമായിച്ചേര്‍ന്നു ഗൂഢാലോചന നടത്തിയെന്നു പറയാനാവില്ല. ടവര്‍ ലൊക്കേഷന്‍ മൂന്നുകിലോമീറ്റര്‍ ചുറ്റളവു വരെയാകാം. ഹോട്ടലില്‍ ഒരുമിച്ചുണ്ടായിരുന്നെന്നത് ഗൂഢാലോചനയ്ക്കുള്ള തെളിവാകില്ല.

പോലീസ് ഒമ്പത് ഫോണുകള്‍ കണ്ടെടുത്തെങ്കിലും അവയില്‍നിന്നൊന്നും തന്റെ കോള്‍ പോയതായി കണ്ടെത്താനായിട്ടില്ല. സാക്ഷികളെയുണ്ടാക്കാന്‍ പോലീസ് കഥ മെനയുകയാണ്. പള്‍സര്‍ സുനി ഒട്ടേറെ കേസുകളില്‍പ്പെട്ടയാളാണ്. ഒരു കള്ളന്റെ കുമ്പസാരം വിശ്വസിച്ചാണു പോലീസ് തന്നെ കുരിശിലേറ്റാന്‍ ശ്രമിക്കുന്നത്. സുനില്‍ ജയിലില്‍നിന്ന് എഴുതിയെന്നു പറയുന്ന കത്ത് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണ്. ഒന്നരക്കോടി വാഗ്ദാനം ചെയ്തുവെന്നാണു സുനില്‍ പറയുന്നത്. അതില്‍ സത്യമുണ്ടെങ്കില്‍ പണം കൊടുത്തു കേസ് ഒതുക്കാനല്ലേ ശ്രമിക്കുക. സംഭവത്തിലെ യാഥാര്‍ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ തന്റെ വാക്കുകള്‍കൂടി വിശ്വാസത്തിലെടുക്കണമെന്നും പരാതിയിലുന്നയിക്കും.

https://www.facebook.com/Malayalivartha























