കോട്ടയം ഭാരത് ആശുപത്രിയിൽ നിരാഹാരം കിടന്ന നഴ്സിനെ അറസ്റ്റ് ചെയ്തു

കോട്ടയം ഭാരത് ആശുപത്രിയിൽ പുറത്താക്കിയ ഒൻപത് നഴ്സുമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടു നിരാഹാരം കിടന്നിരുന്ന നഴ്സിനെ പോലീസ് അറസ്റ്റ് ചെയ്തു. മായ എന്ന നഴ്സിനെയാണ് അറസ്റ്റ് ചെയ്ത് നീക്കം ചെയ്തത്. മായയുടെ ആരോഗ്യനില വഷളായതിനെത്തുടർന്നാണ് അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ മറ്റൊരു നഴ്സ് നിരാഹാരം ആരംഭിച്ചു. സമരം ചെയ്ത 60 നഴ്സുമാരെ മാനേജ്‌മെന്റ് നേരത്തെ പിരിച്ചുവിട്ടിരുന്നു. സമരം 71 ദിവസം പിന്നിട്ടിട്ടും ഒത്തുതീർപ്പിന് ഭാരത് ആശുപത്രി മാനേജ്‌മെന്റ് വഴങ്ങാതെ വന്നതോടെയാണ് മായ നിരാഹാരം ആരംഭിച്ചത്. മരണം വരെ നിരാഹാരമിരിക്കാനായിരുന്നു മായയുടെ തീരുമാനം. എന്നാൽ നാലു ദിവസം പിന്നിട്ടപ്പോൾ ആരോഗ്യനില മോശമായതിനെതുടർന്നാണ് പോലീസെത്തി മായയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിച്ചത്.
കോട്ടയം ഭാരത് ആശുപത്രിയില്‍ സമരം നടത്തിവന്ന 60 നഴ്‌സുമാരെയാണ് മാനേജ്‌മെന്റ് പിരിച്ചുവിട്ടത്. യാതൊരു മുന്നറിയിപ്പുമില്ലാതെ ജോലിയില്‍ നിന്നും വിട്ടുനിന്നവരെയാണ് പിരിച്ചുവിട്ടതെന്നാണ് മാനേജ്‌മെന്റിന്റെ വാദം. ഒരു വര്‍ഷത്തെ കരാര്‍ അവസാനിച്ചതായും മാനേജ്‌മെന്റ് പറയുന്നു. എന്നാല്‍ മാനേജുമെന്റിന്റേത് പ്രതികാര നടപടിയാണെന്നും സമരം പരാജയപ്പെടുത്താനാണ് ആശുപത്രി അധികൃതര്‍ ശ്രമിക്കുന്നതെന്നും നഴ്‌സുമാര്‍ ആരോപിച്ചിരുന്നു.
ഭാരത് ഹോസ്പിറ്റലിലെ നഴ്സുമാർ അവർ അനുഭവിച്ച കഷ്ടപ്പാടുകൾ തുറന്നുപ്പറഞ്ഞിരുന്നു. കോട്ടയം ജില്ലയിലെ നഗരമധ്യത്തിലാണ് ഭാരത് ഹോസ്പിറ്റൽ. ഇവിടെ വൻ അഴിമതിയാണ് നടന്നത്. വസ്ത്രം മാറുന്ന മുറിയിൽപ്പോലും ഇവിടെ ഒളിക്യാമറ വച്ചിരിക്കുകയാണ്. ആശുപത്രിയിൽ ജോലിക്ക് കയറുമ്പോൾത്തന്നെ ശമ്പളം നൽകാനെന്നപ്പേരിൽ 100 രൂപയുടെ ബ്ലാങ്കായ മുദ്രപത്രവും അതിനോടൊപ്പം ഒപ്പിട്ട വെള്ളപേപ്പർ ആശുപത്രി അധികൃതർ വാങ്ങി വയ്ക്കും. ഇതിനെതിരെ പ്രതികരിച്ചതിന്റെപേരിൽ കുറച്ച് നഴ്സുമാരെ പുറത്താക്കുകയാണ് ചെയ്തത്. പുറത്താക്കിയ നഴ്സുമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സഹപ്രവർത്തകർ മാനേജ്മെന്റിന് നോട്ടീസ് നൽകിയതിന് ബാക്കിയുള്ള 60 പേരെയും പുറത്താക്കുകയായിരുന്നു.
ഇവർക്ക് ഒരു ദിവസം ലീവുപ്പോലും ഭാരത് ഹോസ്പിറ്റലിലെ മാനേജ്‌മന്റ് നൽകാറില്ല. സർക്കാർ ഇടപെട്ട് നഴ്സുമാരുടെ പ്രാഥമിക ശമ്പളം 20,000 രൂപയാക്കിയെങ്കിലും ഇത് പ്രാബല്യത്തിൽ വന്നിട്ടില്ല. ഇവിടെ നഴ്സുമാരുടെ ദിവസക്കൂലി 300 രൂപയാണ്. ഒരു ദിവസം ലീവ് എടുത്താൽ 1000 രൂപയാണ് ശമ്പളത്തിൽനിന്നും പിടിക്കുന്നത്. മാത്രമല്ല ഇവിടെ ഒരു നഴ്‌സുമാർക്കും സ്ഥിരനിയമനം നൽകിയിട്ടില്ല. എല്ലാവരെയും ദിവസക്കൂലിക്കാരായിട്ടാണ് ജോലിക്കെടുത്തിരിക്കുന്നത്. 12 മണിക്കൂർ ജോലി ചെയ്യുന്ന ഇവർ കൊണ്ട് വരുന്ന ആഹാരം കഴിക്കാൻ പറ്റാതെ തിരികെ കൊണ്ടുപോവുകയാണ് ചെയ്യുന്നത്.
കൂട്ടത്തിൽ നാലുമാസം ഗർഭിണിയായ ഒരു നേഴ്സ് ആഹാരം കഴിക്കാൻ പറ്റാത്തതുകൊണ്ട് 2 ആപ്പിൾ കഴിക്കാൻകൊണ്ടുവരുകയും ഇതറിഞ്ഞ ആശുപത്രിയിലെ നഴ്സിംഗ് സൂപ്പർവൈസർ മിനി ബിജുകുമാർ അവരുടെ ആപ്പിൾ പിടിച്ച് വാങ്ങി വഴക്ക് പറയുകയും ചെയ്തു. ഒടുവിൽ ഈ ഗർഭിണി വെള്ളംപ്പോലും കുടിക്കാതെ 12 മണിക്കൂർ ജോലി ചെയ്യേണ്ടിവന്നു. ഈ ആശുപത്രിയിലെ ഇത്തരത്തിലുള്ള അഴിമതിക്കെതിരെ പ്രതികരിച്ചതിന് 60 നഴ്സുമാരെയാണ് പിരിച്ച് വിട്ടത്.
https://www.facebook.com/Malayalivartha























