സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ശസ്‌ത്രക്രിയക്കിടയിൽ ഉണ്ടായ അശ്രദ്ധ; ഗൃഹനാഥന്‍ വേദന തിന്നതു മൂന്നുമാസം

കാലിലെ കമ്പി നീക്കാന്‍ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ശസ്‌ത്രക്രിയക്കിടെ അശ്രദ്ധയോടെ കോട്ടണ്‍തുണി തുന്നിച്ചേര്‍ത്തതിനാല്‍ ഗൃഹനാഥന്‍ വേദന തിന്നതു മൂന്നുമാസം. ആലപ്പുഴ വണ്ടാനം വൈശാഖത്തില്‍ എസ്. വസന്തദാസാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയുടെ പിഴവുകൊണ്ടു ദുരിതത്തിലായത്.
ഗുജറാത്തില്‍ സീ ഫുഡ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു വസന്തദാസ്. മൂന്നുവര്‍ഷം മുമ്പ് കണ്ടയ്‌നറില്‍നിന്നു വീണ് പരുക്കേറ്റതിനെത്തുടര്‍ന്ന് അഹമ്മദാബാദ് ആശുപത്രിയില്‍ ശസ്‌ത്രക്രിയ നടത്തി വസന്തദാസിന്റെ കാലില്‍ കമ്പിയിട്ടു. കഴിഞ്ഞ ജൂലൈ മൂന്നിന് ഈ കമ്പി നീക്കുന്നതിനായാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ശസ്‌ത്രക്രിയ നടത്തിയത്.
എന്നാല്‍ മുറിവ് ഭേദമാകാതെ നീരുണ്ടായതോടെ ആശുപത്രി അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ മാറിക്കൊള്ളുമെന്നായിരുന്നു മറുപടി. പിന്നീട് മുറിവില്‍ നിന്നു വെള്ളംവന്നു തുടങ്ങി. നടക്കാന്‍ കഴിയാതായതോടെ അടുത്തിടെ സമീപത്തുള്ള ഡോക്‌ടറെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാലിനുള്ളില്‍നിന്ന് ശസ്‌ത്രക്രിയയ്‌ക്ക് ഉപയോഗിച്ച കോട്ടണ്‍ ലഭിച്ചത്.
ഇതേക്കുറിച്ച് അറിയിച്ചെങ്കിലും ആശുപത്രി അധികൃതരില്‍നിന്നു നിരുത്തരവാദപരമായ മറുപടിയാണ് ലഭിച്ചതെന്ന് വസന്തകുമാര്‍ പറയുന്നു..

https://www.facebook.com/Malayalivartha























