കായല്‍ കൈയേറ്റം : തോമസ് ചാണ്ടി കുരുക്കിലേക്ക്, റിസോര്‍ട്ട് നിര്‍മാണത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നതായി ചൂണ്ടിക്കാട്ടി അനുപമ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി, ചാണ്ടി കായല്‍ കൈയേറിയതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് അനുപമ

ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ നില കൂടുതല്‍ പരുങ്ങലിലാക്കി, റിസോര്‍ട്ട് നിര്‍മാണത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നതായി ചൂണ്ടിക്കാട്ടി ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി.അനുപമ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. തോമസ് ചാണ്ടി കായല്‍ കൈയേറിയതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.
റിസോര്‍ട്ടിന്റെ ഭാഗമായി നിര്‍മിച്ചിരിക്കുന്ന പാര്‍ക്കിംഗ് ഏരിയയ്ക്ക് വേണ്ടിയാണ് കായല്‍ കൈയേറിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി മണ്ണിട്ട് ഭൂമി നികത്തി. 2014ന് ശേഷമാണ് ഭൂമി നികത്തല്‍ നടന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2008ലെ തണ്ണീര്‍ടത്തട സംരക്ഷണ നിയമം അനുസരിച്ച് അനുമതിയില്ലാതെ ഭൂമി മണ്ണിട്ട് നികത്തുന്നത് കുറ്റകരമാണ്. റിസോര്‍ട്ടിലേക്കുള്ള അപ്രോച്ച് റോഡും അനിധികൃതമായാണ് നിര്‍മിച്ചിരിക്കുന്നത്. റിസോര്‍ട്ടിന് സമീപത്തെ നീര്‍ച്ചാല്‍ അനുമതിയില്ലാതെ ഗതി തിരിച്ചുവിട്ടു. ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചതില്‍ നിന്നും നിലം നികത്തല്‍ വ്യക്തമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൈയേറ്റം കണ്ടെത്തിയതിനെ തുടര്‍ന്ന് വയല്‍ നികത്തിയത് പൂര്‍വസ്ഥിതിയിലാക്കാന്‍ അന്നത്തെ ജില്ലാ കളക്ടര്‍ പദ്കുമാര്‍ ആര്‍.ഡി.ഒയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഉത്തരവ് നടപ്പാക്കിയില്ല, 2014 നവംബര്‍ 12നാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം കളക്ടര്‍ ആര്‍.ഡി.ഒയ്ക്ക് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.
താന്‍ കായല്‍ കൈയ്യേറി റിസോര്‍ട്ട് നിര്‍മിച്ചിട്ടില്ലെന്ന് മന്ത്രി തോമസ് ചാണ്ടി ഇതിന് മുമ്പ് വ്യക്തമാക്കിയിരുന്നു. കരഭൂമിയായി തീറാധാരമുള്ള സ്ഥലമാണ് താന്‍ മണ്ണിട്ട് നികത്തിയത്. ആരെല്ലാം വിചാരിച്ചാലും താന്‍ ഭൂമി കൈയ്യേറിയെന്ന് തെളിയിക്കാനാവില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തനിക്കെതിരെ നടന്നത് ഗൂഢാലോചനയാണ്. തന്റെ വാദം കേള്‍ക്കാതെയാണ് ആലപ്പുഴ ജില്ലാ കലക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത്. തനിക്ക് മൂന്ന് ഏക്കര്‍ 10 സെന്റ് സ്ഥലമുണ്ട്.
അതില്‍ ഒരേക്കറിലേ നിര്‍മാണം നടത്തിയിട്ടുള്ളു. ആലപ്പുഴ മുന്‍സിപ്പാലിറ്റിയുടെ ഫയല്‍ സൂക്ഷിക്കേണ്ടത് തന്റെ ജോലിയല്ല. കെട്ടിടങ്ങളുടെ അനുമതി സംബന്ധിച്ച വിവാദത്തില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























