വളരെ പ്രതീക്ഷയോടെ മകളെ സ്‌കൂളിലേക്കയച്ചു; മിടുക്കിയായ മകള്‍ എസ്എസ്എല്‍സി നല്ല മാര്‍ക്കോടെ വിജയിക്കാന്‍ കാത്തിരുന്നു; പക്ഷെ...

കൊല്ലത്ത് ട്രിനിറ്റി ലൈസിയം സ്‌കൂളിന്റെ മൂന്നാംനിലയില്‍നിന്ന് ചാടിയ പത്താംക്ലാസുകാരിയുടെ മരണം ബന്ധുക്കളെ അമ്പരപ്പിച്ചിരിക്കുകയാണ്. പത്താം ക്ലാസുകാരിയുടെ മരണത്തില്‍ ദുരൂഹതയുമേറുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു കുട്ടിയുടെ അന്ത്യം. വെള്ളിയാഴ്ചയാണ് കുട്ടി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും എടുത്ത് ചാടിയത്. തലയ്ക്കും നട്ടെല്ലിനും പൊട്ടലേറ്റ കുട്ടിക്ക് ബോധം തിരിച്ചുകിട്ടിയിരുന്നില്ല. പതിനഞ്ചുകാരിയായ ഗൗരിയാണ് മരിച്ചത്...
സംഭവത്തില്‍ രണ്ട് അദ്ധ്യാപികമാരുടെ പേരില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സിന്ധു, ക്രെസന്റ് എന്നീ അദ്ധ്യാപികമാരുടെ പേരില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കുട്ടി മരിച്ചതോടെ ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ പൊലീസ് എടുക്കും. പെണ്‍കുട്ടിയുടെ പിതാവിന്റെ മൊഴി രേഖപ്പെടുത്തിയശേഷമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതത്. രണ്ട് അദ്ധ്യാപികമാരും കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് മൊഴി നല്‍കിയത്.
ഇതേസ്‌കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന ഇളയ സഹോദരിയെ ക്ലാസില്‍ സംസാരിച്ചതിന് ക്രെസന്റ് എന്ന അദ്ധ്യാപിക ആണ്‍കുട്ടികള്‍ക്കിടയില്‍ ഇരുത്തിയിരുന്നു. ഇത് വീട്ടില്‍ അറിയിച്ചതിനെത്തുടര്‍ന്ന് വീട്ടുകാര്‍ സ്‌കൂളിലെത്തുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. എന്നാല്‍ സമാന സംഭവം പിന്നീടുമുണ്ടായതോടെ അനിയത്തി ചേച്ചിയെ വിവരമറിയിച്ചു.
കുട്ടികള്‍ കളിയാക്കിയത് ചോദ്യംചെയ്യാനെത്തിയ പെണ്‍കുട്ടിയും അനിയത്തിയും, മറ്റുകുട്ടികളുമായി വാക്കുതര്‍ക്കമുണ്ടായി. ഇതേക്കുറിച്ച് അദ്ധ്യാപികമാര്‍ വിളിച്ച് വിവരം അന്വേഷിക്കുകയുമായിരുന്നു. അദ്ധ്യാപികമാര്‍ ചോദ്യംചെയ്തതിലുള്ള മനോവിഷമത്തിലാണ് കുട്ടി താഴേക്ക് ചാടിയതെന്നാണ് പിതാവ് പൊലീസിന് മൊഴി നല്‍കിയത്. അതുകൊണ്ട് തന്നെ അദ്ധ്യാപകര്‍ക്കെതിരെ പൊലീസ് ശക്തമായ നടപടിയെടുക്കേണ്ടി വരും. ആശുപത്രിയിലായ ശേഷം കുട്ടിയില്‍ നിന്നും കാര്യങ്ങള്‍ തിരിക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. അബോധാവസ്ഥയിലായിരുന്നു കുട്ടി.
https://www.facebook.com/Malayalivartha























