വില്ലേജ് ഓഫീസുകളും സ്മാര്‍ട്ടാകുന്നു, പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ആശ്വാസം

പൊതുജനങ്ങളെയും ജീവനക്കാരെയും ഏറെം ശ്വാസംമുട്ടിക്കുന്ന വില്ലേജ് ഓഫീസുകള്‍ വൈകാതെ സ്മാര്‍ട്ടായിത്തുടങ്ങും. സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും ആധുനികവത്കരിക്കും. അതിനുള്ള നടപടികള്‍ തുടങ്ങി. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്ത 14 വില്ലേജ് ഓഫീസുകളാണ് സ്മാര്‍ട്ടാക്കുന്നത്. നിര്‍മ്മിതി കേന്ദ്രത്തിനാണ് നിര്‍മ്മാണച്ചുമതല.
വില്ലേജ് ഓഫീസ് വഴിയുള്ള സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാകാന്‍ ഓണ്‍ലൈന്‍ സംവിധാനത്തിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കും. ഓരോ വില്ലേജ് ഓഫീസിലും 40 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്. ഇതിനുള്ള ഫണ്ട് അനുവദിച്ചു.
ഫ്രണ്ട് ഓഫീസ് സംവിധാനം, ടോക്കണ്‍ സമ്പ്രദായം, അപക്ഷേയുടെ വിവിധ ഘട്ടങ്ങള്‍ ഓണ്‍ലൈനിലൂടെ അറിയാനുള്ള ക്രമീകരണം, ഇല്‌ക്ട്രോണിക് ഡിസ്‌പ്ലെ ബോര്‍ഡ് എന്നിവയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ പ്രത്യേകത. വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് വിശ്രമിക്കാന്‍ കൂടുതല്‍ ഇരിപ്പിടം, ഓഫീസ് വളപ്പില്‍ പൂന്തോട്ടം, ശൗചാലയം, ഫയലുകള്‍ സൂക്ഷിക്കാന്‍ ഷെല്‍ഫുകള്‍, ചുറ്റുമതില്‍ എന്നിവയും ഒരുക്കും.
സംസ്ഥാനത്തെ പല വില്ലേജ് ഓഫീസുകളും ആദ്യകാലത്ത് നിര്‍മ്മിച്ച നിന്നുതിരിയാന്‍ ഇടമില്ലാത്ത കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. അവയിലേറെയും തകര്‍ന്നുവീഴാറായ നിലയിലുമാണ്. പലയിടങ്ങളിലും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യം പോലുമില്ല. എല്ലാ വര്‍ഷവും ബഡജ്റ്റില്‍ പണം നീക്കിവയ്ക്കാറുണ്ടെങ്കിലും വിരലിലെണ്ണാവുന്ന വില്ലേജ് ഓഫീസുകള്‍ മാത്രമാണ് അത് പ്രയോജനപ്പെടുത്താറുള്ളത്. ഇക്കുറി ബഡ്ജറ്റില്‍ വകയിരുത്തിയത് അഞ്ച് കോടി രൂപയാണ്. പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് പ്രത്യേക മേല്‍നോട്ടച്ചുമതലയും നല്‍കിയിട്ടുണ്ട്.
ആദ്യ ഘട്ടത്തില്‍ സ്മാര്‍ട്ടാകുന്ന വില്ലേജുകള്‍
ചെറുവയ്ക്കല്‍(തിരുവനന്തപുരം), ചണ്ണപ്പേട്ട(കൊല്ലം), വടക്കേമുറി(കോട്ടയം), കരമ്പാല(പത്തനംത്തിട്ട), പട്ടണക്കാട്(ആലപ്പുഴ), പെരിയാര്‍(ഇടുക്കി), മുളവൂര്‍(എറണാകുളം), പീച്ചി(തൃശ്ശൂര്‍), ഓങ്ങല്ലൂര്‍2(പാലക്കാട്), കോഴുക്കല്ലൂര്‍(കോഴിക്കോട്), മൂത്തേടം(മലപ്പുറം), കുപ്പാടി(വയനാട്), ചൊക്ലി(കണ്ണൂര്‍), ബേളൂര്‍(കാസര്‍ഗോഡ്)
https://www.facebook.com/Malayalivartha























