സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ പത്താംക്ലാസുകാരിയ്ക്ക് ചികിത്സ നല്‍കുന്നതിലും സ്‌കൂള്‍ അധികൃതര്‍ അലംഭാവം കാണിച്ചു; ട്രിനിറ്റി ലൈസിയം സ്‌കൂള്‍ പ്രതിരോധത്തില്‍

സ്‌കൂളിലെ കളിയാക്കലിനം തുടര്‍ന്ന് മനംനൊന്ത് ആത്മഹത്യ ചെയ്ത കൊല്ലം കോട്ടമുക്ക് ട്രിനിറ്റി ലൈസിയം ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി മരിച്ചത് വേണ്ടത്ര ചികിത്സ കിട്ടാതെയെന്ന് ആരോപണം. അതേസമയം ആരോപണ വിധേയരായ അധ്യാപികമാര്‍ ഒളിവിലാണെന്നാണ് പറയുന്നത്. കുട്ടി മരിച്ചതോടെ ആശുപത്രിക്കെതിരേയും അന്വേഷണം നടക്കും. ഇന്ന് രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടി മരിച്ചത്. സ്‌ക്കൂളിന്റെ മൂന്നാം നിലയില്‍ നിന്നും വീണു പരിക്കേറ്റ കുട്ടിയെ കൊല്ലം ബന്‍സിഗര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മതിയായ ചികില്‍സ നല്‍കിയില്ലെന്നാണ് പരാതി.
ഉച്ചയ്ക്ക് ഒരുമണിക്ക് സംഭവം ഉണ്ടായപ്പോള്‍ ഉടന്‍തന്നെ ഈ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഏഴുമണിക്കുറിന് ശേഷം സംഭവം വിവാദമായതോടെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മൂന്നുമണിക്കൂര്‍ മുമ്പേ എത്തിച്ചിരുന്നെങ്കില്‍ ചികില്‍സ കുറച്ചുകൂടി ഫലവത്തായേനെ എന്നാണ് തിരുവനന്തപുരത്തെ ആശുപത്രിയില്‍നിന്നും അറിഞ്ഞത്.
വെന്റിലേറ്റര്‍ സൗകര്യമില്ലാത്ത സാധാരണ ആംബുലന്‍സിലാണ് നട്ടെല്ല് പൊട്ടിയ കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. കൂടാതെ കുട്ടിയുടെ ആരോഗ്യനില ആശുപത്രി അധികൃതര്‍ ബന്ധുക്കളെ വേണ്ടരീതിയില്‍ അറിയിച്ചില്ലെന്നും പറയുന്നു. ഒരു സ്ഥിരം ന്യൂറോ സര്‍ജനില്ലാത്ത ബന്‍സിഗര്‍ ആശുപത്രിയില്‍, ഒരു കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്നും വീണ് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയുടെ ആരോഗ്യനില തീരെ നിസാരമായി കണ്ടു.
ഉച്ചയ്ക്ക് ഒന്നരക്ക് സംഭവം ഉണ്ടായ ഉടനെ പെണ്‍കുട്ടിയെ സ്‌കൂളുമായി ബന്ധമുള്ള ബന്‍സിഗര്‍ ആശുപത്രിയില്‍ എത്തിക്കുന്നു. എന്നാല്‍ വിവരം 2.40നാണ് രക്ഷകര്‍ത്താക്കളെ അറിയിക്കുന്നത്. ആശുപത്രിയിലെത്തിയ മാതാപിതാക്കളോട് തലയ്ക്ക് മാത്രമാണ് ക്ഷതമെന്നും ഇവിടെ ചികില്‍സിച്ചാല്‍ മതിയെന്നും ആശുപത്രി അധികൃതര്‍ നിര്‍ബന്ധം പിടിച്ചതാണ് കുട്ടിയുടെ ആരോഗ്യനില കൂടുതല്‍ പരിതാപകരമാക്കിയത്. ഇതിന് പിന്നില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്നു സംശയിച്ചാലും തെറ്റുപറയാനൊക്കില്ല. കാരണം ആശുപത്രിയും സ്‌കൂളും തമ്മില്‍ ബന്ധമുണ്ട്. വെന്റിലേറ്റര്‍ സൗകര്യമില്ലാത്ത സാധാരണ ആംബുലന്‍സിലാണ് നട്ടെല്ല് പൊട്ടിയ കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.
ആത്മഹത്യാശ്രമം നടത്തിയ കുട്ടിയെ ആണ്‍കുട്ടികള്‍ക്കൊപ്പമിരുത്തിയത് അറിഞ്ഞ് അന്വേക്ഷിക്കാനെത്തിയ അതേ സ്‌കൂളില്‍ പഠിക്കുന്ന മൂത്ത സഹോദരിയെ അദ്ധ്യാപിക വേദനിപ്പിക്കുന്ന രീതിയില്‍ ശകാരിച്ചതാണ് ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത്. അദ്ധ്യാപകരെ രക്ഷിക്കാനും സംഭവം ഒതുക്കി തീര്‍ക്കാനും സ്‌കൂള്‍ മാനേജ്‌മെന്റ് ശ്രമിച്ചിരുന്നു. സംഭവത്തില്‍ സിന്ധു, ക്രസന്റ് എന്നീ രണ്ടുഅദ്ധ്യാപികമാര്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.
ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെയും മുഖ്യഭരണകക്ഷിയിലെ പ്രമുഖരുടെയും ബന്ധുക്കള്‍ പഠിപ്പിക്കുന്ന സ്‌കൂളിനെതിരെ പരാതി വന്നാല്‍ അതു പുറത്തു വരില്ലെന്നാണ് മിക്ക രക്ഷകര്‍ത്താക്കളും പറയുന്നത്. ഈ സ്‌കൂളിനെതിരെ നേരത്തേയും നിരവധി തവണ പരാതി ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന അവശ്യം ഉയര്‍ന്ന് കഴിഞ്ഞു.
https://www.facebook.com/Malayalivartha























