നെയ്യാറില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട യുവാക്കളില്‍ രണ്ടാമന്റെ മൃതദേഹവും കണ്ടെത്തി

നെയ്യാറില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട യുവാക്കളില്‍ രണ്ടാമന്റെ മൃതദേഹവും കണ്ടെത്തി. കടയ്ക്കാവൂര്‍ കീഴാറ്റിങ്ങല്‍ എസ്.ആര്‍. ഭവനില്‍ ശശിധരന്‍ പിള്ളയുടെ മകന്‍ ആദര്‍ശിന്റെ (20) മൃതദേഹമാണ് നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ സംയുക്ത തെരച്ചിലില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറിനാരംഭിച്ച തെരച്ചില്‍ രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് അപകടമുണ്ടായ സ്ഥലത്തിന് തൊട്ടടുത്തുതന്നെ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞത്.
ആദര്‍ശിനൊപ്പം കുളിക്കാനിറങ്ങി കാണാതായ ആര്യനാട് ഇറവൂര്‍ തെക്കേകാലത്തറക്കല്‍ മുരുഗപ്പപ്പിള്ള ശിവകുമാരി ദമ്പതികളുടെ മകന്‍ മണികണ്ഠന്റെ (20) മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെ കള്ളിക്കാട് മൈലക്കരയ്ക്ക് സമീപത്തെ ആറാട്ടുകടവിലാണ് ഇവര്‍ ഒഴുക്കില്‍പ്പെട്ടത്. നെയ്യാര്‍ഡാമില്‍ മൈലക്കര ആറാട്ടുകടവില്‍ വാട്ടര്‍ ടാങ്കിനു സമീപത്താണ് ഇരുവരും കുളിക്കാനിറങ്ങിയത്.
ആര്യനാട്ട് ഒരു വിവാഹത്തില്‍ പങ്കെടുത്തശേഷം മൈലക്കരയിലെ സുഹൃത്ത് അനൂപിന്റെ വീട്ടിലെത്തി കുളിക്കാനായി കടവില്‍ ഇറങ്ങുകയായിരുന്നു. അനൂപും കൂടെയിറങ്ങി. മുന്നില്‍ പോവുകയായിരുന്ന ഇരുവരും കാല്‍ വഴുതി ആറ്റിലേക്ക് വീണു. അനൂപ് ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെയും ഫയര്‍ഫോഴ്‌സിനേയും വിവരം അറിയിക്കുകയായിരുന്നു.
ടെക്‌നോപാര്‍ക്ക് ജീവനക്കാരനായ ആദര്‍ശിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജയലക്ഷ്മി മാതാവും ആതിര സഹോദരിയുമാണ്.
https://www.facebook.com/Malayalivartha























