വിവാഹത്തിന്റെ തലേന്ന് മുല്ലപ്പൂവ് വാങ്ങണമെന്നുപ്പറഞ്ഞ് ഇറങ്ങി; പിന്നെ കേട്ടത് ഒളിച്ചോട്ടവാർത്ത; വേദനയോടെ ഒരമ്മ

വിവാഹത്തിന്റെ തലേന്ന് യുവതി കാമുകനൊപ്പം ഒളിച്ചോടിപ്പോയി. വള്ളിക്കുന്നം കാരാഴ്മ സ്വദേശിയായ 19കാരിയാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോടൊപ്പം ഒളിച്ചോടിയത്. കല്യാണത്തലേന്ന് രാവിലെ മുല്ലപ്പൂവ് വാങ്ങണമെന്നുംപ്പറഞ്ഞ് ഇറങ്ങിയതാണ് യുവതി. ഏറെ സമയം കഴിഞ്ഞിട്ടും യുവതി തിരികെയെത്തിയില്ല.
തുടർന്ന് യുവതിയുടെ മൊബൈലിൽ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. പിന്നീട് മുറി പരിശോധിച്ചപ്പോഴാണ് യുവതിയുടെ കത്ത് ലഭിക്കുന്നത്. താൻ ഇലിപ്പക്കുളം സ്വദേശിയുമായി പ്രണയത്തിലാണെന്നും അയാള്‍ക്കൊപ്പം പോവുകയാണെന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം. തുടർന്ന് യുവതിയുടെ അമ്മ പൊലീസില്‍ പരാതി നൽകുകയും പോലീസ് ഇരുവരെയും പിടികൂടുകയും ചെയ്തു.
വിവാഹം കഴിഞ്ഞ് ഏറെനാളായിട്ടും മക്കളില്ലാതെ വിഷമിച്ച ദമ്പതികൾ യുവതിയെ രണ്ടുമാസം പ്രായമുള്ളപ്പോഴാണ് ദത്തെടുത്ത് വളർത്തിയത്. ഭര്‍ത്താവ് മരിച്ച ശേഷം അര്‍ബുദ രോഗിയായ ഭാര്യയാണ് പെണ്‍കുട്ടിയെ വളര്‍ത്തിയത്. ആകെയുള്ള ഏഴ് സെന്റ് ഭൂമിയും വീടും വിറ്റുകിട്ടിയ പണം ഉപയോഗിച്ചായിരുന്നു വിവാഹ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്.
വീട് വിറ്റതിനാല്‍ വാടകവീട്ടിലായിരുന്നു വിവാഹ ചടങ്ങുകള്‍ ഒരുക്കിയത്. ഒളിച്ചോട്ട വിവരം അറിഞ്ഞ അമ്മയ്ക്ക് രോഗം അധികമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വള്ളിക്കുന്നം പൊലീസ് കണ്ടെത്തിയ യുവതിയെ കോടതിയില്‍ ഹാജരാക്കി വീട്ടിലേക്ക് അയക്കും. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. കഴിഞ്ഞ ഞായറാഴ്ച പ്രാക്കുളം സ്വദേശിയുമായി വിവാഹം നടക്കാനിരിക്കെയാണ് യുവതിയെ കാണാതായത്.
https://www.facebook.com/Malayalivartha























