ഇ.പി ജയരാജനോട് കാണിച്ചത് ക്രൂരത; മുഖ്യമന്ത്രി മൗനം വെടിയുന്നില്ല, ചാണ്ടി മുതലാളിയെ താങ്ങുന്നതെന്തിന്? അമര്‍ഷവുമായി കണ്ണൂര്‍ ലോബി

ബന്ധുവിനെ നിയമനക്കേസില്‍ രാജി ഒഴിവാക്കാമായിരുന്നിട്ടും ഇ.പി ജയരാജനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കുകയും നിരവധി നിയമലംഘനങ്ങള്‍ നടത്തിയ എന്‍.സി.പി മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുകയും ചെയ്യുന്ന സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നിലപാടില്‍ കണ്ണൂരിലെ ചില നേതാക്കള്‍ക്ക് അതൃപ്തി. ജയരാജനെതിരെ തിരക്കിട്ട് നടപടി എടുക്കുകയും ചാണ്ടിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി മൗനം തുടരുകയുമാണ്. എല്‍.ഡി.എഫിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു മണ്ണും ജലവും വൈവിധ്യവും സംരക്ഷിക്കുക എന്നത്. തോമസ് ചാണ്ടി അത് നഗ്നമായി ലംഘിച്ചെന്ന് മാധ്യമങ്ങള്‍ നടത്തിയ അന്വേഷണാത്മക റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.
പക്ഷെ, വേങ്ങര ഉപതെരഞ്ഞെടുപ്പ് അടുത്തതിനാല്‍ അന്ന് കണ്ണൂരിലേത് അടക്കമുള്ള ചില നേതാക്കള്‍ പ്രശ്‌നം പിന്നീട് ഉന്നയിക്കാമെന്ന് കരുതി. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. എന്നിട്ടും മുഖ്യമന്ത്രിയുടെയോ, മുന്നണിയുടെയോ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല. അതേസമയം തിടുക്കത്തില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ ഇ.പി ജയരാജനെതിരെയുള്ള വിജിലന്‍സ് കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തു. ഇതാണ് ഒരു വിഭാഗം നേതാക്കളെ ചൊടിപ്പിക്കുന്നത്. പാര്‍ട്ടിയുടെ ശക്തികേന്ദ്രം എന്ന് പറയുന്നത് കണ്ണൂര്‍ ജില്ലയാണ്. അവിടെയുള്ള ജയരാജനെ പുറത്താക്കിയതിലല്ല, നഗ്നമായ നിയമലംഘനം നടത്തിയ തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നതിലാണ് പ്രവര്‍ത്തകര്‍ക്കും അണികള്‍ക്കും അമര്‍ഷം.
അതേസമയം ഇ.പി ജയരാജന്റെ ബന്ധുവായ പി.കെ ശ്രീമതി ടീച്ചറുടെ മകന്‍ സുധീര്‍കുമാറിനെ പൊതുമേഖലാ സ്ഥാപനത്തിന്റെ എം.ഡിയായി നിയമിക്കരുതെന്ന മുഖ്യമന്ത്രിയുടെയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും വാക്ക് ഇ.പി കേള്‍ക്കാത്തതിനെ തുടര്‍ന്നാണ് വിവാദമുണ്ടായപ്പോള്‍ അദ്ദേഹത്തെ പുറത്താക്കിയതെന്ന് മറ്റ് ചില നേതാക്കള്‍ പറയുന്നു. അതൊരു താക്കീതായിരുന്നു. മന്ത്രിസഭാ പുന:സംഘടന വന്നാല്‍ ഇ.പി തിരിച്ചെത്താനുള്ള സാധ്യതയും അവര്‍ തള്ളിക്കളയുന്നില്ല. എന്നാല്‍ വിഷയത്തില്‍ പരസ്യപ്രതികരണം നടത്തരുതെന്ന് ജില്ലാ നേതൃത്വം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആലപ്പുഴയിലെ സി.പി.എമ്മുകാര്‍ക്കിടയിലും തോമസ് ചാണ്ടിക്കെതിരെ ശക്തമായ വികാരമാണുള്ളത്. എന്നാല്‍ നേതാക്കന്‍മാരില്‍ ഭൂരിപക്ഷവും ചാണ്ടിയുടെ സഹായങ്ങള്‍ പറ്റിയവരാണ്. അവര്‍ക്ക് അദ്ദേഹത്തെ തള്ളിക്കളയാനാവില്ല.
തോമസ് ചാണ്ടി ഭൂമി കയ്യേറിയതും കായല്‍ നികത്തിയതും അടക്കമുള്ള പല വാര്‍ത്തകളും മാധ്യമങ്ങളിലൂടെ വന്നതിന് പിന്നില്‍ ആലപ്പുഴയിലെ നല്ലവരായ സി.പി.എമ്മുകാര്‍ക്കും പങ്കുണ്ട്. തട്ടിപ്പുകള്‍ എങ്ങനെ, എവിടെയൊക്കെ നടന്നിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത് ഇവരാണ്. അതിന്റെ തെളിവുകള്‍ ശേഖരിച്ചാണ് തുടര്‍ച്ചയായി വാര്‍ത്തകള്‍ വന്നത്.
https://www.facebook.com/Malayalivartha























