തന്ത്രിമാര്‍ വിരുദ്ധ നിലപാടുമായി രംഗത്ത്; ആനകളെ എഴുന്നെള്ളിപ്പിക്കുന്നത് ആചാരങ്ങളുടെ ഭാഗമല്ല

ആനകളെ ദേവതവിഗ്രഹം എഴുന്നള്ളിക്കാനുള്ള വാഹനമായി ഉപയോഗിക്കാമെന്ന് 'തന്ത്രസമുച്ചയം'അടക്കമുള്ള താന്ത്രിക ഗ്രന്ഥങ്ങളിലോ മറ്റ് പ്രാമാണിക ഗ്രന്ഥങ്ങളിലോ പറയുന്നില്ലെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലെ തന്ത്രിമാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി തന്ത്രിമാര്‍ ബോര്‍ഡിന് കത്ത് നല്‍കി. ആനയെഴുന്നള്ളിപ്പ് ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാണെന്ന വാദം ഒരു കൂട്ടര്‍ ഉന്നയിക്കുമ്പോഴാണ് വിരുദ്ധ നിലപാടുമായി തന്ത്രിമാര്‍ രംഗത്തു വരുന്നത്.
ആനകളെ ഇത്തരത്തില്‍ ഉപയോഗിക്കുന്നതിനോട് തങ്ങള്‍ക്ക് യോജിപ്പില്ലെന്നും ഇക്കാര്യത്തില്‍ യുക്തമായ തീരുമാനം ദേവസ്വം ബോര്‍ഡിന് എടുക്കാമെന്നും അവര്‍ കത്തില്‍ വ്യക്തമാക്കി. ആനപ്പുറത്ത് ദേവവിഗ്രഹം എഴുന്നള്ളിക്കുന്നത് പ്രാമാണിക ഗ്രന്ഥങ്ങളില്‍ പരാമര്‍ശം പോലും കണ്ടില്ലെന്ന് കൊടുങ്ങല്ലൂര്‍ ശൃംഗപുരം ദേവസ്വം തന്ത്രി പൂപ്പാതി താമരശ്ശേരി മേക്കാട്ടുമന ടി. ശങ്കരന്‍ നമ്പൂതിരിപ്പാട് പറയുന്നു.
താന്ത്രിക ഗ്രന്ഥങ്ങളില്‍ രഥങ്ങളിലോ മേല്‍ശാന്തിയുടെ കൈകളിലോ അല്ലെങ്കില്‍ ഗരുഡവാഹനം പോലുള്ള വാഹനങ്ങളിലോ ആവാമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ആന എഴുന്നള്ളിപ്പില്‍ നിയന്ത്രണം വേണമെന്നാണ് തൃശൂര്‍ പൂരത്തിന്റെ മുഖ്യ പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളുടെയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള വടക്കുംനാഥന്‍ ക്ഷേത്രത്തിലെയും തന്ത്രി പുലിയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരി അറിയിച്ചത്.
ആനയെഴുന്നള്ളിപ്പ് കേസില്‍ സുപ്രീംകോടതി കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനോട് അഭിപ്രായം തേടിയതിനെതുടര്‍ന്നാണ് തന്ത്രിമാരെ സമീപിച്ചത്. നാനൂറിലധികം ക്ഷേത്രങ്ങളുള്ള കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് 24 തന്ത്രിമാരുണ്ട്. ഓരോരുത്തരും പ്രത്യേകം കത്ത് തയാറാക്കി നല്‍കി. ആനപ്പുറത്തിരിക്കുന്ന ദേവവിഗ്രഹത്തില്‍ ഭക്തരുടെ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നുപറഞ്ഞ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ പടിഞ്ഞാറ് മന പത്മനാഭന്‍ നമ്പൂതിരിപ്പാട് മാത്രമാണ് വ്യത്യസ്തമായ അഭിപ്രായം രേഖപ്പെടുത്തിയത്.20ന് സുപ്രീംകോടതി കേരളത്തിലെ ആനയെഴുന്നള്ളിപ്പ് കേസ് പരിഗണിക്കും.
https://www.facebook.com/Malayalivartha


























