ഓഖി ദുരിതബാധിതരെ നേരിട്ടുകാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പൂന്തുറയില്‍; ഉറ്റവരെ കാത്ത് കണ്ണീരോടെ കുടുംബാംഗങ്ങള്‍, ഇനിയും തിരിച്ചെത്താന്‍ 102 പേര്‍

നൂറുവര്‍ഷത്തിനിടെ ആദ്യമായി വീശിയടിച്ച ഓഖി'ചുഴലിക്കാറ്റില്‍ അകപ്പെട്ട 102 തിരുവനന്തപുരത്തുകാരാണ് ഇതുവരെ മടങ്ങിയെത്താത്തത്. ഇവരുടെ കുടുംബാംഗങ്ങള്‍ കഴിഞ്ഞ 20 ദിവസങ്ങളായി ഉറ്റവരെ കണ്ണീരോടെ കാത്തിരിക്കുകയാണ്. നാവിക വ്യോമതീരസംരക്ഷണ സേനകളുടെ തെരച്ചിലും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും പൊലീസും സ്വകാര്യ ബോട്ടുകളുടെയും സംയുക്തമായി തെരച്ചിലും തുടരുകയാണ്. പള്ളികളിലെ തിരുസ്വരൂപങ്ങള്‍ക്ക് മുന്നില്‍ കത്തിച്ചുവച്ച മെഴുകുതിരികളുമായി നിറകണ്ണുകളോടെ പ്രാര്‍ത്ഥനയിലാണ് തീരദേശം മുഴുവനും.
ചുഴലിക്കാറ്റില്‍ അകപ്പെട്ട, ഔട്ട്‌ബോര്‍ഡ് എന്‍ജിന്‍ ഘടിപ്പിച്ച ചെറിയ ഫൈബര്‍ വള്ളങ്ങളിലുണ്ടായിരുന്ന 88പേരുടെ കാര്യത്തിലാണ് തീരദേശത്ത് ഏറെ ആശങ്ക. 180നോട്ടിക്കല്‍ മൈല്‍ അകലെ നിരവധി ചെറുവള്ളങ്ങള്‍ മറിഞ്ഞുകിടപ്പുണ്ടെന്ന് വ്യോമസേനാവിമാനങ്ങള്‍ കണ്ടെത്തിയിരുന്നു. യന്ത്രവത്കൃത ബോട്ടുകളില്‍ പോയ 50പേരെ പലയിടങ്ങളിലായി കോസ്റ്റ്ഗാര്‍ഡ്, നാവികസേനാ കപ്പലുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഒന്നരമാസം വരെ ഉള്‍ക്കടല മത്സ്യബന്ധനം നടത്തി കടലില്‍ വച്ചുതന്നെ ബോട്ടുകള്‍ക്ക് വില്പന നടത്തുന്നതാണ് ഇവരുടെ രീതി. കടല്‍ ശാന്തമായതോടെ ക്രിസ്മസ് ആഘോഷത്തിന് പണമുണ്ടാക്കി മക്കള്‍ക്ക് സമ്മാനവുമായി വരാമെന്നാണ് ബോട്ടിലുള്ളവര്‍ പറയുന്നത്.
വലിയബോട്ടുകളിലുള്ളവര്‍ മടങ്ങിവരാന്‍ തയ്യാറായില്ലെന്ന് സേനാംഗങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചു. ഇവരുടെ കൃത്യം കണക്കില്ലാത്തതാണ് ആശങ്ക കൂട്ടുന്നത്. പൂന്തുറ, വിഴിഞ്ഞം, തുമ്പ, വെട്ടുകാട്, വലിയതുറ, ചെറിയതുറ എന്നിവിടങ്ങളിലുള്ളവരെയാണ് കണ്ടെത്താനുള്ളത്. ലക്ഷദ്വീപിനപ്പുറത്തും 200നോട്ടിക്കല്‍ മൈല്‍ അകലെയുമൊക്കെ മുങ്ങിയ ഫൈബര്‍ബോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. നാലുപേര്‍ വീതമുള്ള മുപ്പതോളം ചെറിയ വള്ളങ്ങളും ബോട്ടുകളുമാണ് ഉള്‍ക്കടലില്‍ മുങ്ങിപ്പോയതെന്നാണ് പൊലീസിനുള്ള വിവരം.
തിരുവനന്തപുരത്തും കുളച്ചലിലും മാത്രമാണ് ഇത്തരം വള്ളങ്ങളുള്ളത്. കാറ്റിന്റെ ശക്തിയേറുമ്പോള്‍ വള്ളങ്ങള്‍ക്ക് കുറുകെ കയര്‍കെട്ടി അതില്‍ പിടിച്ചിരിക്കുകയാണ് മത്സ്യത്തൊഴിലാളികളുടെ രീതി. വള്ളം മറിഞ്ഞാലും കയറില്‍ പിടിച്ചുകിടക്കും. ദുരന്തമുണ്ടായി 20 ദിവസമായതിനാല്‍ രക്ഷപെടാനുള്ള സാദ്ധ്യത കുറവാണെന്നാണ് നാവികസേനയുടെ വിലയിരുത്തല്‍. തിരുവനന്തപുരം സ്വദേശികളുടെ 20മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. 7മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്. രക്ഷപ്പെട്ടവരില്‍ 34പേര്‍ക്ക് ഗുരുതര പരിക്കുണ്ട്. രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 87കുടുംബങ്ങളിലെ 427പേര്‍ കഴിയുന്നു. 121വീടുകള്‍ പൂര്‍ണമായും 1163 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്.
102മത്സ്യത്തൊഴിലാളികളെ കാണാതായതിന് ഏഴ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴക്കൂട്ടം, പൂന്തുറ, വലിയതുറ, വിഴിഞ്ഞം സ്‌റ്റേഷനുകളിലാണ് എഫ്.ഐ.ആര്‍. സേനകളുടെ തെരച്ചില്‍ പുരോഗമിക്കുകയാണ്.
ഓഖി ദുരിതബാധിതരെ നേരിട്ടുകാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പൂന്തുറയിലെത്തും. തിരിച്ചെത്താനുള്ള മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളെ അദ്ദേഹം കാണും. 1000 പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. എസ്.പി.ജി ഐ.ജി എം.പി. ഗുപ്തയുടെ നേതൃത്വത്തില്‍ പഴുതടച്ച സുരക്ഷയാണ് മോദിക്കായി തലസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. ഗസ്റ്റ്ഹൗസില്‍ മന്ത്രിമാരുമായും പുരോഹിതന്മാരുമായും മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
https://www.facebook.com/Malayalivartha


























