ഓഖിദുരന്തം കടലെടുത്ത ഒരുപറ്റം മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ ഉറ്റവരെക്കാത്തു അനാഥമായി മോര്‍ച്ചറിയില്‍ കിടക്കുന്നു

കഴിഞ്ഞമാസം 30-നാണ് തിരുവനന്തപുരം, കൊല്ലം തുടങ്ങിയ തെക്കന്‍ ജില്ലകളില്‍ ഓഖി ആഞ്ഞടിച്ചത്. പതിനെട്ടു ദിവസം പിന്നിട്ടിട്ടും കോഴിക്കോട് കടലില്‍ മൃതദേഹങ്ങള്‍ ഒഴുകിയെത്തുകയാണ്.
എന്നാൽ കടലെടുത്ത ഒരുപറ്റം മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ ഉറ്റവരെക്കാത്തു മോര്‍ച്ചറിയില്‍ കിടക്കുന്നു. തിരിച്ചറിയാന്‍ പറ്റാത്തവിധം ശരീരം വീര്‍ത്തു. കാലിലെയും കൈയിലെയും വിരലുകളില്‍ നിന്ന് മാംസം നഷ്‌ടപ്പെട്ട് അസ്‌ഥി പുറത്തേക്കു കാണുന്നവ.
പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഈ മൃതദേഹങ്ങള്‍ അനാഥമാണ്. ജീര്‍ണിച്ചെങ്കിലും പലതിലും തിരിച്ചറിയാനുള്ള ലക്ഷണങ്ങള്‍ അവശേഷിച്ചിട്ടുണ്ട്. ഓഖിചുഴലിക്കാറ്റ് കവര്‍ന്ന 21 പേരുടെ മൃതദേഹങ്ങളാണ് ഇവിടെയുള്ളത്. ചോമ്പലായില്‍ നിന്നു കിട്ടിയ ഒരു മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം ബീച്ച് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
ദുര്‍ഗന്ധം കൊണ്ട് മോര്‍ച്ചറി പരിസരത്തേക്ക് അടുക്കാനാവില്ല. കീടനാശിനികള്‍ ഉപയോഗിച്ച് പരിസരം ശുചീകരിക്കുന്നുണ്ടെങ്കിലും പ്രയോജനമില്ല. ഉറ്റവരുടെ വേര്‍പാടില്‍ ഉള്ളുരുകിക്കഴിയുന്ന ആരും ഇങ്ങോട്ട് വരുന്നിെല്ലന്ന് അധികൃതര്‍ പറഞ്ഞു.
തിരുവനന്തപുരത്തുനിന്ന് ഒരു അമ്മയും മകളും മാത്രമാണ് മോര്‍ച്ചറി പരിസരത്ത് എത്തിയത്. അവര്‍ അന്വേഷിച്ച കുടുംബനാഥന്‍ അക്കൂട്ടത്തിലുണ്ടായിരുന്നില്ല. മൃതദേഹം തിരിച്ചറിയുന്നതിനു ജില്ലാ ഭരണകൂടത്തെ ആരും തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്ന് ദുരന്തനിവാരണത്തിന്റെ ചുമതല വഹിക്കുന്ന ഡെപ്യുട്ടി കലക്‌ടര്‍ പി.പി. കൃഷ്‌ണന്‍കുട്ടി പറഞ്ഞു.
തിരിച്ചറിയാന്‍ വാച്ചുകള്‍, കൊന്തകള്‍, വസ്‌ത്രങ്ങള്‍, അരയിലെ ചരട് തുടങ്ങിയ ലക്ഷണങ്ങളുണ്ട്. കഴിഞ്ഞ ദിവസം ചോമ്പാല കടലില്‍ നിന്നു കിട്ടിയ മൃതദേഹത്തില്‍ ഫുള്‍ക്കൈ ടീ ഷര്‍ട്ടുണ്ടായിരുന്നു. ചാരനിറമുള്ള ടീ ഷര്‍ട്ടിന്റെ കൈയില്‍ മൂന്നു വരകള്‍ ദൃശ്യം.
പച്ച നിറത്തിലുള്ള അടിവസ്‌ത്രം, കഴുത്തില്‍ കൊന്ത, കറുത്ത ചരട് എന്നിവയുമുണ്ട്. വീട്ടുകാര്‍ക്കു മാത്രമേ ഇതു തിരിച്ചറിയാനാകൂ. മൂന്നു മൃതദേഹങ്ങളില്‍ വാച്ചുണ്ട്. ഒരാളുടെ അരയിലെ പ്ലാസ്‌റ്റിക് ചരടില്‍ മൂന്നു താക്കോലുണ്ട്.
നാലുപേരുടെ കഴുത്തില്‍ കൊന്തയുണ്ട്. മുഖവും ശരീരവും കണ്ട് തിരിച്ചറിയാന്‍ പറ്റില്ലെങ്കിലും ഇത്തരം വസ്‌തുക്കള്‍ നോക്കി തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. കടലില്‍നിന്നു വലയിട്ടാണ് മൃതദേഹങ്ങളെടുക്കുന്നത്. അവ ബോട്ടില്‍ കയറ്റി നേരേ ബേപ്പൂര്‍ തുറമുഖത്തെത്തിക്കും. അവിടെനിന്ന് ഉദ്യോഗസ്‌ഥര്‍ ഏറ്റുവാങ്ങും.
കോസ്‌റ്റല്‍ പോലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, ഫിഷറീസ്, റവന്യൂ ഉദ്യോഗസ്‌ഥര്‍ എല്ലാം സജീവമായി അവിടെയുണ്ട്. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവരുന്ന മൃതദേഹത്തെ അനുഗമിക്കുന്നതു തീരരക്ഷാ പോലീസാണ്. റവനു ഉദ്യോഗസ്‌ഥര്‍ മോര്‍ച്ചറി പരിസരത്ത് സൗകര്യമൊരുക്കാന്‍ എത്തുന്നില്ലെന്ന് വിമര്‍ശനമുണ്ട്.
പോസ്‌റ്റ്‌മോര്‍ട്ടത്തിനു വേണ്ടി ഇന്‍ക്വസ്‌റ്റ് നടത്താന്‍ കയറ്റിയാല്‍ അഴുകിയ മൃതദേഹം മറിച്ചുകിടത്താന്‍ പോലും ആളില്ല. ഒളവണ്ണ ഗ്രാമപഞ്ചായത്ത് അംഗം മഠത്തില്‍ അബ്‌ദുള്‍ അസീസും ട്രോമാക്കെയര്‍ പ്രവര്‍ത്തകനായ റസാക്ക് കൊല്ലിമലയും മാത്രമാണ് സേവനസന്നദ്ധരായി എപ്പോഴുമുള്ളത്.
ദുരന്ത നിവാരണ ഫണ്ട് ഇഷ്‌ടം പോലെയുണ്ടെങ്കിലും മോര്‍ച്ചറിയില്‍ ആവശ്യമായ സൗകര്യം എത്തിക്കുന്നതിന് ഈ ഫണ്ട് എത്തുന്നില്ല. മരിച്ചവരെ തിരിച്ചറിയാന്‍ ഡി.എന്‍.എ. പരിശോധനയ്‌ക്കു സാമ്പിള്‍ അയച്ചിട്ടുണ്ട്. അതിന്റെ ഫലംകിട്ടുന്നതു വരെ മൃതദേഹങ്ങള്‍ സൂക്ഷിക്കും.
https://www.facebook.com/Malayalivartha


























