റിപ്പോര്‍ട്ട് അപൂര്‍ണ്ണം, അന്വേഷണം തുടരണം... കായല്‍ കൈയേറ്റ കേസില്‍ മന്ത്രിസ്ഥാനം നഷ്ടമായ തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് അന്വേഷണ ഫയല്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ തിരിച്ചയച്ചു, അന്വേഷണത്തിനായി വിജിലന്‍സ് സമയം നീട്ടിച്ചോദിക്കും

കായല്‍ കൈയേറ്റ കേസില്‍ മന്ത്രിസ്ഥാനം നഷ്ടമായ തോമസ് ചാണ്ടിയുടെ കേസ് നീളുന്നു. വിജിലന്‍സ് അന്വേഷണ ഫയല്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ തിരിച്ചയച്ചു. റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും അന്വേഷണം തുടരാനും വിജിലന്‍സിനോട് ബെഹ്‌റ നിര്‍ദ്ദേശിച്ചു. ഇന്ന് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെയാണ് ഡയറക്ടറുടെ നടപടി. ഈ സാഹചര്യത്തില്‍ അന്വേഷണത്തിനായി വിജിലന്‍സ് സമയം നീട്ടിച്ചോദിക്കും. എം.പിമാരുടെ ഫണ്ടുകള്‍ ഉപയോഗിച്ച് നിലംനികത്തി ലേക്പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചതിലൂടെ 65 ലക്ഷം രൂപ ഖജനാവിന് നഷ്ടമുണ്ടായെന്ന പരാതിയിലാണ് തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണത്തിന് കോട്ടയം വിജിലന്‍സ് കോടതി കഴിഞ്ഞ മാസം ഉത്തരവിട്ടത്. ജനതാദള്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. സുഭാഷ് നല്‍കിയ പരാതിയിലായിരുന്നു നടപടി.
വലിയകുളം മുതല്‍ സീറോജെട്ടിവരെ ഒരു കിലോമീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയിലും രണ്ടര ഏക്കറോളം നിലംനികത്തി റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചെന്നാണ് പരാതി. മുന്‍പ് കേസ് പരിഗണിച്ച കോടതി 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
രാജ്യസഭാ എം.പിമാരായിരിക്കെ പി.ജെ. കുര്യന്‍, കെ.ഇ. ഇസ്മയില്‍ എന്നിവരുടെ ഫണ്ട് ഉപയോഗിച്ച് തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് റോഡ് നിര്‍മ്മിച്ചു. പൊതു ആവശ്യത്തിന് പാടംനികത്തുമ്പോള്‍ പ്രാദേശിക വികസന സമിതിയുടെ അനുവാദം വാങ്ങണം. എന്നാല്‍ റോഡ് നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ച ആര്യാട് ബ്‌ളോക്ക് പഞ്ചായത്ത് ഇത് പാലിച്ചിട്ടില്ല.
റിസോര്‍ട്ടിന് വേണ്ടി 30 ലക്ഷം രൂപ മുടക്കി നിലംനികത്തുകയും 35 ലക്ഷം രൂപ മുടക്കി ടാര്‍ ചെയ്യുകയും ചെയ്തു. നിയമസഭാംഗമെന്ന നിലയിലുള്ള സ്വാധീനം ഇതിനായി തോമസ്ചാണ്ടി ഉപയോഗിച്ചു എന്നിവയാണ് പരാതിയിലെ ആരോപണങ്ങള്‍.
https://www.facebook.com/Malayalivartha


























