സംസ്ഥാനത്ത് നിരവധി റേഷന്‍ കടകള്‍ അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ നീക്കം

സംസ്ഥാനത്ത് 8,957 റേഷന്‍കടകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നീക്കം. ഭക്ഷ്യഭദ്രത നിയമപ്രകാരം റേഷന്‍ വ്യാപാരികള്‍ക്ക് വേതന പാക്കേജ് നടപ്പാക്കിയതിന്റെ മറവിലാണ് ഭൂരിഭാഗം റേഷന്‍കടകള്‍ക്കും താഴിടാന്‍ നീക്കം. ഇതുസംബന്ധിച്ച ഉത്തരവ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് പുറത്തിറക്കി. മാര്‍ച്ച് 31ന് ശേഷം സര്‍ക്കാറിന്റെ സഹായം ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന റേഷന്‍കടകളെമാത്രം നിലനിര്‍ത്തിയാല്‍ മതിയെന്നും മറ്റുള്ളവയെ ഏകീകരിക്കാനുമാണ് ഭക്ഷ്യവകുപ്പ് സെക്രട്ടറി മിനി ആന്റണി സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം
. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അടച്ചുപൂട്ടേണ്ട റേഷന്‍കടകളുടെ വിവരങ്ങള്‍ അതാത് ജില്ല സപ്ലൈ ഓഫിസര്‍മാര്‍ തയാറാക്കിവരികയാണ്. ജനുവരി 15ന് മുമ്പായി റിപ്പോര്‍ട്ട് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്ക് കൈമാറും. കഴിഞ്ഞ നവംബര്‍ 10ന് ഇറക്കിയ ഉത്തരവിലെ ഒമ്പതാം നമ്പര്‍ വ്യവസ്ഥയിലാണ് ഇതുസംബന്ധിച്ച പരാമര്‍ശമുള്ളത്. നിലവില്‍ 45 മുതല്‍ 72 ക്വിന്റല്‍ വരെ ഭക്ഷ്യധാന്യം വിറ്റുവരവുള്ള വ്യാപാരികള്‍ക്കാണ് സര്‍ക്കാര്‍ സഹായധനമടക്കം 16,000 രൂപ നല്‍കുന്നത്.
സംസ്ഥാനത്ത് ഇത്തരത്തില്‍ സര്‍ക്കാറിന്റെ സഹായം പറ്റുന്ന 8,957 റേഷന്‍ കടകള്‍ ഉണ്ട്. ഉത്തരവ് നടപ്പായാല്‍ ഏറ്റവും കൂടുതല്‍ കടകള്‍ അടക്കേണ്ടിവരിക മലപ്പുറത്തായിരിക്കും.ഇതിനുപുറമെ സസ്‌പെന്‍ഡ് ചെയ്തതും റദ്ദാക്കിയതും ലൈസന്‍സി മരിച്ചതുമായ കടകള്‍ ഇനി തിരിച്ചുനല്‍കുകയോ താല്‍ക്കാലിക കടകള്‍ അനുവദിക്കുകയോ ചെയ്യരുതെന്നും സിവില്‍ സപ്ലൈസ് ഡയറക്ടര്‍ താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി.
കഴിഞ്ഞ നവംബര്‍ എട്ടിനാണ് കേന്ദ്ര ഭക്ഷ്യഭദ്രതാനിയമപ്രകാരം സംസ്ഥാനത്തെ റേഷന്‍വ്യാപാരികള്‍ക്ക് 349.5 കോടിയുടെ വേതന പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കുറഞ്ഞത് 45 ക്വിന്റല്‍ ഭക്ഷ്യധാന്യമെങ്കിലും വില്‍ക്കുന്ന വ്യാപാരിക്ക്് കമീഷനായി 220 രൂപയും സര്‍ക്കാര്‍ സഹായമായ 6,100 രൂപയും ഉള്‍പ്പെടെ 16,000 രൂപയാണ് പാക്കേജില്‍ പ്രഖ്യാപിച്ചത്. 55 ക്വിന്റല്‍ കൈകാര്യം ചെയ്യുന്ന വ്യാപാരിക്ക് 3,900 രൂപയും 65 മുതല്‍ 72 ക്വിന്റല്‍ വരെയുള്ളവര്‍ക്ക് 1,700 രൂപയുമാണ് സഹായമായി നല്‍കുക. എന്നാല്‍, 73 ക്വിന്റലിന് മുകളിലുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം ഉണ്ടാകില്ല.
45 ക്വിന്റലില്‍ താഴെയുള്ള 2,720 ചില്ലറ റേഷന്‍ വ്യാപാരികള്‍ക്ക് കുറഞ്ഞത് 16,000 രൂപ നല്‍കുമെന്നും സംസ്ഥാനത്ത് ഒരു റേഷന്‍കടയും പാക്കേജിന്റെ മറവില്‍ അടച്ചുപൂട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാപാരികള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു.
എന്നാല്‍, ഇതില്‍നിന്നൊക്കെ മലക്കം മറിഞ്ഞിരിക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍. പാക്കേജിന്റെ മറവില്‍ വ്യാപാരികളെ കബളിപ്പിച്ച സര്‍ക്കാറിനെതിരെ സമരമുഖത്തിറങ്ങുമെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ടി. മുഹമ്മദാലിയും ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടനും അറിയിച്ചു. കടുത്ത സാമ്പത്തികബാധ്യതയാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നും ഉത്തരവ് പുനഃപരിശോധിക്കുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























