പ്രധാനമന്ത്രി പൂന്തുറ സന്ദര്‍ശിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചെന്ന് ബി.ജെ.പി; ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു

ഓഖി ദുരിതബാധിതരെ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നതിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ ബി.ജെ.ബി, സി.പി.എം നേതൃത്വം രാഷ്ട്രീയം കളിക്കുന്നു. പ്രധാനമന്ത്രി ദുരിതമേഖലയായ പൂന്തുറ സന്ദര്‍ശിക്കുന്നതിന് തടയിടാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും ശ്രമിച്ചെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം ആരോപിക്കുന്നു. ഇക്കാര്യം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാജ്ഭവനില്‍ മുഖ്യമന്ത്രിയെയും മറ്റും കണ്ടുമടങ്ങുന്ന രീതിയിലാണ് സര്‍ക്കാര്‍ പരിപാടി തയ്യാറാക്കിയതെന്നും ബി.ജെ.പി സംസ്ഥാന നേതൃത്വം ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചെന്നും അങ്ങനെയാണ് പൂന്തുറസന്ദര്‍ശനം ഉള്‍പ്പെടുത്തിയതെന്നും നേതാക്കള്‍ ചില മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയിരുന്നു.
ഡിസംബര്‍ 16നാണ് പ്രധാനമന്ത്രി കേരളം സന്ദര്‍ശിക്കുമെന്ന വിവരം സര്‍ക്കാരിന് ലഭിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. 18നും 19നും സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു അതില്‍ പറഞ്ഞിരുന്നത്. തിരുവനന്തപുരത്തെ സന്ദര്‍ശന സ്ഥലങ്ങള്‍ വ്യക്തമാക്കിയിരുന്നില്ല. പിന്നീട് ലഭിച്ച സ്ഥിരീകരണത്തിലാണ് സന്ദര്‍ശന സ്ഥലങ്ങളും സര്‍ക്കാരുമായുള്ള ചര്‍ച്ചയും ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനപരിപാടി തയ്യാറാക്കുന്നത് അദ്ദേഹത്തിന്റെ ഓഫീസാണ് സംസ്ഥാന സര്‍ക്കാരിന് അതുമായി ബന്ധമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് നവംബര്‍ 29ന് കേരളത്തിന് നല്‍കിയെന്ന് ഇന്നലെ പ്രധാനമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ആയിരുന്നു ഇതെന്നും ശ്രദ്ധേയമാണ്. ചുഴലിക്കാറ്റ് അടിച്ചതിന് ശേഷം മുതല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ മുന്നറിയിപ്പിനെ ചൊല്ലി പോര് നടത്തുകയാണ്. അതിന് പിന്നാലെയാണ് പ്രധാനമന്ത്രിയെ തീരദേശത്ത് എത്തിക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചെന്ന ബി.ജെ.പി നേതാക്കളുടെ ആരോപണം.
https://www.facebook.com/Malayalivartha


























