സരിതയുടെ കത്ത് രണ്ട് മാസത്തേക്ക് പൊതു ഇടങ്ങളില്‍ ചര്‍ച്ച ചെയ്യരുത്, മാധ്യമങ്ങള്‍ക്കും ഇക്കാര്യം ബാധകം

മുഖ്യമന്ത്രി പിണറായി വിജയനും സോളാര്‍ ചൂടേറ്റു. വിമര്‍ശനത്തിന് പിന്നാലെ സരിതയുടെ കത്ത് സംബന്ധിച്ച് രണ്ട് മാസത്തേക്ക് പൊതുഇടങ്ങളില്‍ ചര്‍ച്ചകള്‍ നടത്തരുതെന്നും ഹൈക്കോടതി. മാധ്യമങ്ങള്‍ക്കും ഇക്കാര്യം ബാധകമാണ്. കേസ് വിശദമായ വാദത്തിനായി ജനുവരി 15ലേക്ക് മാറ്റി. കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പായി ഇറക്കിയത് അനുചിതമാണെന്നും വ്യക്തിയുടെ പ്രതിച്ഛായ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും കോടതി ചൊവ്വാഴ്ച രാവിലെ വിമര്‍ശിച്ചിരുന്നു. കോടതി വിചാരണയ്ക്ക് മുന്‍പ് എങ്ങനെ നിഗമനങ്ങളിലെത്തുമെന്നും സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു. ഉച്ചയ്ക്ക് ശേഷം കേസ് വീണ്ടും വാദത്തിനെടുത്തപ്പോഴാണ് കത്ത് ചര്‍ച്ച ചെയ്യുന്നത് വിലക്കിയത്. ഇത് മുഖ്യമന്ത്രി പിണറായി വിജയനും എല്‍.ഡി.എഫിനും തിരിച്ചടിയായി.
സരിതയുടെ കത്തും അതിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ നടത്തിയ പ്രതികൂലപരാമര്‍ശങ്ങളും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കോടതി ഉത്തരവ്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള യു.ഡി.എഫ് നേതാക്കള്‍ പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് സരിത കത്തെഴുതിയത്. കത്തിലുള്ള രാഷട്രീയനേതാക്കളുടെ പേരുകള്‍ സരിത എഴുതിയതല്ലെന്നും ആര്‍. ബാലകൃഷ്ണപിള്ള എഴുതിച്ചേര്‍ത്തതാണെന്നും മുന്‍ മന്ത്രി ഷിബു ബേബിജോണ്‍ കഴിഞ്ഞ മാസം കൊട്ടാരക്കരയില്‍ ആരോപിച്ചിരുന്നു. ഉമ്മന്‍ചാണ്ടി തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് സരിത മുമ്പ് വ്യക്തമാക്കിയിരുന്നു. അതിന് ശേഷമാണ് പുതിയ ആക്ഷേപവുമായി കമ്മിഷനെ സമീപിച്ചത്.
സരിതയുടെ കത്തിലേത് ആരോപണങ്ങള്‍ മാത്രമാണെന്നും ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചതിനാല്‍ സര്‍ക്കാരിന് നോട്ടീസ് അയയ്ക്കണമെന്നും ഉമ്മന്‍ചാണ്ടിക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. കത്ത് കമ്മിഷന്റെ ടേംസ് ഓഫ് റഫറന്‍സിന് പുറത്താണ്. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു. എന്നാല്‍ പൊതുചര്‍ച്ച പറ്റില്ലെന്ന നിലപാടിനെ സര്‍ക്കാര്‍ അഭിഭാഷകന്‍ എതിര്‍ത്തു. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും മുന്‍പ് സര്‍ക്കാരിനെ കേള്‍ക്കണമെന്നും എ.ജിയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും ഹാജരാകാത്തതിനാല്‍ നാളെ വരെ സമയം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ വ്യക്തതിയുടെ പ്രതിച്ഛായയെ ബാധിക്കുന്ന വിഷയമായതിനാല്‍ നാളത്തേക്ക് നീട്ടിവയ്ക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
സരിതയുടെ കത്തും അതിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ നടത്തിയ പ്രതികൂലപരാമര്‍ശങ്ങളും റദ്ദാക്കണമെന്നും ഉമ്മന്‍ചാണ്ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സര്‍ക്കാറിന്റെ പരിഗണനാ വിഷയങ്ങള്‍ കമ്മിഷന്‍ മറികടന്നു. പരിഗണനാ വിഷയങ്ങള്‍ വിപുലമാക്കി. കത്തിന്റെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങള്‍ മൗലിക അവകാശങ്ങളുടെ ലംഘനമാണ്. പൊതുജീവിതത്തിന് കളങ്കമുണ്ടാക്കിയ കത്തും റിപ്പോര്‍ട്ടും നിയമസഭയില്‍ വച്ചതോടെ അത് പൊതുരേഖയായി.
തനിക്കെതിരെ സരിത ഉന്നയിച്ച ലൈംഗിക ആരോപണങ്ങള്‍ അവര്‍ മുമ്പ് നിഷേധിച്ചതാണ്. തന്നെ മോശക്കാരനാക്കാനും മുഖ്യമന്ത്രി സ്ഥാനം രാജിവയ്പ്പിക്കാനും സി.പി.എം 10 കോടി വാഗ്ദാനം നല്‍കിയെന്ന് സരിത ഒരു പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. പൊലീസ് കസ്റ്റഡിയില്‍ വെച്ച് സരിത എഴുതിയ കത്ത് മാധ്യമപ്രവര്‍ത്തകനാണ് കമ്മിഷന് മുന്നിലെത്തിച്ചത്. ഇതേക്കുറിച്ച് വിശദീകരിക്കാന്‍ ഹര്‍ജിക്കാരനായ തനിക്ക് നോട്ടീസ് പോലും നല്‍കാതെ കമ്മിഷന്‍ രേഖകളില്‍ ഉള്‍പ്പെടുത്തിയെന്നും ഉമ്മന്‍ചാണ്ടി ആരോപിക്കുന്നു.
https://www.facebook.com/Malayalivartha


























