സിദ്ദിഖും ജയറാമും അടക്കമുള്ളവര്‍ ചട്ടങ്ങള്‍ ലംഘിച്ചാണ് ദിലീപിനെ സന്ദര്‍ശിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ആലുവ സബ്ജയിലില്‍ വിചാരണത്തടവുകാരനായി കഴിയവെ സന്ദര്‍ശകകര്‍ക്ക് അനുമതി നല്‍കിയത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. തൃശൂര്‍സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. പലരും ജയില്‍ ചട്ടങ്ങള്‍ സംഘിച്ച് സന്ദര്‍ശനം നടത്തിയെന്ന പരാതിയില്‍ ആലുവ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കേണ്ടത്. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സിദ്ദിഖും ജയറാമും അടക്കമുള്ളവര്‍ ചട്ടങ്ങള്‍ ലംഘിച്ചാണ് ദിലീപിനെ സന്ദര്‍ശിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ശനിയും ഞായറും സന്ദര്‍ശനം അനുവദിക്കാറില്ല. ഈ ദിവസങ്ങളില്‍ പലരും താരത്തെ കണ്ട് മണിക്കൂറുകളോളം സംസാരിച്ചെന്ന് ആരോപണം ഉണ്ടായിരുന്നു.
ഓണക്കോടിയുമായാണ് ജയറാം ജയിലില്‍ എത്തിയത്. ദിലീപിന്റെ അടുത്തബന്ധുക്കളെ മാത്രമേ സന്ദര്‍ശകരായി അനുവദിക്കൂ എന്നായിരുന്നു ആദ്യത്തെ നിര്‍ദ്ദേശം. ഇത് പിന്നീട് ആരാണ് മാറ്റിയതെന്ന് അറിയില്ല. സാധാരണ ജയിലില്‍ കഴിയുന്നവരെ കാണണമെങ്കില്‍ പ്രത്യേക അപേക്ഷഫോം പൂരിപ്പിച്ച് നല്‍കണം. ഒപ്പം തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും സമര്‍പ്പിക്കണം. പല താരങ്ങളും ഇതൊന്നും ചെയ്തിട്ടില്ലെന്നാണ് അറിയുന്നത്. ആദ്യമൊന്നും ദിലീപിനെ കാണാന്‍ ആരും കൂട്ടാക്കിയിരുന്നില്ല. ലാല്‍ജോസ്, ജോഷി തുടങ്ങിയവര്‍ വിവാദങ്ങള്‍ ഉണ്ടാകും മുമ്പ് സന്ദര്‍ശനം നടത്തിയിരുന്നു. ദിലീപിനെ പൊലീസ് കുടുക്കിയതാണെന്നും ദിലീപ് സഹായിച്ചവര്‍ നന്ദി കാണിക്കണമെന്നും നിര്‍മാതാവ് ജി.സുരേഷ് കുമാര്‍ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് താരങ്ങള്‍ കൂട്ടമായി ആലുവ സബ്ജയിലിലേക്ക് പോയത്.
https://www.facebook.com/Malayalivartha


























