പ്രധാനമന്ത്രിയെ കാണാന്‍ പ്രതിപക്ഷത്തിന് സമയം അനുവദിച്ചില്ല; ബി.ജെ.പിയല്ല പ്രതിപക്ഷമെന്ന് ചെന്നിത്തല പൊട്ടിത്തെറിച്ചു

ഓഖി ദുരിതബാധാതരെ പ്രധാനമന്ത്രി സന്ദര്‍ശിച്ചപ്പോള്‍ നിവേദനം നല്‍കാന്‍ സമയം ചോദിച്ചിട്ടും അനുവദിച്ചില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രധാനമന്ത്രിയുടെ ഓഫീസിനെയും സംസ്ഥാന മുഖ്യമന്ത്രിയെയും ഇക്കാര്യം അറിയിച്ചിരുന്നു. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കിയിരുന്നു. യാതൊരു മറുപടിയും നല്‍കിയില്ലെന്നും കേരളത്തില്‍ ബി.ജെ.പിയല്ല കോണ്‍ഗ്രസാണ് പ്രതിപക്ഷമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ദുരിതപ്രദേശങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചത് കൊണ്ട് മാത്രം പ്രശ്‌നപരിഹാരമാവില്ല. പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങളും മറ്റും പ്രധാനമന്ത്രിയെ ധരിപ്പിക്കാന്‍ വി.എസ് ശിവകുമാര്‍ എം.എല്‍.എയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്നൂറോളം പേരുടെ ജീവിന്‍ പൊലിഞ്ഞ ദുരന്തത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മല്‍സ്യത്തൊഴിലാളികളും അവരുടെ കുടുംബങ്ങളും നേരിടുന്ന പ്രതിസന്ധികള്‍ പരിഗണിക്കാന്‍ രണ്ടായിരം കോടിയുടെ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ചവരുത്തിയവരെ അന്വേഷിച്ച് കണ്ടെത്തണം. കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കണം. വള്ളവും വലയും നഷ്ടപ്പെട്ടിട്ടുണ്ട്. അതിന് നഷ്ടപരിഹാരം നല്‍കണം. വിലയേറിയ ബോട്ടുകളും വള്ളങ്ങളും കണ്ടെത്താന്‍ നേവിയുടെയും നേവല്‍ എയര്‍ ക്രാഫ്റ്റുകളുടെയും സഹായം തേടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























