അഴിമതിക്കെതിരെ പോരാടി സ്വയം കേസില്‍പ്പെട്ടു; കൂട്ടിലടയ്ക്കപ്പെട്ട തത്തയുടെ ഉയര്‍ച്ച താഴ്ചകള്‍

സര്‍ക്കാരിനേയും ഭരിക്കുന്ന പാര്‍ട്ടിയേയും കളിയാക്കിയും വിമര്‍ശിച്ചും അവസാനം ജേക്കബ് തോമസ് പുറത്തായി. ഇതോടെ ജേക്കബ് തോമസ് രാജിവച്ച് പുറത്തു പോകുമെന്നാണ് പലരുടേയും പ്രതീക്ഷ. അതിനിടെ ജേക്കബ് തോമസിനെ സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ ചില ഐഎഎസുകാര്‍ നീക്കം തുടങ്ങിയിട്ടുണ്ട്. അഴിമതിയുടെ പേരു പറഞ്ഞ് ജേക്കബ് തോമസ് നടപടികള്‍ എടുത്ത ഐഎഎസുകാരും ഐപിഎസുകാരുമാണ് രംഗത്തെത്തുന്നത്. ജേക്കബ് തോമസിനെ പുറത്താക്കുന്നതിനെ പ്രതിപക്ഷവും അനുകൂലിക്കുമെന്നാണ് ഇവരുടെ നിലപാട്.
1985 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് ഫയര്‍ഫോഴ്‌സ് മേധാവി, വിജിലന്‍സ് എ.ഡി.ജി.പി. തസ്തികകളില്‍ ജോലി ചെയ്തിട്ടുണ്ട്. എന്നും വിവാദങ്ങളോടൊപ്പം സഞ്ചരിച്ച ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. ഔദ്യോഗിക നിലപാടുകളിലും പുറത്തു നടത്തിയ പ്രതികരണങ്ങളിലും ശക്തമായി യുഡിഎഫ് സര്‍ക്കാരിന്റെ നയങ്ങളെയും സമീപനങ്ങളെയും ജേക്കബ് തോമസ് എതിര്‍ത്തിരുന്നു. വിജിലന്‍സ് ഡിജിപിയായിരുന്ന വിന്‍സന്‍ എം പോളിനു കീഴില്‍ എഡിജിപിയായി പ്രവര്‍ത്തിച്ചിരുന്നപ്പോഴാണ് ജേക്കബ് തോമസിന് സ്ഥാനചലനം സംഭവിക്കുന്നത്. ബാര്‍ കോഴയടക്കം വിവിധ വിവാദ കേസുകളില്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങാത്തതിനെ തുടര്‍ന്നാണ് ജേക്കബ് തോമസ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് അനഭിമതനാകുന്നത്. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, മുന്‍ മന്ത്രിമാര്‍, ഐഎഎസ്, ഐപിഎസുകാരടക്കം നിരവധി ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവരുള്‍പ്പെടെ നിരവധിപേരുടെ കേസുകളാണ് ഉന്നത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അന്വേഷണം മുടങ്ങിയ നിലയില്‍ വിജിലന്‍സില്‍ കെട്ടിക്കിടക്കുന്നത്. യുഡിഎഫ് സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്ന് പല കേസുകളിലും നീതിയുക്തമായ തീരുമാനമെടുക്കാന്‍ കഴിയുന്നില്ലെന്ന് വിജിലന്‍സ് എഡിജിപിയായിരുന്ന വേളയില്‍ ജേക്കബ് തോമസ് പരസ്യമായിത്തന്നെ പ്രതികരിച്ചിരുന്നു.
ബാര്‍ കോഴ കേസില്‍ മന്ത്രിമാരായ കെഎം മാണിക്കെതിരെ തെളിവുണ്ടെന്ന നിലപാട് വിജിലന്‍സ് കൈക്കൊണ്ടതോടെ കേസന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന ജേക്കബ് തോമസിനെ മാറ്റുകയായിരുന്നു. ഇതോടെ ജേക്കബ് തോമസ് സര്‍ക്കാരിനെതിരെ പരസ്യ നിലപാടുകളുമായി രംഗത്തുവരികയും ചെയ്തു. ജേക്കബ് തോമസിനെ മാറ്റണമെന്ന് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന മന്ത്രി കെ ബാബുവും കേരള കോണ്‍ഗ്രസും മുഖ്യമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. ബാര്‍ കോഴ കേസന്വേഷണം അന്തിമഘട്ടത്തിലെത്തി നില്‍ക്കെ ഉണ്ടായ ഈ മാറ്റം അന്ന് കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെ നീക്കമായാണ് വിലയിരുത്തപ്പെട്ടത്.
ബാര്‍കോഴയ്ക്കു പുറമെ മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിക്കെതിരെ അവിഹിത ഇടപെടലുകളുടെ ആരോപണമുയര്‍ന്ന പാറ്റൂര്‍ ഭൂമി ഇടപാടുകേസിലും സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ജേക്കബ് തോമസ് തയ്യാറായിരുന്നില്ല. ഇതെല്ലാം അദ്ദേഹത്തെ ഉമ്മന്‍ ചാണ്ടിക്ക് അനഭിമതനാക്കി. തുടര്‍ന്ന് വിജിലന്‍സ് എഡിജിപി സ്ഥാനത്തുനിന്ന് മാറ്റി അദ്ദേഹത്തെ ഫയര്‍ഫോഴ്‌സ് ഡിജിപിയാക്കി. ബാര്‍ കോഴ കേസ് അന്വേഷണ റിപ്പോര്‍ട്ട് 2015 മെയ് 20ന് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെ മെയ് ആദ്യവാരത്തിലായിരുന്നു ഈ അപ്രതീക്ഷിത മാറ്റം. ഇതിനെതിരെ എല്ലായിടത്തുനിന്നും വ്യാപക എതിര്‍പ്പുണ്ടായി. ബാര്‍കേസ് അട്ടിമറിക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്ന് ആരോപിച്ച് പ്രതിപക്ഷത്തിനു പുറമെ കോണ്‍ഗ്രസിലെ ചില നേതാക്കള്‍പോലും രംഗത്തുവന്നു.എന്നാല്‍ എഡിജിപിയായിരുന്ന ജേക്കബിന് ഡിജിപിയായി പ്രൊമോഷന്‍ നല്‍കാനുദ്ദേശിച്ചാണ് അദ്ദേഹത്തെ സ്ഥാനക്കയറ്റം നല്‍കി ഫയര്‍ഫോഴ്‌സിലേക്ക് മാറ്റുന്നതെന്ന് വിശദീകരിച്ച് സര്‍ക്കാരും ആഭ്യന്തരമന്ത്രിയായിരുന്ന ചെന്നിത്തലയും തടിതപ്പി.
എന്നാല്‍ മാറിയെത്തിയ ഫയര്‍ഫോഴ്‌സിലും തന്റെ അഴിമതിക്കെതിരായ നിലപാടില്‍ ഉറച്ചുനിന്നതോടെ അദ്ദേഹം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് നിരന്തരം തലവേദനയായി. സ്വകാര്യ രംഗത്തെ കൂറ്റന്‍ മാളുകള്‍ മുതല്‍ സര്‍ക്കാര്‍തന്നെ പണിതുയര്‍ത്തിയ സെക്രട്ടേറിയറ്റ് അനക്‌സിന്റെ വരെ നിര്‍മ്മാണത്തില്‍ ഇടപെട്ട ജേക്കബ് തോമസ് അഗ്‌നിശമന നിയന്ത്രണത്തിനായി വകുപ്പിലുള്ള നിയമങ്ങള്‍ ഒന്നൊന്നായി സര്‍ക്കാരിനെയും ജനങ്ങളെയും പഠിപ്പിച്ചു. കേന്ദ്രനിയമത്തില്‍ നിഷ്‌കര്‍ഷിക്കുന്ന അഗ്‌നിശമന നിയന്ത്രണ ചടങ്ങള്‍ പാലിക്കാത്ത വന്‍ കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കേണ്ടെന്ന് അദ്ദേഹം ഉത്തരവിട്ടതോടെ സര്‍ക്കാര്‍ വീണ്ടും വെട്ടിലായി. മാളുകളുടേയും ഫഌറ്റുകളുടേയും നിര്‍മ്മാണങ്ങളില്‍ പലതും ചട്ടങ്ങള്‍ ലംഘിക്കുന്നത് കണ്ടെത്തി പിടികൂടാന്‍ ആരംഭിച്ചതോടെ ജേക്കബ് തോമസിനെതിരെ പരസ്യമായി ഉമ്മന്‍ ചാണ്ടി തന്നെ രംഗത്തെത്തി. ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ ചുമതല നല്‍കി ഒതുക്കി. മാറ്റത്തിന് കാരണമായി അന്ന് മുഖ്യമന്ത്രി പറഞ്ഞത് ജേക്കബ് തോമസിനെതിരെ നിരവധി പരാതികള്‍ ലഭിച്ചുവെന്നും അദ്ദേഹം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയെന്നഉം അതിന്റെ അടിസ്ഥാനത്തിലാണ് മാറ്റമെന്നുമായിരുന്നു. എന്നാല്‍ ജേക്കബ് തോമസിനെതിരെ രേഖാമൂലം ഒരു പരാതിയും ലഭിച്ചിരുന്നില്ലെന്ന വിവരങ്ങള്‍ ദിവസങ്ങള്‍ക്കകം പുറത്തുവന്നതോടെ ഉമ്മന്‍ ചാണ്ടി പ്രതിരോധത്തിലായി.
പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനിലെത്തിയ ശേഷവും ജേക്കബ് തോമസ് സര്‍ക്കാരിനെതിരെ ശക്തിയുക്തം വിമര്‍ശനങ്ങള്‍ തുടര്‍ന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആയതുകൊണ്ടാണ് ജേക്കബ് തോമസ് ഇപ്പോഴും ഡിജിപിയായി തുടരുന്നതെന്നും താനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ അയാള്‍ വീട്ടിലിരുന്നേനെയെന്നും മന്ത്രിയായിരുന്ന മഞ്ഞളാംകുഴി അലി ഇതിനിടെ പ്രതികരിച്ചതും വിവാദമായി. ഫേസ്ബുക്ക് പോസ്റ്റുകളിലൂടെുയും പരസ്യ പ്രതികരണങ്ങളിലൂടെയും സര്‍ക്കാരിനെതിരെയും അഴിമതിക്കെതിരെയും നിരന്തരം പ്രതികരണം തുടര്‍ന്ന ജേക്കബ് തോമസ് അതിനാല്‍ത്തന്നെ യുഡിഎഫിന് പൂര്‍ണമായും അനഭിമതനായി. വിജിലന്‍സിനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കുന്ന തീരുമാനം, വിജിലന്‍സ് നയങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ ജേക്കബ് തോമസ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. അഴിമതിക്കെതിരെ എന്നും സന്ധിചെയ്യാതെ നിന്ന ജേക്കബ് തോമസ് ഇതിനിടെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാന്‍ പുതിയ സംഘടനയ്ക്കും രൂപം നല്‍കി.
നടന്‍ ശ്രീനിവാസന്‍, സത്യന്‍ അന്തിക്കാട് തുടങ്ങി നിരവധി പ്രമുഖരെ ഉള്‍പ്പെടുത്തി എക്‌സല്‍ കേരള എന്ന പേരിലാണ് സംഘടന രൂപീകരിച്ചത്. അതിനിടെ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തി. അഴിമതി വിരുദ്ധതയില്‍ എന്നും കാര്‍ക്കശ്യം പുലര്‍ത്തിയ ജേക്കബ് തോമസ് വീണ്ടും വിജിലന്‍സില്‍ പൂര്‍ണാധികാരങ്ങളോടെ ഡിജിപിയായി എത്തി. ഇതോടെ പലതും പ്രതീക്ഷിച്ചു. തുടക്കത്തില്‍ പിണറായി ജേക്കബ് തോമസിനെ ഒപ്പം നിര്‍ത്തി. അനുനയത്തിനില്ലാതെ അധികാരം ഉപയോഗിച്ച് അഴിമതിക്കാരെ തളയ്ക്കാനായിരുന്നു ജേക്കബ് തോമസിന് ഇഷ്ടം. കൂട്ടിലടച്ചിടാന്‍ ഈ തത്തയെ പലപ്പോഴും ശ്രമിച്ചു. പക്ഷേ ഒന്നും നടന്നില്ല. അങ്ങനെയാണ് തന്ത്രപരമായി ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിന്ന് മാററി ഐഎംജിയുടെ മൂലയ്ക്കിരുത്തുന്നത്. അപമാനിതനായ ജേക്കബ് തോമസ് സ്വയം രാജിവയ്ക്കുമെന്ന് പലരും കരുതി. എന്നാല്‍ ഉത്തരവാദിത്വം ഏതായാലും ഏറ്റെടുക്കാനായിരുന്നു നീക്കം.
ഇത് അപ്രതീക്ഷിതമായിരുന്നു. ഇതോടെ ആത്മകഥയുടെ പേരില്‍ നടപടിയെടുക്കാന്‍ നീക്കം നടത്തി. പക്ഷേ ജനരോക്ഷത്തെ സര്‍ക്കാര്‍ ഭയന്നു. അതുകൊണ്ട് തന്നെ നടപടികള്‍ അകന്നു നിന്നു. സര്‍വ്വീസ് ചട്ടലംഘനത്തിന്റെ പേരില്‍ ആത്മകഥയില്‍ ക്രിമിനല്‍ കേസ് എടുക്കണമെന്ന് പോലും നിര്‍ദ്ദേശം ഉയര്‍ന്നു. അതും മുഖ്യമന്ത്രിക്ക് പ്രതിഷേധങ്ങളെ ഭയന്ന് വേണ്ടെന്ന് വച്ചു. അതിന് ശേഷം നല്ലൊരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു പിണറായി സര്‍ക്കാര്‍ ഓഖിയിലെ സത്യം പറച്ചില്‍ സര്‍ക്കാര്‍ ഗൗരവത്തോടെ എടുത്തു. പ്രതിപക്ഷം പോലും ചര്‍ച്ചയാക്കാന്‍ ആഗ്രഹിക്കാത്ത വസ്തുതയാണ് പൊതുസമൂഹത്തിന് മുന്നില്‍ ജേക്കബ് തോമസ് ഇട്ടുകൊടുത്തത്. ഇതുകൊള്ളേണ്ടിടത്തുകൊള്ളുകയും ചെയ്തു.
ഓഖി ദുരന്തത്തിന്റെ കാര്യത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലെന്ന് ജേക്കബ് തോമസ് തുറന്നടിച്ചു. എത്രപേര്‍ മരിച്ചെന്നോ എത്രപേരെ കാണാതായെന്നോ ആര്‍ക്കും അറിയില്ല. പണക്കാരാണ് കടലില്‍ പോയിരുന്നതെങ്കില്‍ ഇങ്ങനെ ആകുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിലെ ഭരണസംവിധാനത്തിലുള്ള വിവിധ താത്പര്യങ്ങള്‍ എന്ന വിഷയത്തെക്കുറിച്ചുള്ള സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ സംവാദത്തിനു പോലും കേരളത്തില്‍ ഭയമാണ്. 51 വെട്ടൊന്നും വെട്ടിയില്ലെങ്കിലും നിശ്ശബ്ദനാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുതാര്യതയെ കുറിച്ച് ഇന്ന് ആരും ഒന്നും പറയുന്നില്ല. അഴിമതിക്കാരെല്ലാം ഒന്നാണ്. വിശ്വാസമുണ്ടെങ്കില്‍ ജനങ്ങളുടെ അടുത്തുപോയി ഭരണാധികാരികള്‍ക്ക് നില്‍ക്കാം. സുനാമി പാക്കേജിലെ 1400 കോടി രൂപ അടിച്ചുമാറ്റി. സുനാമി ഫണ്ട് ഉപയോഗിച്ചിരുന്നെങ്കില്‍ ചെല്ലാനത്ത് ഇന്ന് ഈ കാഴ്ച ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം സര്‍ക്കാരിന് വലിയ ക്ഷീണമായി.
ജേക്കബ് തോമസിനെ എന്തു ചെയ്താലും കോണ്‍ഗ്രസുകാര്‍ പ്രതിഷേധിക്കില്ല. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ ഊരാക്കുടുക്കില്‍ പെടുത്തിയതിന്റെ പ്രതികാരം അവര്‍ക്കുണ്ട്. ഇതു തിരിച്ചറിഞ്ഞാണ് ജേക്കബ് തോമസിനെതിരായ സസ്‌പെന്‍ഷന്‍. അതിനിടെയ സസ്‌പെന്‍ഷന്‍ ഡിസ്മിസലാക്കാനും നീക്കം സജീവമാണ്. സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നത് സര്‍വ്വീസ് ചട്ട ലംഘനമാണ്. അതിന് തെളിവുണ്ട്. അതുകൊണ്ട് തന്നെ ജേക്കബ് തോമസിനെതിരെ പുറത്താക്കല്‍ നടപടിയാകാമെന്നാണ് സര്‍ക്കാരിന് കിട്ടിയിരിക്കുന്ന നിയമോപദേശം. പ്രതിപക്ഷം പ്രതിഷേധിക്കില്ലെന്നതിനാല്‍ ആ തീരുമാനത്തിലേക്ക് കാര്യങ്ങളെത്തിക്കാനാണ് പിണറായി സര്‍ക്കാരിന്റെ നീക്കവും.
https://www.facebook.com/Malayalivartha


























