പിൻ വാതിലുകൾ തകർത്ത് മോഷ്ടാക്കൾ അകത്ത്; സ്‌കൂള്‍ പ്രിൻസിപ്പലിന്റെ വീട്ടിൽ നടന്നത് വൻ കവർച്ച

വീട്ടുകാര്‍ പുറത്തുപോയ നേരത്ത് കുത്തിത്തുറന്ന് 20 പവന്‍ സ്വര്‍ണം കവര്‍ന്നു. വടയാര്‍ പൊട്ടന്‍ചിറയില്‍ വാടകയ്ക്കു താമസിക്കുന്ന മുട്ടുചിറ ഗവണ്‍മെന്റ് യു.പി.എസ്. പ്രിൻസിപ്പൽ പ്രകാശന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് കുട്ടികളെ സ്‌കൂളിലയച്ച ശേഷം പ്രകാശനും ടീച്ചേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊെസെറ്റി ജീവനക്കാരിയായ ഭാര്യ രജനിയും ജോലിക്കുപോയി. വൈകിട്ട് കല്ലറയിലുള്ള കുടുംബവീട്ടിലും പോയി രാത്രി ഒന്‍പതോടെയാണ് മടങ്ങിയെത്തിയത്.
ഉള്ളില്‍ കടക്കാനായി പിന്‍വാതില്‍ തുറക്കാന്‍ ചെന്നപ്പോള്‍ വാതിലും ഷട്ടറും തുറന്നുകിടക്കുന്നതാണു കണ്ടത്. മുന്‍വാതിലിന്റെ വിലപിടിപ്പുള്ള പൂട്ട് തുറന്നെങ്കിലും അകത്ത് ഇരുമ്പ് പട്ട കൊണ്ടു നിര്‍മിച്ച കൊളുത്ത് ഇട്ടിരുന്നതിനാള്‍ തുറക്കാനാവാതെ വന്നതോടെയാണ് പിന്‍വാതിലുകളുടെ താഴുകള്‍ തകര്‍ത്ത് മോഷ്ടാവ് അകത്തുകടന്നത്. വീട്ടിനുള്ളില്‍ പരിശോധിച്ചപ്പോഴാണ് അലമാരയില്‍ ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന പെട്ടി നഷ്ടപ്പെട്ടന്നു മനസിലായത്.
തലയോലപ്പറമ്പ് പോലീസ് എത്തി പരിശോധനകള്‍ നടത്തിയെങ്കിലും തെളിവുകള്‍ ലഭിച്ചില്ല. വിശദമായ അന്വേഷണം നടത്താനായി ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തിയെങ്കിലും തെളിവുകളൊന്നും കണ്ടെത്താനായില്ല. പ്രഫഷണല്‍ മോഷ്ടാക്കളാവാം സംഭവത്തിനുപിന്നിലെന്ന് സി.ഐ: എസ്. ബിനു പറഞ്ഞു.
https://www.facebook.com/Malayalivartha


























