ബീഫിന് വില 320 രൂപ, ആട്ടിറച്ചിയ്ക്ക് 600 രൂപ, കോഴിയിറച്ചിയ്ക്ക് 200 രൂപ... വിലയെത്ര കൂട്ടിയാലും ഇറച്ചി വാങ്ങേണ്ടവര്‍ വാങ്ങും, ക്രിസ്മസെത്തിയതോടെ ഇറച്ചിയ്ക്ക് പൊള്ളുന്ന വില

ക്രിസ്മസെത്തിയതോടെ ബീഫിന് വില കുതിച്ചുയര്‍ന്നു. ഓഖിയുടെ മറവില്‍ മത്സ്യത്തിനും വിലകൂട്ടി. പച്ചകറിക്കാവട്ടെ മണ്ഡലകാലത്തില്‍ വര്‍ദ്ധിച്ച വില ഇപ്പോഴും തുടരുകയാണ്. ചുരുക്കത്തില്‍ ക്രിസ്മസ് ആഘോഷിച്ചാല്‍ സാധാരണക്കാരന്റെ കീശ കാലിയാവും.
സാധനങ്ങള്‍ക്ക് വിലകൂടിയതോടെ എങ്ങനെ ക്രിസ്മസ് ആഘോഷമാക്കുമെന്ന ചിന്തയിലാണ് സാധാരണക്കാരിലേറെയും. ക്രിസ്മസ് തീന്‍മേശയിലെ പ്രധാന ഇനമായ ബീഫിന്റെ വില കിലോയ്ക്ക് 280 രൂപയില്‍ നിന്നും 320 രൂപയായി. ആട്ടിറച്ചി കിലോയ്ക്ക് 600 രൂപയുമായി കൂടി. കോഴിയിറച്ചിക്കും വന്‍ വര്‍ദ്ധനവാണ് ഇത്തവണ.
കിലോയ്ക്ക് 120ല്‍ നിന്ന് 180ല്‍ വരെ എത്തി. ചിലയിടങ്ങളില്‍ 200 രൂപയ്ക്കാണ് വില്പന. വിലയെത്ര കൂട്ടിയാലും ഇറച്ചി വിറ്റുപോകുമെന്നതിനാലാണ് ക്രിസ്മസ് സീസണില്‍ ഇറച്ചിവില ക്രമാതീതമായി ഉയര്‍ത്തുന്നത്. പരമാവധി വില്‍പ്പന നടത്തി കച്ചവടം പൊടിപൊടിക്കുകയാണ് ഇറച്ചിവില്‍പ്പനക്കാരുടെ ലക്ഷ്യം. താറാവിന്റെയും കാര്യം മറിച്ചല്ല. ക്രിസ്മസിന് താറാവിറച്ചി കൂട്ടണമെങ്കില്‍ നല്ല തുക കൊടുക്കേണ്ടി വരും. വിപണിയില്‍ താറാവ് മുട്ടയ്ക്കും വില കൂടിയിട്ടുണ്ട്. മൂന്നു രൂപയാണ് ഒറ്റയടിക്ക് കൂടിയത്.
ഓഖി കൊടുങ്കാറ്റിന്റെ പതര്‍ച്ചയില്‍ നിന്ന് മത്സ്യമേഖല ഇനിയും കരകയറിയിട്ടില്ല. മത്തിയുടെയും അയലയുടെയും കൂടിയ വില ഇപ്പോഴും കുറഞ്ഞിട്ടില്ല. വരവ് മീനുകളാണ് ഏറെയും മാര്‍ക്കറ്റിലുള്ളത്. കൂടാതെ വരാല്‍, ചേറുമീന്‍, കാരി, കട്ടള, പള്ളത്തി, പരല്‍ മീനുകള്‍ക്കും മാര്‍ക്കറ്റില്‍ സുലഭം. പക്ഷേ വാങ്ങണമെങ്കില്‍ കൂടുതല്‍ പണം നല്‍കേണ്ടതായി വരും. മണ്ഡലകാലമായതിനാല്‍ പച്ചക്കറി വില റോക്കറ്റ് പോലെ കുതിക്കുകയാണ്. മുരിങ്ങയ്ക്ക കിലോയ്ക്ക് 180, 200 രൂപയാണ് വില.
ചെറിയ ഉള്ളിക്ക് വില 160 രൂപ. സവാളയുടെ വിലയാവട്ടെ 50 രൂപ. ബീറ്റ് റൂട്ട്, കാരറ്റ്, നാടന്‍കായ, പാവയ്ക്കായ, കൂര്‍ക്ക, തക്കാളി, പച്ചമുളക് എന്നിവയുടെ വില 5 മുതല്‍ 12 രൂപവരെ വര്‍ദ്ധിച്ചു. മുട്ടയുടെ വില ആറ് രൂപയില്‍ നിന്ന് 8 രൂപയായി. ചില സ്ഥലങ്ങളില്‍ 9 രൂപയ്ക്കാണ് വില്പന. താറാവ് മുട്ട ഒന്നിന് 10 രൂപയായിരുന്നത് 12ലെത്തി. താറാവിറച്ചിയുടെ വിലയില്‍ 50 രൂപയോളം വര്‍ദ്ധനവുണ്ട്.
https://www.facebook.com/Malayalivartha


























