കസബ വിവാദത്തിൽ മമ്മുട്ടിക്ക് വേണ്ടി ഉന്നത ഇടപെടൽ; കൂടുതൽ അറസ്റ്റുകൾ ഉണ്ടാകില്ല!!

കസബ വിവാദത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകില്ല. അറസ്റ്റ് ചെയ്തിടത്തോളം മതി എന്ന നിർദ്ദേശം ആഭ്യന്തര വകുപ്പ് സംസ്ഥാന പോലീസ് മേധാവിക്ക് നൽകിക്കഴിഞ്ഞു. സിനിമകൾക്ക് പിന്നാലെ നടന്ന് സമയം കളയരുതെന്നും അടിയന്തിര പ്രാധാന്യത്തോടെ അന്വേഷിക്കേണ്ട വിഷയങ്ങൾ കേരളത്തിൽ ധാരാളമുണ്ടെന്നും ബെഹ്റ നിർദ്ദേശിച്ചിട്ടുണ്ട്.
സി പി എം സഹയാത്രികനും കൈരളി ചാനൽ ചെയർമാനുമായ മമ്മൂട്ടിക്ക് വേണ്ടി അദ്ദേഹത്തിന്റെ ആരാധകർ നടത്തിയ ദ്വന്ദ്വയുദ്ധത്തിൽ അസഹ്യമാകുന്നതെന്തിനാണെന്നാണ് സംസ്ഥാന പോലീസ് മേധാവിയുടെ ചോദ്യം. സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യത്തിൽ അതിശക്തമായി ഇടപെട്ടു.
പാർവതിയുടെ ആരോപണം പുറത്തു വന്നപ്പോൾ തന്നെ മമ്മൂട്ടിക്ക് ഈർഷ്യയായി. പെട്ടെന്ന് ദേഷ്യം വരുന്ന തുറന്ന മനസുകാരനാണ് മമ്മൂട്ടി. അദ്ദേഹത്തിനെതിരെ ഒരു യുവ നടി നടത്തിയ പ്രതികരണം കടന്ന കൈയായി എന്നു തന്നെയാണ് സിനിമാലോകം കരുതുന്നത്. ഇത്തരം പ്രസ്താവനകൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും സിനിമയിലെ മുതിർന്നവർ കരുതുന്നു. നടി ആക്രമിക്കപ്പെട്ട ശേഷമാണ് ഇത്തരം പ്രസ്താവനകൾ കൂടുതലായി ഉണ്ടാവുന്നത്. നടിമാർ അവരവരുടെ നിലയിൽ നിന്ന് പെരുമാറിയാൽ മതിയെന്നാണ് മലയാളത്തിലെ പുരുഷ കേസരികളുടെ അഭിപ്രായം. ഏതായാലും പാർവതിയുടെ പ്രതികരണത്തിൽ തീർത്തും അത്യപ്തനാണ് മമ്മൂട്ടി.
അതിനിടെ പ്രശസ്ത കഥാക്യത്ത് എൻ.എസ്.മാധവൻ മമ്മുട്ടിക്ക് വേണ്ടി രംഗത്തെത്തി. സിനിമയിലെ ഡയലോഗുകൾ എഴുതുന്നത് മമ്മൂട്ടിയല്ല തിരക്കഥാകൃത്താണെന്ന വാസ്തവം എൻഎസ് മാധവൻ തുറന്നു പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥാകൃത്തായ രഞ്ജി പണിക്കരുടെ മകൻ നിഥിനെ വെറുതെ വിട്ട ശേഷം മമ്മൂട്ടിക്ക് മേൽ കുതിര കയറുന്നതെന്തിനാണെന്നും എൻ എസ് മാധവൻ ചോദിച്ചു.
അതിനിടെ പോലീസ് അറസ്റ്റ് ചെയ്ത പ്രിന്റോക്ക് കസബയുടെ നിർമ്മാതാവ് ജോബി ജോർജ് ജോലി വാഗ്ദാനം ചെയ്തു. ഇന്ത്യ, ഓസ്ട്രേലിയ, ദുബായ്, യു.കെ എന്നിങ്ങനെ എവിടെ വേണമെങ്കിലും ജോലി നൽകാമെന്നാണ് ഓഫർ. പിന്നീട് പ്രിൻറോയുമായി ഫോണിൽ സംസാരിച്ച നിർമ്മാതാവ് തന്റെ വാഗ്ദാനം ആവർത്തിക്കുകയും ചെയ്തു. വടക്കാഞ്ചേരി സ്വദേശിയാണ് പ്രിന്റോ. ഇയാൾക്ക് ശേഷം റോജിൻ ചാക്കോ എന്ന യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
മമ്മൂട്ടിക്ക് വേണ്ടി സർക്കാരിൽ കരുക്കൾ നീക്കുന്നത് ജോൺ ബ്രിട്ടാസാണ്. കൈരളിയുടെ ചെയർമാനായിരിക്കാൻ മമ്മൂട്ടി പ്രതിഫലം പറ്റുന്നില്ല. അദ്ദേഹം തിരുനന്തപുരത്ത് വരുന്നത് പോലും സ്വന്തം ചെലവിലാണ്. അങ്ങനെയുള്ള ഒരാളെയാണ് ബുദ്ധിമുട്ടിക്കുന്നത്. വിഷയത്തിൽ ഉന്നതതല ഇടപെടൽ തന്നെയാണ് ഉണ്ടായിരിക്കുന്നത്. അതേ സമയം പാവപ്പെട്ടവർ പരാതി നൽകുമ്പോൾ അവരെ കൊല്ലാൻ നിൽക്കുന്ന പോലീസ് പാർവതിക്ക് വേണ്ടി കൈയും മെയ്യും മറന്നാണ് രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha


























