ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള റിപ്പോര്‍ട്ട് ചെയ്തു മടങ്ങുമ്പോൾ മാധ്യമപ്രവര്‍ത്തകന്‍ സോണി എം ഭട്ടതിരിപ്പാടിനു സംഭവിച്ചതെന്ത്...?

മാധ്യമപ്രവര്‍ത്തകന്‍ സോണി എം ഭട്ടതിരിപ്പാടിന്റെ തിരോധാനത്തിൽ പ്രധാനമന്ത്രി ഇടപെടുന്നു. 2008ല്‍ ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള റിപ്പോര്‍ട്ട് ചെയ്തു മടങ്ങുമ്പോഴാണ് ഇന്ത്യാവിഷന്‍ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായിരുന്ന സോണി എം ഭട്ടതിരിപ്പാടിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.
തിരോധാനത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഗോവ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. രഞ്ജിത്ത് ഗോപാലകൃഷ്ണന്‍ എന്നയാള്‍ നരേന്ദ്രമോദിക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അടിയന്തിര ഇടപെടലുണ്ടായിരിക്കുന്നത്.
തിരോധാനത്തെ കുറിച്ചുള്ള പരാതി സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയ ശേഷം ആ വിവരം പരാതിക്കാരനായ രഞ്ജിത്തിനേയും പ്രധാനമന്ത്രിയുടെ ഓഫീസിനേയും മൂന്നാഴ്ചയ്ക്കുള്ളില്‍ അറിയിക്കാനാണ് നിര്‍ദേശം.
2008ല്‍ ആണ് സോണി നയിച്ച ഇന്ത്യാവിഷന്‍ സംഘം ഗോവയിലേക്കു ചലച്ചിത്രമേളയ്ക്കായി പോയത്. എന്നാൽ അവിടെ വച്ച് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട അദ്ദേഹം മംഗലാപുരത്ത് ചികിത്സ തേടിയിരുന്നു. ആശുപത്രിയില്‍ നിന്നു നാട്ടിലേക്കു മടങ്ങും വഴി ട്രെയിനില്‍ വച്ച് കൂടെയുണ്ടായിരുന്ന ഭാര്യാപിതാവ് ഗണപതി നമ്പൂതിരിയോട് ടോയിലറ്റിൽ പോയി ഉടന്‍ തിരിച്ചു വരാമെന്നു പറഞ്ഞു പോയ അദ്ദേഹത്തെ പിന്നെ കാണാതാവുകയായിരുന്നു.
2008 നവംബര്‍ 23ന് ഗോവയിലേക്കു തിരിച്ച സോണിയെ ഡിസംബര്‍ എട്ടിനാണ് കാണാതാകുന്നത്. തുടർന്ന് അദ്ദേഹത്തിനെ പറ്റിയുള്ള വിവരങ്ങൾക്കായി കൂട്ടുകാർ ചേർന്ന് ഒരു കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. പോലീസിലും ക്രൈംബ്രാഞ്ചിലും പരാതി നല്‍കിയെങ്കിലും അന്വേഷണങ്ങള്‍ എങ്ങുമെത്തിയില്ല.
https://www.facebook.com/Malayalivartha


























