ജിഷ്ണു പ്രണോയി ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം

പാമ്പാടി നെഹ്റു എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായ ജിഷ്ണു പ്രണോയി ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം. കോളജ് ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ ജിഷ്ണുവിനെ കണ്ടെത്തുകയായിരുന്നു. 2017 ജനുവരി ആറിനാണ് ജിഷ്ണുവിനെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പരീക്ഷാ ഹാളില്‍ നിന്നും കോപ്പിയടിച്ചെന്ന ആരോപണത്തിൽ എക്സാമിനര്‍ കൂട്ടിക്കൊണ്ടുപോയ ജിഷ്ണുവിനെ ശേഷം സഹപാഠികള്‍ കണ്ടത് തൂങ്ങിനില്‍ക്കുന്ന നിലയിലാണ്. വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജിഷ്ണു മരണപ്പെട്ടിരുന്നു. കോപ്പിയടിച്ചെന്നാരോപിച്ചു കോളജ് അധികൃതരെടുത്ത നടപടികളെ തുടര്‍ന്ന് മാനസിക വിഷമത്താൽ ജിഷ്ണു ആത്മഹത്യ ചെയ്തെന്നായിരുന്നു പ്രാഥമിക നിഗമനം .
എന്നാല്‍ പിന്നീട് ജിഷ്ണുവിനെ കൊലപ്പെടുത്തിയതാണെന്ന ആരോപണമുണ്ടായി. ദിവസങ്ങള്‍ പിന്നിട്ടതോടെ ഈ ആരോപണം ശക്തിപ്പെട്ടു.എന്നാല്‍ നെഹ്റു കോളേജിനകത്തെ ഇടിമുറിയുംഅവിടെനിന്നും കണ്ടെത്തിയ രക്തക്കറയും ജിഷ്ണുവിനെ കൊലപ്പെടുത്തിയതാണെന്ന ആരോപണങ്ങൾക്ക് വഴിവച്ചു. ഇതിനെ തുടർന്ന് കേരളമൊട്ടാകെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.
പ്രതിഷേധത്തിന്റെ ഫലമായി എസ്‌എഫ്‌ഐ പാമ്പാടി നെഹ്റു കോളേജിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമാവുകയും കോളേജ് അടിച്ചുതകര്‍ക്കപ്പെടുകയും ചെയ്തു. ഇതോടെ കോളജ് അനിശ്ചിത കാലത്തേക്കു അടച്ചു. ജിഷ്ണുവിന്‍റെ മരണത്തിന് കാരണക്കാരയവരെ അറസ്റ്റു ചെയ്യണമെന്നും കുറ്റാരോപിതരായവരെ കോളജില്‍ നിന്നു പുറത്താക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥിയുവജനപ്രസ്ഥാനങ്ങള്‍ പ്രക്ഷോഭം ശക്തമാക്കി. തുടര്‍ന്ന് ജില്ല കകളക്ടറുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിൽ ജിഷ്ണുവിന്‍െറ മരണം വിശദമായി അന്വേഷിക്കാന്‍ തീരുമാനമായി.
പക്ഷെ കോളേജ് അധികൃതര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കാതിരുന്നതിനെ തുടർന്ന് ജിഷ്ണുവിന്‍റെ അമ്മ മഹിജയും അച്ഛന്‍ അശോകനും സമര രംഗത്തിറങ്ങി. ഡിജിപിയെ കാണാന്‍ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തെത്തിയ ഇവരെ പൊലീസ് തടയുകയും മര്‍ദ്ദിക്കുകയും ചെയ്തത് വന്‍പ്രതിഷേധത്തിനിടയാക്കി .
തുടര്‍ന്ന് കേസന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ കേസ് ഏറ്റെടുക്കാന്‍ സിബിഐ തയ്യാറായില്ല .തുടർന്ന് സുപ്രീം കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സിബിഐ കേസ് ഏറ്റെടുത്തെങ്കിലും അന്വേഷണം ഇന്നും പാതിവഴിയിലാണ്.
https://www.facebook.com/Malayalivartha


























