കലോത്സവവേദിയില്‍ രാഹുല്‍ എന്ന പത്താംക്ലാസുകാരന്‍ സങ്കടം അടക്കിപിടിച്ച് മത്സരത്തില്‍ പങ്കെടുത്തെങ്കിലും ഫലമറിയാന്‍ കാത്തുനില്‍ക്കാതെ വേദി വിട്ടിറങ്ങി, അമ്മയ്‌ക്കൊപ്പം വേദിയിലെത്തണമെന്നായിരുന്ന അവന്റെ ഏറ്റവും വലിയ ആഗ്രഹം, പക്ഷെ വിധി മറ്റൊന്നായിരുന്നു...

കലോത്സവവേദിയില്‍ നിന്ന് മത്സരഫലമറിയാന്‍ കാത്ത് നില്‍ക്കാതെ മടങ്ങുകയാണ് രാഹുല്‍ എന്ന പത്താംക്ലാസുകാരന്‍. ആദ്യമായി മകന്‍ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്നത് കാണാന്‍ തൃശൂര്‍ക്ക് വരാന്‍ ഒരുങ്ങിയ അമ്മയെ രണ്ടുദിവസത്തിനു മുമ്പാണ് മരണം തട്ടിയെടുത്തത്. പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള വയനാട് നൂല്‍പ്പുഴ രാജീവ് ഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പത്താം ക്‌ളാസ് വിദ്യാര്‍ത്ഥി രാഹുല്‍ നാടന്‍പാട്ടു മത്സരം കഴിഞ്ഞ ഉടന്‍ തന്നെ വേദി വിട്ടിറങ്ങി. മനക്കണ്ണില്‍ ചിരിക്കുന്ന അവ്വയുടെ മുഖം... അമ്മയെ അങ്ങനെയാണ് അവന്‍ വിളിക്കാറുള്ളത്. മുറുക്കാന്‍കറ പതിഞ്ഞ പല്ലുകള്‍ പുറത്തുകാട്ടി അവ്വ ചിരിക്കുന്നു. മുത്തേ നന്നായി പാടി. അവ്വ കേട്ടു... അങ്ങകലെ നൂല്‍പ്പുഴയുടെ കാട്ടുമണ്ണിലെ എരിയുന്ന ചിതയില്‍ സങ്കടക്കാറ്റ് വീശി... രാഹുലിന് പോകാതിരിക്കാന്‍ വയ്യ.
കലോത്സവത്തിനൊരുങ്ങുന്നതിനിടയില്‍ പെട്ടെന്നാണ് രാഹുലിന്റെ അമ്മ ഷീജയ്ക്ക് നെഞ്ച് വേദന തുടങ്ങിയത്. കാട്ടുപ്രദേശമല്ലേ. ആശുപത്രിയിലെത്താന്‍ വൈകി. വെള്ളിയാഴ്ച സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായ ഉടനെ കാട്ട്‌നായ്ക്കര്‍ കോളനിയിലെ കല്ലൂര്‍കുന്ന് വീട്ടില്‍നിന്നും അമര്‍ത്തിപ്പിടിച്ച തേങ്ങലുമായി പുറപ്പെടുകയായിരുന്നു രാഹുല്‍.
യാത്ര ചോദിക്കുമ്പോള്‍ അച്ഛന്‍ രാജുവും അനിയന്‍ രാജേഷും അനിയത്തി രാഹിതയും കരയാതിരിക്കാന്‍ പാടുപെട്ടു. വേദിയില്‍ വിങ്ങിപ്പിടയുന്ന മനസ്സുമായി അവന്‍ ജോഡ്മറ കൊട്ടി. പെണ്‍കുട്ടികള്‍ മണ്ണിന്റെ മക്കളുടെ പാട്ടു പാടി' ലാലോലാലോ കാമട്ടികേ..'. ദമ്പടെയും ബുരുഡെയും ഗജെയും കൊട്ടി മറ്റുള്ളവര്‍ താളം പിടിച്ചു. പാട്ട് തീര്‍ന്നപ്പോഴും അവന്‍ കണ്ണടച്ചുപിടിച്ചു.
ഏറെ നേരം. മുന്നിലെ സദസ്സിലെവിടെയോ അവന്റെ അവ്വയുണ്ട്. മനക്കണ്ണില്‍ കാണുകയായിരുന്നു അവന്‍. ചിരിക്കുന്ന അവ്വ... കണ്‍തുറന്നതും അതുവരെ കടിച്ചുപിടിച്ച തേങ്ങലൊരു പൊട്ടിക്കരച്ചിലായി. കൂട്ടുകാരുടെ സാന്ത്വനം. തലോടല്‍. ആശ്വാസവാക്കുകള്‍. ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല അവന്‍. ചിതയിലെ ചൂടണയും മുമ്പ് അമ്മമണം ഒരിക്കല്‍ കൂടി അറിയാന്‍ അവന്‍ ഉടന്‍ തന്നെ വേദിവിട്ടു.
https://www.facebook.com/Malayalivartha


























