ഗുരുതരമായി കുത്തിപരിക്കേല്‍പ്പിച്ച ശേഷം കിണറ്റില്‍ തള്ളിയിട്ടു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് പുകയുന്നു

മുക്കത്ത് കൊലപാതക ശ്രമത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട് കാരാളിപറമ്പ് സ്വദേശി പാറപ്പുറത്ത് രമേശിനെ (42) യാണ് വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ ഇന്ന് രാവിലെ കണ്ടത്.
രമേശിനെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു. ഇതോടെ വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് വിട്ടില്‍ നിന്ന് 100 മീറ്റര്‍ മാറി പറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ സെപ്റ്റംബര്‍ 13ന് പുലര്‍ച്ചെയാണ് രമേശനെ ഗുരുതരമായി കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം തൊട്ടടുത്ത കിണറില്‍ തള്ളിയത്. ജീവിതത്തിനും മരണത്തിനുമിടയില്‍ മണിക്കൂറുകള്‍ കഴിച്ചുകൂട്ടിയ രമേശന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഏറെ നാളത്തെ ചികിത്സക്ക് ശേഷം സുഖം പ്രാപിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് രമേശന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബന്ധുക്കളും അയല്‍ക്കാരുമുള്‍പ്പെടെഅഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇത് പോലീസ് ചമച്ച കള്ളക്കേസാണന്ന ആരോപണവുമായി പിടിയിലായവരുടെ രക്ഷിതാക്കളും രംഗത്തുവന്നു.
തുടക്കം മുതല്‍ തന്നെ ഏറെ ദുരൂഹതയുള്ള ഈ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും വിജിലന്‍സിനും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ പരാതി നല്‍കാന്‍ ഒരുങ്ങുന്നതിനിടെയാണ് രമേശനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെ കേസുമായി ബന്ധപ്പെട്ട ദുരൂഹതയും തുടരുകയാണ്. രമേശന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് പോലീസ് ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























