'എന്തും ചെയ്യാന്‍ അധികാരമുള്ളവരല്ല പോലീസ്';പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

മോശമായി പെരുമാറുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമ പ്രകാരമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ മാത്രം അധികാരമുള്ളവരാണു പോലീസ്. എന്തും ചെയ്യാന്‍ അധികാരമുള്ളവരല്ല പോലീസുകാരെന്ന ഓര്‍മ വേണമെന്നു പിണറായി കൊല്ലത്തു സിറ്റി പോലീസ് സംഘടിപ്പിച്ച പരിപാടിയില്‍ പറഞ്ഞു.
പോലീസിനു പോലീസിന്റേതായ രീതികള്‍ പ്രകടിപ്പിക്കാനാണു സ്വാഭാവികമായി താല്‍പര്യമുണ്ടാവുക. രണ്ടു തെറി പറയുക, പറ്റുമെങ്കില്‍ നാലു ചാര്‍ത്തിക്കൊടുക്കുക ഇങ്ങനെയെല്ലാമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ തങ്ങള്‍ക്കെന്തോ അവകാശമുണ്ട് എന്നു പണ്ടുപണ്ടേ നമ്മുടെ നാട്ടില്‍ പോലീസ് ധരിച്ചു വച്ചിരിക്കുകയാണ്.
എന്നാല്‍ കാലം മാറി. പോലീസും മാറി. എന്നാലും താന്‍ മാറില്ല എന്നു ചിന്തിക്കുന്ന ചിലര്‍ നമ്മുടെ കൂടെയുണ്ട്. അവരോടായി പറയുകയാണ്. ആ രീതി ഉപേക്ഷിക്കാന്‍ തയാറാകണം. ഇല്ലെങ്കില്‍ കടുത്ത അച്ചടക്ക നടപടിക്ക് ഇരയാകേണ്ടി വരും - മുഖ്യമന്ത്രി പറഞ്ഞു.
ക്രമവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ പോലീസിന് ഇടപെടാം. അതിനുള്ള അധികാരവും അവകാശവും പോലീസിനുണ്ട്. എന്നാല്‍ ക്രമവിരുദ്ധമായി പ്രവര്‍ത്തിച്ച ഒരാളുടെ നേര്‍ക്ക് ക്രമവിരുദ്ധമായി ഇടപെടാന്‍ പോലീസിന് അധികാരമുണ്ടോ? സാധാരണ നിലയിലുള്ള ചടങ്ങള്‍ക്കു വിരുദ്ധമായി ഇടപെടാന്‍ പോലീസിന് അധികാരമുണ്ടോ. അങ്ങനെ ഇടപെടുന്ന ചില ആളുകള്‍ പോലീസിലുണ്ട്. ജാഗ്രത എപ്പോഴും കരുതണം. അല്ലെങ്കില്‍ ഉള്ള പേരും മോശമാകും. ഭാവിക്കും തകരാറു സംഭവിക്കും. ഒരു ദുഷ്പേരു സമ്ബാദിച്ചു സര്‍വീസില്‍ തുടരുകയല്ലല്ലോ വേണ്ടത്.
ഇന്നലെ ജില്ലയില്‍ പ്രാദേശിക ഡിവൈഎഫ്‌ഐ നേതാവിനെ പോലീസ് മര്‍ദിച്ചെന്ന പരാതിയുയര്‍ന്ന സാഹചര്യത്തില്‍ക്കൂടിയായിരുന്നു മുഖ്യമന്ത്രിയുടെ രൂക്ഷമായ പ്രതികരണം. കൊല്ലത്തെ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ കേസന്വേഷണം നടക്കുന്നതിനാല്‍ കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം സിറ്റി പോലീസ് ഓഫിസിനു ലഭിച്ച ഐഎസ്‌ഒ സര്‍ട്ടിഫിക്കറ്റ് കൈമാറുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
https://www.facebook.com/Malayalivartha


























