ഈസ്റ്റര്‍ കാലത്ത് അഞ്ച് ദിവസം തീര്‍ത്ഥാടനം അനുവദിക്കുമെന്ന് വനംമന്ത്രി; കുരിശ് കൊണ്ടുപോകാന്‍ അനുവദിക്കില്ല, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ല, മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം അന്തിമതീരുമാനമെന്ന് അതിരൂപത

ബോണക്കാട് കുരിശുമലയില്‍ കുരിശ് പുന:സ്ഥാപിക്കാന്‍ വിശ്വാസികള്‍ എത്തിയതിനെ തുര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ച് ലത്തീന്‍ അഥിരൂപത നാളെ നടത്താനിരുന്ന ഉപവാസ സമരം മാറ്റിവെച്ചു. വനംമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനമെന്ന് തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് സൂസപാക്യം അറിയിച്ചു. ആരുടെയും ആരാധനാസ്വാതന്ത്ര്യം ലംഘിക്കില്ലെന്ന് വനംമന്ത്രി കെ. രാജു അറിയിച്ചു. അതേസമയം പ്രദേശത്ത് നിര്‍മാണപ്രവര്‍ത്തനങ്ങളോ, കുരിശുമായി പോകാനോ അനുവദിക്കില്ല. ലോകത്തെമ്പാടുമുള്ള വനംനിയമങ്ങളുടെ സംഘനമാണത്. വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ വിശ്വാസികള്‍ ആരാധന നടത്തുന്നുണ്ട്. അത് അനുവദിക്കും. ഈസ്റ്റര്‍ കാലത്ത് അഞ്ച് ദിവസം തീര്‍ത്ഥാടനം നടത്തുന്നുണ്ട്. അതിനും സര്‍ക്കാര്‍ എതിര് നില്‍ക്കില്ല. എന്നാല്‍ കുരിശ് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ച കുരിശുമലയിലും തുടര്‍ന്ന് വിതുരയിലും സംഘര്‍ഷമുണ്ടായത് പോലെ നാളത്തെ ഉപവാസ സമരത്തിനിടെ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞാണ് ഉപവാസ സമരം പിന്‍വലിച്ചതെന്ന് അറിയുന്നു. സമരമുറകളല്ല, സഹനസമരമാണ് സഭ നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് സൂസപാക്യം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച ശേഷം ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകും. വിശ്വാസികളുടെ വികാരം മാനിക്കാന്‍ സഭയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സി.പി.എം സമ്മേളനങ്ങളുടെ തിരക്കിലാണ്. അതിന് ശേഷം തലസ്ഥാനത്തെത്തുമ്പോള്‍ ചര്‍ച്ചനടത്തുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
ബോണക്കാട് വനഭൂമിയില്‍ കുരിശ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതി നിര്‍ദ്ദേശപ്രകാരം തല്‍സ്ഥിതി തുടരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സഭ ഇതുമായി സഹകരിക്കും. അന്തിമതീരുമാനം വരുംവരെ കാത്തിരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ബോണക്കാട് കാട്ടിനുള്ളില്‍ ഒരു പള്ളിയുണ്ട്. അവിടെ ആരാധന നടത്താന്‍ സര്‍ക്കാര്‍ അനുവദിക്കുമെന്നും വനംമന്ത്രി അറിയിച്ചു. അതേസമയം നിര്‍മാണപ്രവര്‍ത്തനങ്ങളോ, കുരിശ് കൊണ്ടുപോകാനോ കൂട്ടംകൂടി വിശ്വാസികള്‍ പോകാനോ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























