ആഹാരം കഴിക്കാനെത്തിയ ട്രാന്‍സ്‍ജെന്‍ഡറിനെ ക്രൂരമായി മർദിച്ചു; സംഭവം മലപ്പുറത്ത്

ആഹാരം കഴിക്കാനെത്തിയ ട്രാന്‍സ്‍ജെന്‍ഡറിനെ ക്രൂരമായി മർദിച്ചു. മലപ്പുറം കോട്ടയ്ക്കലിൽ ഇന്നലെയായിരുന്നു സംഭവം. ഇന്നലെ രാത്രി എട്ടുമണിക്ക് ടൗണില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ട്രാൻസ്ജെൻഡറായ ലയയും സുഹൃത്തും. അപ്പോഴാണ് ലയയുടെ വസ്ത്രധാരണത്തെക്കുറിച്ച് അയല്‍വാസിയായ ഷിഹാബ് മോശമായി പ്രതികരിച്ചത്.
താനൊരു ട്രാന്‍സ്‍ജെന്‍ഡറാണെന്നു പറഞ്ഞെങ്കിലും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ട്രാന്‍സ്‍ജെന്‍ഡറാണെങ്കില്‍ ലിംഗം കാണിക്കാനും ഇയാള്‍ ലയയോടു പറഞ്ഞു. ആണായിട്ട് ജീവിക്കാന്‍ പറ്റുമെങ്കില്‍ മാത്രം ഇവിടെ ജീവിച്ചാല്‍ മതിയെന്നും അല്ലെങ്കില്‍ ഇവിടം വിട്ട് പോകണമെന്നും ഷിഹാബുദ്ദീന്‍ ഭീക്ഷണിപ്പെടുത്തിയിട്ടുണ്ടെന്നും ലയ പറയുന്നു.
കുറച്ചു ദിവസങ്ങൾക്കു മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഷിഹാബുദ്ദീന്‍ നിർബന്ധിച്ചിരുന്നു. എന്നാൽ ലയ അതിനു സമ്മതിച്ചിരുന്നില്ല. ഇതും അയാളിൽ ദേഷ്യമുണ്ടാക്കിയിരുന്നു. നടു റോഡില്‍ വെച്ച് ആക്രമിക്കപ്പെട്ട താന്‍ ഒരു ഓട്ടോയില്‍ കയറി പൊലീസ് സ്റ്റേഷനിലേക്ക് പോയെന്നും എന്നാല്‍ പൊലീസ് സ്റ്റേഷനിലേക്ക് പോകരുതെന്ന് ആവശ്യപ്പെട്ട് ഓട്ടോക്കാരനെ ഷിഹാബുദ്ദീന്‍ ഭീക്ഷണിപ്പെടുത്തിയതായും ലയ പറയുന്നു.
ഷിഹാബുദ്ദീനെതിരെ ഇതിന് മുന്‍പ് രണ്ടു പ്രാവശ്യം കോട്ടയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ ലയ പരാതി നല്‍കിയിരുന്നു. എന്നാൽ വെള്ള പേപ്പറില്‍ പരാതി എഴുതി വാങ്ങുകയും ഫോണ്‍ നമ്പര്‍ വാങ്ങുകയും ചെയ്തതല്ലാതെ മറ്റു നടപടികളൊന്നുംതന്നെ പോലീസ് കൈക്കൊണ്ടില്ല. ഇന്നലെത്തെ ആക്രമണത്തോടെ ലയ വീണ്ടും പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അയല്‍ക്കാരനായ ഷിഹാബുദ്ദീന്‍ ഇതിനുമുൻപും തന്നെ മർദിച്ചിട്ടുണ്ടെന്ന് ലയ പറഞ്ഞു.
https://www.facebook.com/Malayalivartha


























