കായല്‍ കയ്യേറ്റം; ബെഞ്ച് മാറ്റണമെന്ന തോമസ് ചാണ്ടിയുടെ ആവശ്യം നടക്കില്ല, കേസ് വീണ്ടും ഈമാസം 11ന് പരിഗണിക്കും

മാര്‍ത്താണ്ഡം കായല്‍ കയ്യേറിയ കേസ് പരിഗണിക്കുന്ന ബെഞ്ച് മാറ്റണമെന്ന മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. മുമ്പ് പരിഗണിച്ച ആര്‍.കെ അഗര്‍വാള്‍, അഭയ് മനോഹര്‍ എന്നിവരടങ്ങുന്ന ബെഞ്ച് കേസ് പരിഗണിക്കും. ചീഫ് ജസ്റ്റിസ്റ്റ് അടങ്ങുന്ന ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ അഭിഭാഷകനായ വിവേക് തന്‍ഹയ്ക്ക് ഈ ബെഞ്ചില്‍ ഹാജരാകാന്‍ ബുദ്ധിമുട്ടാണെന്ന് കാട്ടിയാണ് തോമസ് ചാണ്ടി ഹര്‍ജി നല്‍കിയത്. കേസ് വീണ്ടും ഈമാസം 11ന് പരിഗണിക്കും. കായല്‍ കയ്യേറ്റത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തോമസ് ചാണ്ടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ നീക്കി കിട്ടുന്നതിനാണ് സുപ്രീംകോടതിയെ സമീപിച്ചത്.
തോമസ് ചാണ്ടി വയല്‍നികത്തി റോഡ് പണിതെന്ന കേസ് കഴിഞ്ഞയാഴ്ച കോട്ടയം വിജിലന്‍സ് കോടതി പരിഗണിച്ചപ്പോള്‍ അദ്ദേഹത്തിനെതിരായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അങ്ങനെ നോക്കുമ്പോള്‍ ചാണ്ടിക്ക് ഇരട്ടപ്രഹരമാണ് കിട്ടിയിരിക്കുന്നത്. സുപ്രീംകോടതിയില്‍ നിന്ന് പരാമര്‍ശം ഒഴിവാക്കി വീണ്ടും മന്ത്രിക്കസേരയിലേക്ക് മടങ്ങിവരാമെന്നായിരുന്നു ചാണ്ടിയുടെ മോഹം. വിജിലന്‍സ്കോടതി എഫ്.ഐ.ആര്‍ ഇട്ട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടതോടെ ആ മോഹം അസ്ഥാനത്തായിരിക്കുകയാണ്. കേസില്‍ ആവശ്യപ്പെട്ട രേഖകള്‍ ആലപ്പുഴ കളക്ടര്‍ നല്‍കിയില്ലെന്ന് തോമസ് ചാണ്ടിയുടെ കമ്പനിയായ വാട്ടര്‍ വേള്‍ഡ് ടൂറിസം കോടതിയെ അറിയിച്ചെങ്കിലും എല്ലാ വിവരങ്ങളും കൈമാറിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി.
കളക്ടര്‍ 15 ന് നടത്തുന്ന ഹിയറിംഗില്‍ ഹാജരാകാനും തോമസ് ചാണ്ടിക്ക് ആവശ്യമായ രേഖകള്‍ നല്‍കാനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തടനിയമം ഉള്‍പ്പെടെയാണ് തോമസ് ചാണ്ടി ലംഘിച്ചിരിക്കുന്നത്. സര്‍ക്കാരും കോടതിയും എതിരായതോടെ എന്ത് ചെയ്യണമെന്ന ആശങ്കയിലാണ് ചാണ്ടി. മന്ത്രിസ്ഥാനം രാജിവച്ചതിന് പിന്നാലെ കുവൈറ്റിലേക്ക് പറന്ന ചാണ്ടി ഇതുവരെ കുട്ടനാട്ടിലെത്തിയിട്ടില്ല. അതേസമയം എ.കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് എത്തിക്കാനുള്ള എന്‍.സി.പിയുടെ നീക്കത്തിനെതിരെ ചാണ്ടി കളിച്ചെന്നും ആക്ഷേപമുണ്ട്. എ.കെ ശശീന്ദ്രനെതിരായ പരാതി പിന്‍വലിക്കാന്‍ തയ്യാറായ മാധ്യമപ്രവര്‍ത്തക നിലപാട് മാറ്റിയത് ഇതിന്റെ ഭാഗമാണെന്നും ആക്ഷേപമുണ്ട്.
https://www.facebook.com/Malayalivartha


























