ലാവലിന്‍ കേസില്‍ ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികള്‍ സുപ്രിംകോടതി നാളെ പരിഗണിക്കും

ലാവലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നല്‍കിയ അപ്പീല്‍, കേസിലെ രണ്ടാം പ്രതി കെ ജി രാജശേഖരന്‍നായരുടെ അപ്പീല്‍ എന്നിവയ്‌ക്കൊപ്പം കേസിലെ മൂന്നാം പ്രതി ആര്‍ ശിവദാസന്‍, നാലാം പ്രതി കസ്തൂരം രംഗ അയ്യര്‍ എന്നിവരുടെ അപ്പീലുകളും നാളെ പരിഗണിക്കും.
കേസില്‍ കക്ഷി ചേര്‍ന്നുകൊണ്ട് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ നല്‍കിയ ഹര്‍ജിയും അഭിഭാഷകന്‍ കോടതിയില്‍ പരാമര്‍ശിക്കുകയുണ്ടായി. തുടര്‍ന്ന് എല്ലാ ഹര്‍ജികളും നാളെ ഒരുമിച്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. കേസില്‍ പിണറായി വിജയനെ തേടിപിടിച്ച് വേട്ടയാടുകയായിരുന്നെന്നാണ്, അദ്ദേഹത്തെ കുറ്റവിമുക്തനാക്കി ഉത്തരവിട്ട ഹൈക്കോടതി അഭിപ്രായപ്പെട്ടത്.
പിണറായി അടക്കം മൂന്നുപേരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി, കെഎസ്‌ഇബി ഉദ്യോഗസ്ഥരായ കസ്തൂരിരംഗ അയ്യരുടെയും ശിവദാസന്റെയും പേരിലുള്ള കുറ്റം നിലനില്‍ക്കുമെന്ന് വിധിച്ചിരുന്നു. ഇവര്‍ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. എന്നാൽ ഇതിനെതിരെ ഇവര്‍ അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് കനേഡിയന്‍ കമ്പനിയായ എസ്‌എന്‍സി ലാവലിനുമായി ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന് 374 കോടിയുടെ നഷ്ടമുണ്ടായെന്നതാണ് കേസ്.
https://www.facebook.com/Malayalivartha



























