വീട്ടിലേക്ക് മടങ്ങിയ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്... സംഭവം കൊല്ലം ചിന്നക്കടയിൽ

അർദ്ധ രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങിയ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിന് ദൃക്സാക്ഷിയായ ഒരാൾ വിവരം അറിയിച്ചതിനെ തുടർന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പൊലീസ് വല മുറുക്കിയതറിഞ്ഞു അക്രമികൾ വ്യാപാരിയെ വഴിയിൽ ഇറക്കി വിട്ടു.
ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ അക്രമി സംഘത്തിന്റെ വാഹനം പൊലീസ് പിടിച്ചെടുത്തു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സിനിമ രംഗങ്ങളെ വെല്ലന്ന സംഭവ പരമ്പരകൾക്ക് നഗരത്തിൽ തുടക്കം കുറിച്ചത്. ചിന്നക്കട പായിക്കടയിൽ ഇലക്ട്രിക്കൽ ഷോപ്പ് നടത്തുന്ന തങ്കശ്ശേരി തോട്ടയ്ക്കാട് ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന റോയി എന്ന മദ്ധ്യവയസ്ക്കൻ കടയടച്ചു വീട്ടിലേക്ക് ബൈക്കിൽ വരികയായിരുന്നു. ആണ്ടാമുക്കം ഭാഗത്ത് വെച്ച് ഈക്കോ വാനിലെത്തിയ ഒരു സംഘം റോയിയെ തടഞ്ഞു
നിറുത്തി ബലമായി വാഹനത്തിൽ കയറ്റി കൊണ്ടു പോയി.ഈ വിവരം ആരോ പൊലീസിനെ അറിയച്ചതിനെ തുടർന്ന് സിറ്റി പൊലീസ് കമ്മീഷണർ ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിൽ പൊലീസ് രംഗത്തിറങ്ങി.വാഹനത്തിന്റെ നമ്പർ മനസിലാക്കി ഉടമയെ പൊലീസ് ബന്ധപ്പെട്ടതിനെ തുടർന്നായിരിക്കാം ഏകദേശം പന്ത്രണ്ടരയോടെ റോയിയെ പോളയത്തോട്ടിൽ ഉപേക്ഷിച്ചു. ആ സമയം റോയി വീട്ടിൽ വിളിച്ചു വിവരം അറിയച്ചതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിനെയും കൂട്ടി പോളയത്തോട്ടിലെത്തി.
റോയിയെ കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും കൂടുതൽ കാര്യങ്ങൾ സംസാരിക്കാവുന്ന മാനസികാവസ്ഥയിലായിരുന്നില്ല അദ്ദേഹം.കമ്മീഷണറുടെ തീരുമാന പ്രകാരം പൊലീസ് റോയിയെ വീട്ടുകാർക്കൊപ്പം വിട്ടയച്ചു. ഇന്ന് പകൽ വിശദമായ മൊഴി എടുക്കും. ഡ്രൈവർ ഉൾപ്പടെ നാലു പേർ ഉണ്ടായിരുന്ന അക്രമി സംഘത്തിലെ ഒരാളെ തനിക്ക് അറിയാമെന്ന് മാത്രമാണ് റോയി പൊലീസിനോട് പറഞ്ഞത്. തട്ടി കൊണ്ടു പോകാൻ ഉപയോഗിച്ച വാൻ കുറെ കഴിഞ്ഞു പള്ളിത്തോട്ടം ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
വാഹനത്തിനുള്ളിൽ നിന്ന് കമ്പി വടി,വായ് മൂടാനുള്ള ടേപ്പ്,കയർ എന്നിവ കണ്ടെടുത്തിട്ടുണ്ട്.റോയിയെ വിജനമായ സ്ഥലത്ത് കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസ് സംശയിക്കുന്നു. വാഹന ഉടമ ഒളിവിലാണ്. പ്രതികളെ സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയില്ല.വാഹനം വെസ്റ്റ് പൊലീസിന്റെ കസ്റ്റഡിയിലാണ്, വഴിയിൽ തള്ളിയ റോയി സഞ്ചരിച്ചിരുന്ന ബൈക്കും പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























