ഇതാണ് ഷോക്ക് ട്രീറ്റ്‌മെന്റ്… വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു; മുമ്പത്തെ ബില്ലിനെക്കാള്‍ 24 ശതമാനം അധികം അടയ്‌ക്കണം

വൈദ്യുതി ബില്‍ കണ്ട് കണ്ണ് തള്ളുന്നവര്‍ക്കിതാ മറ്റൊരു ഷോക്ക് ട്രീറ്റ്‌മെന്റ് കൂടി. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 24 ശതമാനവും വ്യാവസായിക ഉപഭോക്താക്കള്‍ക്കു 10 ശതമാനവുമാണ് വര്‍ധന വരുത്തിയത്.
പ്രതിമാസം 50 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്ന എപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ ഇനി യൂണിറ്റൊന്നിന് 2.80 രൂപ നല്‍കണം. ബിപിഎല്‍ വിഭാഗ ഗാര്‍ഹിക ഉപയോക്താക്കളില്‍ 40 യൂണിറ്റിനു താഴെ ഉപയോഗിക്കുന്നവര്‍ക്കു യൂണിറ്റിന് 1.50 രൂപ നിരക്കു തുടരും. 41 യൂണിറ്റു മുതല്‍ 50 വരെ ഉപയോഗിക്കുന്ന ബിപിഎലുകാര്‍ 2.80 രൂപ നിരക്കില്‍ വൈദ്യുതി നിരക്ക് അടയ്‌ക്കണം.
40 യൂണിറ്റുവരെ ഉപയോഗിക്കുന്ന ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള സൗജന്യ നിരക്ക് 1000 വാട്ട്‌സില്‍ താഴെ കണക്ടഡ് ലോഡുള്ളവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തി.
40 യൂണിറ്റ് വരെയുള്ള എപിഎല്‍ വിഭാഗക്കാരെ കുറഞ്ഞ നിരക്കില്‍നിന്ന് ഒഴിവാക്കി. ഇതിനെത്തുടര്‍ന്ന് ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ നിലവില്‍ നല്‍കുന്നതിനേക്കാള്‍ 60 രൂപയോളം ഇനി അധികമായി അടയ്‌ക്കണം. ഇവര്‍ക്ക് ഓരോ യൂണിറ്റിനും 1.50 രൂപ എന്ന നിരക്ക് പുതിയ വര്‍ധനയോടെ 2.80 രൂപയായാണു വര്‍ധിച്ചിട്ടുള്ളത്. 51 മുതല്‍ 100 വരെ യൂണിറ്റ് വൈദ്യുതി പ്രതിമാസം ഉപയോഗിക്കുന്നവരില്‍നിന്ന് ഇനി 3.20 രൂപ വീതം ഈടാക്കും. 101 മുതല്‍ 150 വരെ യൂണിറ്റിന് 4.20 രൂപ നിരക്കിലും 151 മുതല്‍ 200 വരെ യൂണിറ്റിന് 5.80 രൂപ നിരക്കിലും ഈടാക്കും. 201 മുതല്‍ 250 വരെ യൂണിറ്റിന് ഏഴു രൂപയുമാണു നിരക്ക്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha