പ്ലസ്‌ടു കേസില്‍ സര്‍ക്കാരിന് തിരിച്ചടിയായി, അനുവദിച്ച സ്‌കൂളുകള്‍ക്ക് സ്റ്റേ

പ്ലസ്‌ടു വിഷയത്തില്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടര്‍ ശുപാര്‍ശ ചെയ്യാത്ത സ്‌കൂളുകള്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. ശിപാര്‍ശ മറികടന്ന് അനുവദിച്ച സ്‌കൂളുകളുടെയും ബാച്ചുകളുടെയും അനുമതി കോടതി താല്‌ക്കാലികമായി സ്റ്റേ ചെയ്‌തു. 104 പുതിയ പ്ലസ്‌ടു സ്‌കൂളുകളുടെ അനുമതിയാണ് ഹൈക്കോടതി സ്റ്റേ ചെയ്‌തത്.
മതിയായ സൗകര്യമില്ലാത്ത സ്‌കൂളുകള്‍ക്കും അനുമതി പാടില്ലെന്നും കോടതിയുടെ ഇടക്കാല ഉത്തരവിലുണ്ട്. സമിതി ശുപാര്‍ശ ചെയ്‌തിട്ടും മന്ത്രിസഭ ഉപസമിതി തള്ളിയ സ്‌കൂളുകള്‍ക്കും കോടതി അനുമതി നല്‍കി. പ്ലസ്‌ടു അനുവദിച്ചത് മെറിറ്റ് അടിസ്‌ഥാനമാക്കിയല്ലെന്നും കോടതി നിരീക്ഷിച്ചു.
ആദ്യം സര്‍ക്കാര്‍ സ്‌കൂള്‍, പിന്നീട് കോര്‍പറേറ്റ് മാനേജ്‌മെന്റ് എയ്‌ഡഡ് സ്‌കൂള്‍, തുടര്‍ന്ന് സിംഗിള്‍ മാനേജ്‌മെന്റ് എയ്‌ഡഡ് സ്‌കൂള്‍ എന്നീ ക്രമത്തില്‍ സ്‌കൂളുകള്‍ അനുവദിക്കാനാണ് തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍, ഈ മാനദണ്‌ഡം പാലിച്ചിട്ടില്ലെന്ന് കോടതി കണ്ടെത്തി.
അതേസമയം, ഹൈക്കോടതി വിധി പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്‌ദുറബ്ബ് പറഞ്ഞു. ഡയറക്‌ടറുടെ ശുപാര്‍ശ മറികടന്നുവെന്ന് പറയാനികില്ല. അനുകൂലമായ ഘടകങ്ങള്‍ വിധിയിലുണ്ട്. മുഖ്യമന്ത്രിയുമായും എജിയുമായും വിശദമായി ചര്‍ച്ച ചെയ്യും. വിധി സീറ്റു കിട്ടാത്ത വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, വിധിയെക്കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ആരോപണം ശരിവയ്‌ക്കുന്നതാണ് കോടതി ഉത്തരവെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി രാജിവയ്‌ക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha