വിദേശത്തുള്ള മക്കൾ വൃദ്ധയായ അമ്മയെ നോക്കാൻ ഒരാളെ നിയമിച്ചു; ഭക്തനായി അഭിനയിച്ച ഇയാൾ വൃദ്ധയുടെ എ.ടി.എം കാർഡ് ഉപയോഗിച്ച് തട്ടിയത് ലക്ഷങ്ങൾ

വൃദ്ധയായ അമ്മയെ നോക്കാൻ വിദേശത്തുള്ള മക്കൾ ഒരു സ്വകാര്യ ഏജൻസിവഴി മോഹൻ എന്നൊരാളെ നിയമിച്ചു. നല്ലവനായി ചമഞ്ഞ് ഇയാൾ വൃദ്ധയിൽ നിന്നും തട്ടിയത് 12.5ലക്ഷം രൂപ. തുടർന്ന് മക്കൾ പരാതി നൽകുകയും ഒളിവിലായ ഇയാളെ തച്ചോട്ടുകാവിൽ നിന്ന് പോലീസ് പിടികൂടുകയും ചെയ്തു. സംഭവത്തിൽ കട്ടയ്ക്കൽ വീട്ടിൽ മോഹനാണ് പിടിയിലായത്. മോഷ്ടിച്ച പണംകൊണ്ട് ഇയാൾ വിലസിനടക്കവെയാണ് പിടിയിലാകുന്നത്. 12.5 ലക്ഷത്തിൽ 7.5 ലക്ഷവും ഇയാൾ ചെലവഴിച്ചു കഴിഞ്ഞു. ബാക്കി 5 ലക്ഷം പൊലീസ് കണ്ടെടുക്കുകയും ചെയ്തു.
മോഹന് വൃദ്ധയുടെ വീട്ടിൽ സർവസ്വാതന്ത്ര്യമായിരുന്നു. ഭക്തനായി അഭിനയിച്ച് വിവിധ ക്ഷേത്രങ്ങളിൽപോയി വഴിപാടുകഴിച്ച് പ്രസാദവുമായി എത്തുന്ന ഇയാളെ വൃദ്ധ അതിരറ്റ് വിശ്വസിച്ചു. അങ്ങനെയാണ് എ.ടി. എം കാർഡുവരെ കൈക്കലാക്കാൻ കഴിഞ്ഞത്. വൃദ്ധയുടെ എ.ടി.എം കാർഡ് ഉപയോഗിച്ച് പല സമയങ്ങളിലായി വിവിധ എ.ടി.എമ്മുകളിൽ നിന്ന് ഇയാൾ തുക തട്ടുകയായിരുന്നു. വീട്ടിലെ സിസി ടി വി ഓഫ് ചെയ്തിട്ടാണ് എ.ടി.എം കാർഡ് കൈക്കലാക്കിയത്. തുക പിൻവലിക്കുമ്പോൾ ബാങ്കിൽനിന്ന് വൃദ്ധയുടെ മൊബൈലിൽ എത്തിയ മെസേജുകൾ ഇയാൾ ഡിലീറ്റ് ചെയ്തിരുന്നു. എ.ടി.എം ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇയാളെ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha























