ഗ്രേസി അനുസരണക്കാരിയാണ് മനുഷ്യരുമായി അടുപ്പമുള്ളതിനാല്‍ അവള്‍ കൂട്ടിലേക്കു ചാടിയയാളെ ഉപദ്രവിക്കാതെ അകന്നുമാറി... സിംഹക്കൂട്ടില്‍ ചാടിയ സന്ദര്‍ശകനെ രക്ഷിക്കാന്‍ ജീവന്‍ പണയംവെച്ച ജീവനക്കാര്‍ക്ക് വകുപ്പുമന്ത്രിയുടെ പാരിതോഷികം

തിരുവനന്തപുരം മൃഗശാലയിലെ സിംഹക്കൂട്ടില്‍ ചാടിയ സന്ദര്‍ശകനെ രക്ഷിക്കാന്‍ ജീവന്‍ പണയംവെച്ച് കൂട്ടിലിറങ്ങിയ ദിവസവേതനക്കാരായ ജീവനക്കാര്‍ക്ക് വകുപ്പുമന്ത്രിയുടെ പാരിതോഷികം. ഓരോരുത്തര്‍ക്കും ആയിരം രൂപ വീതം പാരിതോഷികമായി നല്‍കാനാണ് തീരുമാനം. ഒന്‍പതു പേരാണ് മുരുകന്റെ ജീവന്‍ രക്ഷിക്കാന്‍ സിംഹക്കൂട്ടിലിറങ്ങിയത്. കീപ്പര്‍മാരായ ബിജു, സജി, ഷൈജു, മധു, അല്‍ഷാദ, അരുണ്‍, ഉദയലാല്‍, രാജീവ്, കിരണ്‍ എന്നിവര്‍ക്കാണ് മന്ത്രി പാരിതോഷികം പ്രഖ്യാപിച്ചത്.
മുരുകന്‍ സിംഹത്തിന്റെ തുറന്ന കൂട്ടിലേക്ക് ചാടിയെന്ന് അറിയിപ്പു കിട്ടിയതോടെ കീപ്പര്‍മാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഒരുങ്ങി. മൃഗശാലാ ഡയറക്ടറുടേയും സൂപ്രണ്ടിന്റെയും അനുവാദത്തോടെ അവര്‍ കൂട്ടിലേക്കിറങ്ങി. ഇരുന്പു കൂട്ടില്‍ നിന്നും തുറന്ന കൂട്ടിലേക്ക് ഗ്രേസി എന്ന സിംഹത്തെ മാത്രമാണ് തുറന്നു വിട്ടിരുന്നത്. അതിനാല്‍ മുരുകനെ വേഗത്തില്‍ രക്ഷപ്പെടുത്തി പുറത്തെത്തിക്കാനായെന്ന് ഇവര്‍ പറയുന്നു.
കഴിഞ്ഞ ഞായറാഴ്ച ഒറ്റപ്പാലം പാലപ്പുറത്തുനിന്നു കാണാതായ മുരുകന്‍. മാനസികാസ്വാസ്ഥ്യമുള്ള മുരുകനെ കാണാനില്ലെന്നു ബന്ധുക്കള്‍ പാലക്കാടുള്ള സൈബർ സെല്ലില്‍ പരാതി നല്‍കിയിരുന്നു. കാണാതായെന്നു കാട്ടി മുരുകന്റെ ഫോട്ടോ അടക്കം പത്രങ്ങളില്‍ പരസ്യവും നല്‍കിയിരുന്നു. ഞെട്ടലോടെയാണു നാരായണന്‍ അനുജനെ തിരിച്ചറിഞ്ഞത്. മൃഗശാലയിലെത്തിയ ഒറ്റപ്പാലം സ്വദേശി മുരുകന്‍ (30) സിംഹക്കൂട്ടിലേക്കു ചാടിയെങ്കിലും അകന്നുമാറിയ പെണ്‍സിംഹത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച ഇയാളെ മൃഗശാലാ ജീവനക്കാര്‍ പിന്നാലെ ചാടി പുറത്തെത്തിച്ചു.
ഇന്നലെ രാവിലെ പതിനൊന്നോടെയാണു സിംഹങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന തുറന്ന കൂട്ടിലേക്കു ചാടിയത്. കമ്ബിവേലിയും അരമതിലും കടന്ന് പതിനഞ്ചടിയോളം ആഴമുള്ള കിടങ്ങിലേക്കുള്ള ചാട്ടത്തില്‍ കാലൊടിഞ്ഞ ഇയാള്‍ ഇഴഞ്ഞാണ് ഗ്രേസി എന്ന രണ്ടുവയസുകാരി സിംഹത്തിന്റെ അടുത്തേക്കു പോയത്. കമ്ബിക്കൂട്ടില്‍നിന്നു ഗ്രേസിയെ മാത്രമാണു തുറന്നുവിട്ടിരുന്നത്. സന്ദര്‍ശകരുടെ ബഹളം കേട്ട് മൃഗശാലാ ജീവനക്കാരെത്തി മുരുകനെ പുറത്തെടുത്തു. കൂട്ടില്‍നിന്നു രക്ഷിച്ചെടുക്കുമ്പോൾ ഇയാള്‍ എതിര്‍പ്പു പ്രകടിപ്പിച്ചു.
കാണാതായ മുരുകനുവേണ്ടി സൈബര്‍ പോലീസ് മൊെബെല്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷണം സജീവമാക്കിയിരുന്നു. ഇതിലൂടെ മുരുകന്‍ തിരുവനന്തപുരത്തുണ്ടെന്നു കണ്ടെത്തി. വിവരം ബന്ധുക്കളെയും തിരുവനന്തപുരത്തെ പോലീസ് കണ്‍ട്രോള്‍ റൂമിലും അറിയിച്ചു. ജേഷ്ഠന്‍ നാരായണന്റെ നേതൃത്വത്തില്‍ ബന്ധുക്കള്‍ തിരുവനന്തപുരത്തു പാഞ്ഞെത്തി അന്വേഷണത്തിലായിരുന്നു. ഇതിനിടെയാണ് മൃഗശാലയിലെ സിംഹക്കൂട്ടിലേക്കുള്ള ചാട്ടം വാര്‍ത്തയായത്.
മൃഗശാലാ ജീവനക്കാര്‍ രക്ഷപ്പെടുത്തിയ ആളുടെ ഫോട്ടോ ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടപ്പോള്‍ സാദൃശ്യം തോന്നിയ ബന്ധുക്കള്‍ അവിടേക്കു പാഞ്ഞു. അത്ഭുതകരമായിരുന്നു മൃഗശാലയിലെ പുനഃസമാഗമം. അനുജനു മാനസികാസ്വാസ്ഥ്യമുണ്ടെന്നു നാരായണന്‍ അറിയിച്ചു. സിഹക്കൂട്ടില്‍ ചാടി രക്ഷിച്ച മൃഗശാലാ ജീവനക്കാര്‍ക്കു നന്ദി പറഞ്ഞാണ് മുരുകനെയും കൊണ്ട് നാരായണന്‍ ആശുപത്രിയിലേക്കു പോയത്. ഇന്നു മുരുകനുമായി പാലക്കാട്ടേക്കു മടങ്ങും.
ഗ്രേസിയെ മാത്രമാണ് ഇരുമ്പ് കൂട്ടില്‍നിന്നു തുറന്ന പ്രദേശത്തേക്കു വിട്ടിരുന്നത്. മൃഗശാലയില്‍ത്തന്നെ ജനിച്ചുവളര്‍ന്ന ഗ്രേസി ശാന്തസ്വഭാവക്കാരിയായതു രക്ഷയായി. കുഞ്ഞായിരിക്കെത്തന്നെ മനുഷ്യരുമായി അടുപ്പമുള്ളതിനാല്‍ അവള്‍ കൂട്ടിലേക്കു ചാടിയയാളെ ഉപദ്രവിക്കാതെ അകന്നുമാറാനാണു ശ്രമിച്ചത്. ഗ്രേസി അനുസരണക്കാരിയായതിനാല്‍ മുരുകനെ രക്ഷിക്കാനിറങ്ങാന്‍ ജീവനക്കാര്‍ക്കും പേടിയുണ്ടായില്ല.
ഒപ്പമുള്ള ആയുഷ് എന്ന ആണ്‍സിംഹം ഇരുമ്പ് കൂട്ടില്‍ത്തന്നെയായിരുന്നു. ആയുഷിനെ പുറത്തുവിട്ടിരുന്നെങ്കില്‍ കഥ മാറുമായിരുന്നു. പോലീസും ഫയര്‍ഫോഴ്സുമെത്തി മുരുകനെ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. മാനസികാസ്വാസ്ഥ്യമുള്ളതിനാല്‍ ബന്ധുക്കള്‍ക്കൊപ്പം വിടാനാണു തീരുമാനം.
https://www.facebook.com/Malayalivartha























