കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം.മാണി ഒരു മുന്നണിയുടെയും ഭാഗമല്ലെങ്കിലും കേരളത്തിന്റെ വർത്തമാനകാല രാഷ്ട്രീയം നിന്നു കറങ്ങുന്നത് മാണി എന്ന ചക്രത്തെ ചുറ്റിപറ്റി

കെ.എം.മാണി യുഡിഎഫ് വിട്ടിട്ട് വർഷങ്ങളായി. അദ്ദേഹം ഏത് മുന്നണിയുടെ ഭാഗമാകുമെന്ന് ഇപ്പോൾ അദ്ദേഹത്തിനു പോലും ഉറപ്പില്ലെന്ന് വേണം കരുതാൻ. കെ എം മാണി ഇതുവരെയും മനസു തുറന്നിട്ടില്ല. അദ്ദേഹത്തിന്റെ മകനും മനസ് തുറക്കുന്നില്ല. എന്നാൽ ചെങ്ങന്നൂർ ഉപ തെരഞ്ഞടുപ്പോടെ നയം വ്യക്തമാക്കുമെന്ന് കെ.എം.മാണി അടുത്ത കാലത്ത് ഒരു ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
കെ.എം.മാണി ഇടതു മുന്നണിയുടെ ഭാഗമാകുമെന്ന് കരുതുന്നവരാണ് കേരളത്തിൽ അധികവും. കാരണം രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നീങ്ങുന്ന കോൺഗ്രസിനോട് അദ്ദേഹത്തിന് യോജിക്കാൻ ബുദ്ധിമുട്ടായിരിക്കും. ബാർ കേസ് കെട്ടി പൊക്കി തന്നെ വെള്ളത്തിലാക്കിയത് കോൺഗ്രസാണെന്ന് കെ എം മാണിക്കറിയാം. അന്ന് ബാർ കേസ് ഉണ്ടായില്ലായിരുന്നെങ്കിൽ ഇടതു പിന്തുണയിൽ മാണി കേരളത്തന്റെ മുഖ്യ മന്ത്രിയാകുമായിരുന്നു. മാണിയുടെ മുഖ്യമന്ത്രി പദം തകർക്കാനുള്ള ആയുധമായിരുന്നു ബാർക്കോഴ.
കോൺഗ്രസാകട്ടെ തീർത്തും പ്രതിസന്ധിയിലാണ്. ഷുഹൈബ് വധം ആണ് ആലസ്യത്തിലായിരുന്ന പാർട്ടിയെ അല്പമെങ്കിലും ഉണർത്തിയത്. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പാർട്ടിക്ക് മുന്നോട്ട് പോകാൻ സാധിക്കുന്നില്ല. എം എം ഹസന്റെ നേതൃത്വത്തിൽ ഹസന് പോലും വിശ്വാസമില്ല.
വീരൻ പോയിട്ട് ഒരു ഇലയനക്കം പോലും കോൺഗ്രസിൽ ഉണ്ടാകാത്തത് നേതൃത്വം ദുർബലമായതുകൊണ്ടാണ്. കെ എം മാണിയെ തിരികെ വിളിക്കാൻ ചെന്നിത്തലക്ക് താത്പര്യമില്ല. ഇക്കാര്യത്തിൽ കോൺഗ്രസ് വിമുഖത കാണിക്കുന്നത് ഇടത് മുന്നണിയെ സഹായിക്കും.
സി പി ഐ യുടെ എതിർപ്പ് സി പി എം കാര്യമാക്കില്ല. കെ എം മാണിയെ ഒപ്പം കൂട്ടിയാലും സി പി ഐ ഒരിടത്തും പോകില്ലെന്ന് പിണറായിക്കും കോടിയേരിക്കുമറിയാം. അതിനുള്ള ചെറുപ്പം കാനത്തിന്റെ പാർട്ടിക്കില്ല. പി ജെ ജോസഫ് എൽഡിഎഫ് വിട്ട് യുഡിഎഫിലെത്തിയതു പോലെയായിരിക്കും ഇത്.
ത്യശൂരിൽ കാനത്തിനൊപ്പം വേദി പങ്കിടുന്ന മാണി അവിടെ എന്തു പറയും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നഖം മുതൽ മുടി വരെ അടിമുടി മാന്യനായ കെ എം മാണി സ്വാഭാവികമായി കാനത്തെ കാണുന്ന മാത്രയിൽ കെട്ടിപിടിക്കും. വന്ദ്യവയോധികനായ കെ എം മാണിയെ കാനത്തിന് പിടിച്ചു തള്ളാൻ കഴിയില്ല. അദ്ദേഹത്തിന്റെ സ്നേഹപ്രകടനത്തോട് പ്രതികരിക്കാതിരുന്നാൽ കാനം സംസ്കാരമില്ലാത്തയാളാണെന്ന് കാനത്തെ കുറിച്ച് വ്യാഖ്യാനിക്കും.
വി എസിനെ അദ്ദേഹത്തിന്റെ മക്കൾ പോലും ഗൗരവമായെടുക്കാത്ത സാഹചര്യത്തിൽ വി എസിന്റ ഗീർവാണങ്ങൾക്ക് ഒരു പ്രതികരണവും ആരിൽ നിന്നും ഉണ്ടാവുകയില്ല. ഏതായാലും തൃശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനം സി പി എമ്മിനു വേണ്ടിയാണോ അതോ കെ എം മാണിക്ക് വേണ്ടിയാണോ നടത്തുന്നതെന്ന സംശയം ബാക്കിയാവുന്നു.
https://www.facebook.com/Malayalivartha























