തൃശ്ശൂരിൽ ചുവപ്പിന്റെ പൂരത്തിന് തിരി തെളിഞ്ഞപ്പോൾ കണ്ണൂരിൽ നിന്ന് വരുന്നത് അക്രമവും ബോംബേറും...

തൃശ്ശൂരിൽ ചുവപ്പിന്റെ പൂരത്തിന് തിരി തെളിഞ്ഞപ്പോൾ കണ്ണൂരിൽ നിന്ന് വരുന്ന വാർത്ത മറ്റൊന്ന്. പാര്‍ട്ടി ഓഫീസുകളും വീടുകളും തകര്‍ക്കുന്നു. ബോംബേറും രൂക്ഷമാകുന്നു. കഴിഞ്ഞദിവസം മുതല്‍ വളപട്ടണം സ്റ്റേഷന്‍ പരിധിയില്‍ അഴീക്കോടും സമീപപ്രദേശങ്ങളിലും നടക്കുന്ന അക്രമങ്ങള്‍ക്ക് ശമനമില്ല. ഇന്ന് പുലര്‍ച്ചെയോടെ അഴീക്കോട് തെക്കുംഭാഗത്തെ സി.പി.എം ബ്രാഞ്ച് ഓഫീസിനു നേരെ ബോംബേറുണ്ടായി. ആളപായമില്ല. കാപ്പിലെ പീടികയിലെ സി.പി.എം നിയന്ത്രണത്തിലുള്ള ക്ലബ്ബ് ഒരു സംഘം ആള്‍ക്കാര്‍ ചേര്‍ന്ന് അടിച്ച് തകര്‍ത്തു. എ.കെ.ജി വായനാശാലയാണ് ഇന്ന് പുലര്‍ച്ചെയോടെ എത്തിയ സംഘം അടിച്ചുതകര്‍ത്തത്.
സംഭവത്തില്‍ മുന്‍വശത്തെ വാതിലും ജനല്‍ ഗ്ലാസുകളും തകര്‍ന്നു. ഇന്നലെ രാത്രിയോടെ യുവമോര്‍ച്ച നേതാവിന്റെ വീട്ടിനു നേരെ നടന്ന ബോംബേറിന്റെ പ്രതികാരമെന്നോണമാണ് അക്രമം നടന്നതെന്ന് പൊലീസ് പറഞ്ഞു. അഴീക്കോട് കച്ചേരിപ്പാറയിലെ സുഭീഷിന്റെ വീട്ടിന് നേരെ സംഘടിച്ചെത്തിയ അക്രമികള്‍ ബോംബേറ് നടത്തുകയായിരുന്നു. സംഭവത്തില്‍ വീട്ടിന്റെ തറയുടെ ടൈല്‍സ് പോലും തകര്‍ന്നിട്ടുണ്ട്.
ഉഗ്രശേഷിയുള്ള ബോംബാണ് പ്രയോഗിച്ചതെങ്കിലും വീട്ടിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. അതേസമയം ഇന്നലെ പൂതപ്പാറയിലെ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് തകര്‍ത്ത സംഭവമാണ് പ്രദേശത്ത് അക്രമം തുടരാന്‍ ഇടയാക്കിയതെന്നാണ് ആരോപണം. അകത്ത് കടന്ന് ഉപകരണങ്ങളെല്ലാം തകര്‍ത്ത സംഘം സൗജന്യ മെഡിക്കല്‍ ക്യാമ്ബ് നടത്താന്‍ കരുതിയ മരുന്നുകളും നശിപ്പിച്ചിരുന്നു.
സംഭവത്തെ തുടര്‍ന്ന് ഇന്നലെ വളപട്ടണം സി.ഐ കൃഷ്ണന്റെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. വളപട്ടണം എസ്.ഐ രവിയുടെ നേതൃത്വത്തില്‍ സ്ഥലത്ത് ഇപ്പോള്‍ പരിശോധനയും സുരക്ഷയും കര്‍ശനമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























