'അട്ടപ്പാടിയിൽ ആദിവാസി യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവം അത്യന്തം അപലപനീയം'; കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവം അത്യന്തം അപലപനീയമാണെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനുള്ള നിർദേശം സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ''ഇത്തരം ആക്രമങ്ങൾ പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. ഒരുതരത്തിലും അംഗീകരിക്കാനുമാവില്ല. ഇതു പോലുള്ള സംഭവങ്ങൾ കേരളത്തിലുണ്ടാവുക എന്നത് നാം നേടിയ സാമൂഹ്യ-സാംസ്കാരിക മുന്നേറ്റങ്ങളെയാകെ കളങ്കപ്പെടുത്തുന്നതാണ്. ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കും''- മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
കടുകുമണ്ണ ഊരിലെ 27 വയസുകാരനായ മധുവിനെയാണ് നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നത്. മധുവിന്റെ പക്കൽ ഒരോ പാക്കറ്റ് മല്ലിപ്പൊടിയും മുളകുപൊടിയുമായിരുന്നു. ഇത് മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ മര്‍ദ്ദനം. ഉടുമുണ്ടുരിഞ്ഞ് ശരീരത്തില്‍ കെട്ടിയായിരുന്നു ക്രൂരമായി അടിച്ചത്. ഇതിന്റെ വീഡിയോയും നാട്ടുകാര്‍ പകര്‍ത്തിയിരുന്നു. സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം മധുവിനെ പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴി മധു വാഹനത്തില്‍ വച്ച് ഛർദ്ദിച്ചതോടെ പൊലീസ് മധുവിനെ അഗളി ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരിക്കുകയായിരുന്നു. മരിക്കുന്നതിന് മുന്‍പ് നാട്ടുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മധു പൊലീസിന് മൊഴി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha
























