രോഗി മരിച്ച സംഭവത്തില്‍ വ്യാജ ഡോക്ടര്‍ക്ക് 20 വര്‍ഷം തടവും പിഴയും

രോഗി മരിച്ച സംഭവത്തില്‍ വ്യാജ ഡോക്ടര്‍ക്ക് കോടതി 20 വര്‍ഷം തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം മലയ കോട്ടേജില്‍ എന്‍.എ. നൈനാനെയാണ് (65) തൊടുപുഴ അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഇടുക്കി നെടുങ്കണ്ടം കരുണ ആശുപത്രിയില്‍ 1999ലാണ് കേസിനാസ്പദമായ സംഭവം. നൈനാന്‍ ഈ ആശുപത്രിയില്‍ ഡോ. ബെഞ്ചമിന്‍ ഐസക് എന്നപേരില്‍ ആള്‍മാറാട്ടം നടത്തി ഫിസിഷ്യനായി ജോലിചെയ്യുകയായിരുന്നു. എം.ബി.ബി.എസ്, എം.ഡി ബിരുദങ്ങള്‍ ഉള്ളതായാണ് ബോര്‍ഡില്‍ എഴുതിയിരുന്നത്. നെഞ്ചുവേദനയുമായി ആശുപത്രിയില്‍ എത്തിയ നെടുങ്കണ്ടം കുതിരക്കോളനി വാകത്താനത്ത് താഴത്തുവീട്ടില്‍ കരുണാകരന്‍ പിള്ളയാണ് (68) മരിച്ചത്.
ഇതിനുപിന്നാലെ ഇതേ ആശുപത്രിയില്‍ ചികിത്സക്കെത്തിയ മെഡിക്കല്‍ ബിരുദധാരിയായ മറ്റൊരാളും മരിച്ചു. മരണ വിവരമറിഞ്ഞ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ഏതാനും ഡോക്ടര്‍മാര്‍ ആശുപത്രിയിലെത്തി കേസ് ഷീറ്റ് വിശദമായി പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.
വിശദ ചോദ്യംചെയ്യലില്‍ പതറിയ വ്യാജ ഡോക്ടര്‍ക്ക് അടിസ്ഥാനയോഗ്യതകള്‍ പോലും ഇല്ലെന്ന് പിന്നീട് നെടുങ്കണ്ടം സി.ഐയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ ബോധ്യമായി.
https://www.facebook.com/Malayalivartha
























