കേരളമേ ശിരസ്സ് താഴുന്നു! ചോദിക്കാനും പറയാനുമില്ലാത്തവരോട് എന്തുമാകാമല്ലോ... ക്രൂരമായ കയ്യാങ്കളിയ്ക്കിടയിലും കാലൻ സെൽഫി

ഉടുമുണ്ടുരിഞ്ഞ് ശരീരത്തില്‍ കെട്ടി മാനസികാസ്വാസ്ഥ്യമുള്ള ഒരു പാവം ആദിവാസി യുവാവിനെ തല്ലി ചതച്ചപ്പോഴും മലയാളികൾക്ക് സെൽഫി പകർത്താനായിരുന്നു തിടുക്കം. മനസാക്ഷി മരവിച്ചുനടക്കുന്ന മലയാളി സമൂഹത്തിന്റെ ഉദ്ദാഹരണമാണ് ഈ കാഴ്ചകൾ. ക്രൂരതകൾ പകർത്തി അത് വൈറലാക്കാതെ അന്നം ഇറങ്ങാത്ത ചില മനുഷ്യരുടെ നേർകാഴ്ചയാണിത്. വൈറൽ സംസ്ക്കാരം സിരകളിൽ ഒഴുകുന്നതിന്റെ പരിണിതഫലം അനുഭവിക്കുന്നത് ചോദിക്കാനും പറയാനും ആരുമില്ലാത്ത ചില പാവം മനുഷ്യരാണ്. അല്ലെങ്കിലും ഉന്നതരോടൊന്നും ഏറ്റുമുട്ടാൻ ആരും മുതിരാറില്ലല്ലോ.
കള്ളനെന്ന് ആരോപിച്ച് നാട്ടുകാര്‍ തല്ലിക്കൊന്നത് മാനസികാസ്വസ്ഥ്യമുള്ള കടുകുമണ്ണ ഊരിലെ 27 വയസുകാരനായ മധുവിനെയാണ്. മധുവിന്റെ പക്കൽ ഒരോ പാക്കറ്റ് മല്ലിപ്പൊടിയും മുളകുപൊടിയുമായിരുന്നു. ഇത് മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ മര്‍ദ്ദനം. ഉടുമുണ്ടുരിഞ്ഞ് ശരീരത്തില്‍ കെട്ടിയായിരുന്നു ക്രൂരമായി അടിച്ചത്. സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം മധുവിനെ പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴി മധു വാഹനത്തില്‍ വച്ച് ഛർദ്ദിച്ചതോടെ പൊലീസ് മധുവിനെ അഗളി ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരിക്കുകയായിരുന്നു. മരിക്കുന്നതിന് മുന്‍പ് നാട്ടുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മധു പൊലീസിന് മൊഴി നല്‍കിയിരുന്നു.
യുവാവിനെ മർദ്ദിക്കുന്നതിന്റെ വീഡിയോയും നാട്ടുകാര്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സെഫിയെടുത്തവർ തന്നെ കുടുങ്ങിയിരിക്കുകയാണ്. യുവാവ് മരിച്ച സംഭവത്തില്‍ 15 പേര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. അസ്വഭാവിക മരണത്തിനാണ് കേസെടുത്തത്. സാമൂഹ്യമാധ്യമങ്ങളിലൂടെ സംഭവത്തില്‍ വന്‍ പ്രതിഷേധം ആളിക്കത്തുകയാണ്. അഗളിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന യുവാവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പുറത്തെടുക്കാനാകാതെ ആശുപത്രി പരിസരത്ത് ബന്ധുക്കളുടെയും, ആദിവാസികളുടെയും പ്രതിഷേധം ആളിക്കത്തുകയാണ്. യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്നതും ചോദ്യം ചെയ്തതും നാട്ടുകാര്‍ സെല്‍ഫി എടുത്തും, ദൃശ്യങ്ങള്‍ പകര്‍ത്തിയും ആഘോഷിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്തതിലും വൻ പ്രതിഷേധമുയരുന്നു.
https://www.facebook.com/Malayalivartha
























