മനുഷ്യരെ ഭയമുള്ള രോഗം മധുവിനെ മാനസിക രോഗിയാക്കി... കാടുകയറാനുണ്ടായ ആ ഭയം ഒടുവിൽ ജീവനെടുത്തപ്പോൾ കേരളം ഒന്നാകെ തല താഴ്ത്തി... ആദിവാസികളുടെയും പ്രതിഷേധം ആളിക്കത്തുമ്പോൾ കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് പേരെ കസ്‌റ്റഡിയിലെടുത്ത് പോലീസ്

അട്ടപ്പാടിയിൽ ആദിവാസി യുവാവ് നാട്ടുകാരുടെ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ ഏഴ് പേരെ കസ്റ്റഡിയിലെടുത്തു. ഹുസൈൻ, അബ്ദുൽ കരീം,ഉബൈൈദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. എന്നാൽ ബാക്കിയുള്ളവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മധുവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങളിൽ ഉള്ളവരാണ് കസ്റ്റഡിയിലുള്ളതെന്ന് പാലക്കാട് എസ്.പി സൂചന നൽകി.
അതേസമയം, സംഭവത്തിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ പൊലീസ് കേസെടുത്തു. നടക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നായിരുന്നു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ പ്രതികരണം. മോഷ്ടാവെന്ന് ആരോപിച്ച് പിടികൂടിയെങ്കിൽ അദ്ദേഹത്തെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു വേണ്ടത്. ജനക്കൂട്ടം നിയമം കൈയ്യിലെടുക്കരുതായിരുന്നു. കേസിന്റെ അന്വേഷണ ചുമതല തൃശൂർ ഐ.ജിക്കാണ്.
കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം മോഷ്ടാവെന്ന് ആരോപിച്ച് ജനക്കൂട്ടം പിടികൂടി പൊലീസിൽ ഏൽപ്പിച്ച മധുവെന്ന ആദിവാസി യുവാവാണ് മരിച്ചത്. കടുകുമണ്ണ ഊരിലെ മൂപ്പന്റെ സഹോദരിയുടെ മകനാണ് മധു. മനുഷ്യരെ ഭയമുള്ള മാനസിക രോഗം അവനിലുണ്ടായിരുന്നെന്ന് പറയപ്പെടുമ്പോഴും മധുവിന്റെ കാലനായി എത്തിയതും മനുഷ്യർ തന്നെയായിരുന്നു. ആ ഭയമൂലം കാടുകയറി കുറ്റിക്കാട്ടിലും പുഴക്കരയിലും കല്ലുഗുഹയിലുംതാമസിച്ചു. വിശപ്പ് സഹിക്കാൻ പറ്റാതാകുമ്പോൾ മാത്രം നാട്ടിൽ വരും.
അങ്ങനെയുള്ള മധുവിനെയാണ് പ്രദേശത്തെ കടകളിൽ നിന്ന് അരിയും ഭക്ഷണ സാധനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ച് താമസ സ്ഥലമായ മല്ലീശ്വര മുടിയുടെ താഴ്വരയിൽ നിന്നാണ് നാട്ടുകാർ പിടികൂടിയത്. പിടികൂടിയതിന് പിന്നാലെ മർദ്ദനവും തുടങ്ങി. ഉടുമുണ്ടുരിഞ്ഞ് ശരീരത്തിൽ കെട്ടിയായിരുന്നു മർദ്ദനം.
സംഭവമറിഞ്ഞ് പൊലീസെത്തുമ്പോൾ മരത്തിൽ കെട്ടിയിട്ട നിലയിലായിരുന്നു മധു. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകും വഴി തന്നെ മധു അസ്വസ്ഥതകൾ കാണിക്കാൻ തുടങ്ങി. ഇതിനിടെ ഛർദ്ദിച്ച് അവശനിലയിലായ മധുവിനെ കോട്ടത്തറ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചെന്ന് പൊലീസ് പറഞ്ഞു. അഗളിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന യുവാവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പുറത്തെടുക്കാനാകാതെ ആശുപത്രി പരിസരത്ത് ബന്ധുക്കളുടെയും, ആദിവാസികളുടെയും പ്രതിഷേധം ആളിക്കത്തുകയാണ്.
https://www.facebook.com/Malayalivartha
























