സി.പി.ഐയ്ക്ക് പിന്നാലെ വി.എസും ഇടഞ്ഞു; കെ.എം മാണിയെ സ്വീകരിക്കാന്‍ എടുത്ത ആലവട്ടവും വെഞ്ചാമരവും പിണറായി മടക്കി

കെ.എം മാണിയുടെ എല്‍.ഡി.എഫ് പ്രവേശനം വൈകും. മുന്നണി വിപുലീകരണം മുന്നണിക്ക് വിടാന്‍ തൃശൂരില്‍ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനം തീരുമാനിച്ചതോടെയാണിത്. സമ്മേളനം നടക്കുമ്പോള്‍ ഇക്കാര്യത്തില്‍ എടുത്ത് ചാടി തീരുമാനം വേണ്ടെന്നാണ് സംസ്ഥാന നേതാക്കളുടെ തീരുമാനം. ഇതോടെ കേരളാ കോണ്‍ഗ്രസിനെ മുന്നണിയില്‍ എടുക്കണ്ടെന്ന തങ്ങളുടെ തീരുമാനത്തെ പരോക്ഷമായി സി.പി.എം പിന്തുണയ്ക്കുകയാണ് എന്ന വിലയിരുത്തലാണ് അനിയന്‍ ബാവയായ സി.പി.ഐ. മാണിയെ മുന്നണിയിലെടുക്കരുതെന്ന് വി.എസ് കേന്ദ്രകമ്മിറ്റിക്ക് കത്ത് നല്‍കിയതോടെയാണ് തീരുമാനം മരവിപ്പിച്ചതെന്നാണ് സി.പി.എം നേതാക്കള്‍ നല്‍കുന്ന സൂചന. സമ്മേളന സമയത്ത് മുന്നണിക്കുള്ളില്‍ പ്രശ്‌നങ്ങളുണ്ടാക്കണ്ട എന്ന വിലയിരുത്തലും നേതാക്കള്‍ക്കിടയിലുണ്ടായി. കണ്ണൂരിലെ ഷുഹൈബ് വധത്തിലുള്‍പ്പെടെ പാര്‍ട്ടി പ്രതിരോധത്തിലായ സാഹചര്യമാണുള്ളത്.
കെ.എം മാണിക്ക് കോട്ടയം പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ സ്വാധീനമുണ്ടെങ്കിലും ക്രിസ്ത്യന്‍ വിഭാഗം മുഴുവന്‍ കേരളാ കോണ്‍ഗ്രസിനൊപ്പം അല്ലെന്നാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിലെ ചിലര്‍ ചര്‍ച്ചകളില്‍ ചൂണ്ടിക്കാട്ടി. തെക്കന്‍ കേരളത്തില്‍ പലയിടത്തും സി.പി.ഐയ്ക്ക് നിര്‍ണായ സ്വാധീനമുണ്ട്. അതിനാല്‍ പിണക്കേണ്ടെന്നും നിര്‍ദ്ദേശം ഉയര്‍ന്നു. പിണറായി വിജയന്‍ മാണിയെ കൊണ്ടുവരണമെന്ന ശക്തമായ നിലപാടിലാണ്. ഇത് മുന്‍കൂട്ടി കണ്ട് സി.പി.ഐ കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. അത് കൂടി കണക്കിലെടുത്താണ് തീരുമാനത്തില്‍ നിന്ന് പിന്നോട്ട് വലിഞ്ഞത്. മുമ്പ് സി.പി.ഐ കോണ്‍ഗ്രസിനൊപ്പം നിന്ന പത്ത് കൊല്ലം സി.പി.എമ്മിന് സെക്രട്ടറിയേറ്റിനുള്ളില്‍ പ്രവേശിക്കാനിയിട്ടില്ല.
ഇപ്പോഴത്തെ ദേശീയ രാഷ്ട്രീയ സാഹചര്യമനുസരിച്ച് ഇടത്പാര്‍ട്ടികളെല്ലാം ഒരുമിച്ച് നില്‍ക്കണമെന്നാണ് സി.പി.എം ദേശീയനേതൃത്വം ആഗ്രഹിക്കുന്നത്. ആ നിലയ്ക്ക് സി.പി.ഐയുമായി കേരളത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്നത് ശരിയല്ല. ഫോര്‍വേഡ് ബ്‌ളോക്ക് പോലുള്ള ഇടത് പാര്‍ട്ടികള്‍ ബംഗാളില്‍ സി.പി.എമ്മിനൊപ്പമാണ്. കേരളത്തിലവര്‍ യു.ഡി.എഫിനൊപ്പവും. ഇത്തരത്തിലുള്ള വിരുദ്ധനിലപാട് സി.പി.ഐ സ്വീകരിച്ചാല്‍ ദേശീയതലത്തിലുള്ള ഇടത്‌ഐക്യത്തെ ബാധിക്കുമെന്നും സി.പി.എം കേന്ദ്രനേതൃത്വം വിലയിരുത്തുന്നു.
https://www.facebook.com/Malayalivartha
























