വീട്ടമ്മയെ തലക്കടിച്ചു വീഴ്ത്തി മൂന്ന് പവന്റെ സ്വര്‍ണമാല കവര്‍ന്നു

വീട്ടമ്മയെ തലക്കടിച്ചു വീഴ്ത്തി താലിമാലയടക്കം മൂന്ന് പവനും പണവും കവര്‍ന്നു. നെടുമങ്ങാട് ഉളിയൂര്‍ അനിഴത്തില്‍ മിനി(26)യെയാണ് ബുധനാഴ്ച രാത്രി എട്ടുമണിയോടെ തലയ്ക്കടിച്ചുവീഴ്ത്തിയാണ് കവര്‍ച്ച നടത്തിയത്. ഗള്‍ഫില്‍ നിന്നും വ്യാഴാഴ്ച പുലര്‍ച്ചേ നാട്ടില്‍ വരുന്ന മിനിയുടെ ഭര്‍ത്താവ് വിമലിനെ വിമാനത്താവളത്തില്‍ നിന്ന് വിളിച്ചുകൊണ്ടുവരാനുള്ള തയാറെടുപ്പിലായിരുന്നു വീട്ടുകാര്‍. മിനിയുടെ വീടിനുസമീപമാണ് അച്ഛനും അമ്മയും താമസിക്കുന്നത്. സംഭവ ദിവസം മിനിയുടെ രണ്ടുമക്കള്‍ മാതാപിതാക്കള്‍ക്ക് ഒപ്പമായിരുന്നു. അവര്‍ രാത്രി വിമാനത്താവളത്തില്‍ പോകാനായി മിനിയെ വിളിക്കാന്‍ എത്തിയപ്പോള്‍ തലയ്ക്കടിയേക്ക് ഗുരുതര പരിക്ക് പറ്റി അബോധാവസ്ഥയിലായിരുന്നു അവര്‍. കഴുത്തില്‍ ഷാളും മുറുക്കിക്കെട്ടിയിരുന്നു.
ഉടന്‍ വീട്ടുകാര്‍ മിനിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് മാറ്റി. ബോധം വന്നപ്പോഴാണ് ആരോ തന്റെ തലയ്ക്കടിച്ച് വീഴ്ത്തിയ വിവരം മിനി പറയുന്നത്. രാത്രിയില്‍ പാത്രം കഴുകികൊണ്ടു നില്‍ക്കുമ്പോള്‍ മുറിയുടെ ഭാഗത്തെ ലൈറ്റ് അണഞ്ഞു. അത് നോക്കാന്‍ ചെന്നപ്പോഴാണ് തലയ്ക്ക് അടിയേറ്റതെന്ന് മിനി പൊലീസിന് മൊഴിനല്‍കി. കഴുത്തില്‍ അണിഞ്ഞിരുന്ന താലിമാലയും അലമാരയില്‍ സൂക്ഷിച്ചിരുന്ന ഏഴായിരം രൂപയും മറ്റ് ആഭരണങ്ങളുമാണ് മോഷണം പേയത്. പണയത്തിലിരുന്ന ആഭരണങ്ങള്‍ കഴിഞ്ഞ ദിവസമാണ് മിനി തിരിച്ചെടുത്തത്. വീട്ടില്‍ നിന്നും വേറെ എന്തൊക്കെ സാധനങ്ങള്‍ മോഷണം പോയിട്ടുണ്ടെന്ന് വ്യക്തമല്ല. പൊലീസെത്തി വിവരങ്ങള്‍ ശേഖരിച്ച് കേസെടുത്തു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും തെളിവെടുത്തു.
https://www.facebook.com/Malayalivartha
























