‘കാട്ടില്‍ നിന്നും പിടികൂടിയ മധുവിനെ കള്ളനെന്ന് പറഞ്ഞ് നാട്ടുകാര്‍ അടിക്കുകയും ചവിട്ടുകയും ചെയ്തു; കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ മൂക്കിലേക്ക് വെള്ളം ഒഴിച്ചു! മധുവിനെ കാട്ടില്‍ നിന്ന് പിടികൂടി ആരവങ്ങളോടെ കൊണ്ടുവന്നപ്പോൾ സഹോദരനെ ക്രൂരമായി ആക്രമിക്കാൻ എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തത് വനം വകുപ്പ് ഉദ്യോഗസ്ഥരെന്ന് ആരോപിച്ച് സഹോദരി

അട്ടപ്പാടിയിൽ ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദമേറ്റ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ പങ്ക് ശരിവച്ച് കൂടുതൽ മൊഴികൾ പുറത്ത്. മധുവിനെ ആക്രമിക്കാൻ എല്ലാ സഹായങ്ങളും നൽകിയത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് സഹോദരി ചന്ദ്രിക ആരോപിച്ചു. ആദിവാസികൾ അല്ലാത്ത ആരെയും കാട്ടിനകത്തേക്ക് വനപാലകർ പ്രവേശിപ്പിക്കാറില്ല. അല്ലെങ്കിൽ തിരിച്ചറിയൽ രേഖ നൽകണം. എന്നാൽ ഇതൊന്നുമില്ലാതെയാണ് ഇരുപതോളം പേരെ വനംവകുപ്പ് അധികൃതർ കാട്ടിലേക്ക് പ്രവേശിപ്പിച്ചത്. കാട്ടിൽ കയറി മധുവിനെ ജനക്കൂട്ടത്തിന് കാണിച്ച് കൊടുത്തതും വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്നും സഹോദരി ആരോപിച്ചു.
പ്രദേശത്തെ കടകളിൽ നിന്ന് അരിയും ഭക്ഷണ സാധനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ച് താമസ സ്ഥലമായ മല്ലീശ്വര മുടിയുടെ താഴ്വരയിൽ നിന്നാണ് നാട്ടുകാർ മധുവിനെ പിടികൂടിയത്. ഭക്ഷണം ഉണ്ടാക്കി കൊണ്ടിരിക്കുമ്പോഴാണ് മധുവിനെ പിടിക്കുന്നത്. ഇതിന് ശേഷം ജനക്കൂട്ടം ഇയാളെ മാരകമായി തല്ലിച്ചതച്ചു. മധുവിനെ ആരവങ്ങളോടെയാണ് കാട്ടിൽ നിന്നും കൊണ്ടുവന്നത്. ആൾക്കൂട്ടത്തിന് അകമ്പടിയായി വനംവകുപ്പിന്റെ ജീപ്പുമുണ്ടായിരുന്നു. ഉദ്യോഗസ്ഥർ നോക്കിനിൽക്കെയാണ് ക്രൂരപീഡനം നടന്നത്. അടികൊണ്ട് തളർന്ന മധു വെള്ളം ചോദിച്ചപ്പോൾ ജനക്കൂട്ടം മൂക്കിലേക്ക് വെള്ളമൊഴിച്ച് നൽകിയതായും ചന്ദ്രിക പറയുന്നു.
അടുത്തിടെ താവളത്ത് ഒരു കട കത്തിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അവ്യക്തമായ ഒരു രൂപം മാത്രമാണ് പതിഞ്ഞത്. ഇത് മധുവാണെന്ന് ആരോപിച്ച് വ്യാപാരികൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ കാട്ടിൽ കയറി മധുവിനെ പിടിച്ചു കൊണ്ടുവരാനാണ് പൊലീസ് ഇവരോട് പറഞ്ഞത്. തുടർന്നാണ് നാട്ടുകാർ കഴിഞ്ഞ ദിവസം ഉച്ചയോടെ മല്ലീശ്വര മുടിയുടെ താഴ്വരയിൽ നിന്നും മധുവിനെ പിടികൂടുന്നതെന്നും അട്ടപ്പാടി പ്രദേശത്തെ ലോക്കൽ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിൽ അവകാശപ്പെടുന്നു.
https://www.facebook.com/Malayalivartha
























