ഒരു പക്ഷെ ആദിവാസികളുടെ അത്താണിയായിരുന്ന ഡോക്ടർ ഷാനവാസ് ഇന്ന് ജീവിച്ചിരുന്നെങ്കിൽ അട്ടപ്പാടിയിലെ മധുവിന് വിശപ്പടക്കാൻ മോഷ്ടിക്കേണ്ടിവരില്ലായിരുന്നു... പരിഷ്ക്കാരികളായ മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടിലാത്ത കാലന്മാരുടെ കൈകൾ കൊണ്ട് അവന് മരിക്കേണ്ടിവരില്ലായിരുന്നു

അട്ടപ്പാടിയിലെ പുരാതന ആദിവാസി ഗോത്രസമൂഹമായ കുറുംബ വിഭാഗത്തിൽ ജനിച്ച മധുവിന്റെ ദാരുണ മരണത്തിൽ കേരളം ഞെട്ടിയപ്പോൾ ഒരു പക്ഷെ അറിയാതെ മനസ്സിൽ പറഞ്ഞുപോയ ഒരു പേരുണ്ട്... ഡോ. പി. സി. ഷാനവാസ്. അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ഒരുപക്ഷെ ''കള്ളന്‍ മധു''വെന്ന് വിളിച്ച് അവർ മധുവിന്റെ അരികിൽ എത്തില്ലായിരുന്നു. ഇന്നും തന്റെ പ്രിയപ്പെട്ടവർക്കൊപ്പം മധു കല്ല് ഗുഹയിൽ സമാധാനത്തോടെ ജീവിച്ചെനെ.
36 ആം വയസ്സിൽ ഈ ലോകത്തോട് വിടപറഞ്ഞ ഷാനവാസ് എന്ന മിടുക്കനായ ഡോക്ടർ. നിരാലംബരുടെയും നിർധനരുടെയും ഡോക്ടർ. ഒരു പക്ഷെ രോഗികളെ തേടി ആദിവാസി ഊരുകളിലും കുടിലുകളിലും പോയ മലയാളി സോഷ്യൽ മീഡിയയുടെ സ്വന്തം ഡോക്ടറായിരുന്നു. മരുന്ന് കമ്പനികൾക്കും അധികാര ദുർവിനിയോഗം ചെയ്യുന്ന മേലാളന്മാർക്കും എന്നും പേടി സ്വപ്നം ആയിരുന്ന ഈ യുവ ഡോക്ടർ മരിച്ചത് 2015 ഫെബ്രുവരി മാസം 13 ന് ആണ്.

ആദിവാസി ഊരുകളിലെ ആതുര സേവന പ്രവർത്തനങ്ങൾക്കായി മരുന്നു കമ്പനികളെ ആശ്രയിക്കാതെ സാമ്പിൾ മരുന്നുകൾ കണ്ടെത്തിയായിരുന്നു ഷാനവാസിന്റെ പ്രവർത്തനങ്ങൾ. സാമ്പിൾ മരുന്നുകൾ കമ്പനികളിൽനിന്നുള്ള ഫസ്റ്റ് ക്വാളിറ്റി മരുന്നുകളായതിനാലാണ് ഷാനവാസ് ഇത് ഉപയോഗിച്ചിരുന്നത്. മുമ്പു ജോലി ചെയ്ത ചില ആശുപത്രികളും സാമ്പിൾ മരുന്നുകൾ ഷാനവാസിനു നൽകിയിരുന്നു. ഇതിൽ പ്രകോപിതരായ മരുന്നുകമ്പനികൾ ചില രാഷ്ട്രീയ കക്ഷികളുടെ സഹായത്തോടെ ഷാനവാസിനെ പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയിലേക്ക് സ്ഥലം മാറ്റി.

2013-ൽ ചുങ്കത്തറ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടയിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയെന്ന പേരിൽ ഷാനവാസിനെതിരെ കേസ് ഉണ്ടായിരുന്നു. മദ്യപിച്ചിട്ടില്ല എന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2015 ഫെബ്രുവരി 09-ന് നിലമ്പൂർ സി.ജെ.എം. കോടതി ഷാനവാസിനെ കുറ്റവിമുക്തനാക്കി. താൻ മെഡിക്കൽ ലോബികൾക്കെതിരെ നിന്ന് പ്രവർത്തിക്കുന്നതുകൊണ്ടാണ് കള്ളക്കേസ് കെട്ടിച്ചമച്ചതെന്നാണ് ഷാനവാസ് അന്ന് ആരോപിച്ചിരുന്നു.

സർവീസിൽ പ്രവേശിച്ച് ആദ്യ മൂന്നു വർഷം തികയും മുമ്പാണ് ചട്ടങ്ങൾ ലംഘിച്ച് ഷാനവാസിന് ജില്ലാ മെഡിക്കൽ ഓഫീസർ പോലും അറിയാതെ സ്ഥലം മാറ്റിയിരുന്നത്. ഇതിനെതിരെ നിയമപ്പോരാട്ടത്തിനോരുങ്ങുകയായിരുന്ന ഡോക്ടർ ഷാനവാസ് ഫെബ്രുവരി 13 രാത്രി അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങുകയായിരുന്നു.

പല വട്ടം സോഷ്യൽ മീഡിയയിൽ തനിക്കെതിരെ എടുത്ത നടപടികളെ വിമർശിക്കുകയും കോടതിയിൽലൂടെ താൻ കുറെ വിഷയങ്ങൾ പുറത്തു കൊണ്ട് വരും എന്ന് സൂചിപ്പിക്കുകയും ചെയ്ത ഇദ്ദേഹം തനിക്ക് എന്തെങ്ങിലും സംഭവിച്ചാൽ അതിന് ഉത്തരവാദി ആരാണെന്ന് വരെ സൂചിപ്പിച്ചിരുന്നു. എന്തൊക്കെയോ അപായങ്ങൾ പ്രതീക്ഷിച്ചിരുന്ന ഇദ്ദേഹത്തിന്റെ മരണം അസ്വാഭാവികമായിരുന്നിട്ടു കൂടി വേണ്ടത്ര ജനശ്രദ്ധ നേടിയില്ല എന്ന് പറയാതെ വയ്യ.

https://www.facebook.com/Malayalivartha
























